കണ്ടില്ലെന്ന് നടിക്കാനായില്ല; പറവൂര്‍ ചാലാക്ക സ്‌കൂളിനെ ദത്തെടുത്ത് മാനാഞ്ചിറ മോഡല്‍ സ്‌കൂള്‍

പ്രളയത്തിന്റെ ആഘാതം കുട്ടികളുടെ ഉള്ളില്‍ നിന്നും മായ്ച്ചു കളയാന്‍ പാട്ടും മാജിക്കും സിനിമയും ഉണ്ട്. കൗണ്‍സിലിങ്ങും, ആരോഗ്യ ക്യാമ്പുകളും സംഘടിപ്പിക്കും
കണ്ടില്ലെന്ന് നടിക്കാനായില്ല; പറവൂര്‍ ചാലാക്ക സ്‌കൂളിനെ ദത്തെടുത്ത് മാനാഞ്ചിറ മോഡല്‍ സ്‌കൂള്‍

കോഴിക്കോട്: പറവൂരില്‍ പെരിയാറിനോട് ചേര്‍ന്നാണ് ചാലാക്ക ജിഎല്‍പി സ്‌കൂള്‍. ബെഞ്ച് മുതല്‍ പുസ്തകം വരെ പ്രളയം എടുത്തു. ഇവിടുത്തെ അവസ്ഥയ്ക്ക് നേരെ കണ്ണടയ്ക്കാന്‍ അവര്‍ തയ്യാറായില്ല. ഇനി ചാലാക്ക സ്‌കൂള്‍ കോഴിക്കോട് മാനാഞ്ചിറ ഗവ ടിടിഐ മോഡല്‍ സ്‌കൂളിന്റെ ദത്തുപുത്രന്‍. 

ഒരു വര്‍ഷത്തേക്കാണ് ദത്തെടുക്കുന്നത്. ആദ്യ പടിയായി ബാഗും, കുടയും, മറ്റ് പടനോപകരണങ്ങളും നല്‍കും. പ്രളയത്തിന്റെ ആഘാതം കുട്ടികളുടെ ഉള്ളില്‍ നിന്നും മായ്ച്ചു കളയാന്‍ പാട്ടും മാജിക്കും സിനിമയും ഉണ്ട്. കൗണ്‍സിലിങ്ങും, ആരോഗ്യ ക്യാമ്പുകളും സംഘടിപ്പിക്കും.

എറണാകുളത്തെ പല സ്‌കൂളുകളും ശുചിയാക്കാന്‍ കോഴിക്കോട്ട് നിന്നുമുള്ള അധ്യാപകര്‍ എത്തിയിരുന്നു. അങ്ങിനെയാണ് സ്‌കൂളുകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഇവര്‍ മനസിലാക്കിയത്. ചാലക്ക സ്‌കൂളിനെ ദത്തെടുക്കുന്നതോടെ ആദ്യ ഘട്ടത്തില്‍ രണ്ടര ലക്ഷം രൂപയോളം ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

മാസത്തില്‍ രണ്ട് തവണ ചാലക്കയിലേക്ക് കോഴിക്കോട് നിന്നുമുള്ള അധ്യാപക സംഘം എത്തും. 105 കുട്ടികളാണ് ചാലാക്ക സ്‌കൂളിലുള്ളത്. മാനാഞ്ചിറ മോഡല്‍ സ്‌കൂളിലെ പല കുട്ടികളും പ്രളയത്തിന്റെ ഇരകളാണ്. വീട് നഷ്ടമായവരും ഈ കൂട്ടത്തിലുണ്ട്. എന്നാല്‍ ചാലാക്ക സ്‌കൂളിലെ കൂട്ടുകാര്‍ക്ക് കൈത്താങ്ങ് ആവുന്നതിന് വേണ്ടി അതെല്ലാം അവര്‍ മറക്കുകയാണ്..

സന്നദ്ധ സംഘടനകളുടെ കൂടി പിന്തുണയോടെ വേഗത്തില്‍ സഹായം എത്തിക്കാനാണ് പദ്ധതി. ഡിഡിഇ ഇ.കെ.സുരേഷ് കുമാറാണ് പദ്ധതിയുടെ മുഖ്യ രക്ഷാധികാരി. പ്രധാന അധ്യാപികയുടെ ചുമതലയുള്ള മിനു.ജെ.പിള്ള, പിടിഎ പ്രസിഡന്റ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com