ജനങ്ങളെ വിഭജിച്ച് കലാപമുണ്ടാക്കാന്‍ ശ്രമിച്ചു; അര്‍ണബ് ഗോസ്വാമിക്ക് എതിരെ സിപിഎം നേതാവിന്റെ പത്തുകോടിയുടെ മാനനഷ്ടക്കേസ്

പ്രളയകാലത്ത് ചാനല്‍ ചര്‍ച്ചയിലൂടെ മലയാളി സമൂഹത്തെ അപമാനിച്ച മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിക്ക് എതിരെ വക്കീല്‍നോട്ടീസ്.
ജനങ്ങളെ വിഭജിച്ച് കലാപമുണ്ടാക്കാന്‍ ശ്രമിച്ചു; അര്‍ണബ് ഗോസ്വാമിക്ക് എതിരെ സിപിഎം നേതാവിന്റെ പത്തുകോടിയുടെ മാനനഷ്ടക്കേസ്

കൊച്ചി: പ്രളയകാലത്ത് ചാനല്‍ ചര്‍ച്ചയിലൂടെ മലയാളി സമൂഹത്തെ അപമാനിച്ച മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിക്ക് എതിരെ വക്കീല്‍നോട്ടീസ്. അര്‍ണബ് മാപ്പു പറയണമെന്നും മാനനഷ്ടമായി പത്തു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നുമാവശ്യപ്പെട്ട് സിപിഎം നേതാവ് പി.ശശിയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മലയാളികളെ അപമാനിക്കാനും ജനങ്ങളെ വിഭജിച്ച് കലാപമുണ്ടാക്കാനുമാണ് ഗേസ്വാമി ശ്രമിച്ചതെന്ന് അദ്ദേഹം നോട്ടീസില്‍ ആരോപിച്ചു. 

രാജ്യത്തിനെതിരെ മറ്റിടങ്ങളില്‍ നിന്ന് പണം വാങ്ങി പ്രവര്‍ത്തിക്കുന്ന സംഘമാണ് മലയാളികള്‍ എന്നായിരുന്നു അര്‍ണബിന്റെ പരാമര്‍ശം. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലുളള വിമര്‍ശനമല്ല അദ്ദേഹം നടത്തിയതെന്നും നോട്ടീസില്‍ പറയുന്നു. മലയാളിയെന്ന നിലയില്‍ താനും അപമാനിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് മാനനഷ്ടക്കേസ് നല്‍കിയതെന്ന് പി.ശശി പറഞ്ഞു. 

അപമാനകരമായ വാര്‍ത്ത സംപ്രേഷണം ചെയ്ത അതേ പ്രാധാന്യത്തോടെ അര്‍ണബ് മാപ്പപേക്ഷ നടത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇല്ലങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് പി.ശശി പറഞ്ഞു. പീപ്പിള്‍ ലോ ഫൗണ്ടേഷന്‍ അധ്യക്ഷനെന്ന നിലയിലാണ് അദ്ദേഹം ഹര്‍ജി നല്‍കിയത്.

പ്രളയക്കെടുതി നേരിടാന്‍ യുഎഇ അടക്കമുള്ള വിദേശ രാജ്യങ്ങളുടെ സഹായ വാഗ്ദാനം കേന്ദ്രസര്‍ക്കാര്‍ നിരസിച്ചിരുന്നു. ഇതിനെപ്പറ്റിയുള്ള ചര്‍ച്ചയിലായിരുന്നു അര്‍ണബ് ഗോസ്വാമിയുടെ പരാമര്‍ശമുണ്ടായത്. കേരള ജനതയെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്ന പരാമര്‍ശത്തിന് എതിരെ രൂക്ഷ വിമര്‍ശനമാണ് മലയാളികളുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നുവന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com