നാട് പ്രളയത്തില്‍ മുങ്ങിയപ്പോള്‍ ജീപ്പുമായി പൂജാരി, സ്വന്തം വീട് മുങ്ങിയപ്പോഴും ആയിരങ്ങള്‍ക്ക് രക്ഷകനായി

മാനവസേവയാണ് ഏറ്റവും വലിയ പുണ്യം എന്ന പക്ഷക്കാരനായ പാര്‍ത്ഥ സാരഥി 20 ദിവസം രക്ഷാപ്രവര്‍ത്തനത്തിന് മുന്നിലുണ്ടായിരുന്നു
നാട് പ്രളയത്തില്‍ മുങ്ങിയപ്പോള്‍ ജീപ്പുമായി പൂജാരി, സ്വന്തം വീട് മുങ്ങിയപ്പോഴും ആയിരങ്ങള്‍ക്ക് രക്ഷകനായി

അങ്കമാലി: പ്രളയത്തില്‍ സ്വന്തം വീട് മുങ്ങി. പക്ഷേ ആയിരങ്ങളെ കൈപിടിച്ച് കരകയറ്റുന്നതില്‍ നിന്നും അതൊന്നും പൂജാരിയായ പാര്‍ത്ഥ സാരഥി നമ്പൂതിരിക്ക് തടസമായില്ല. പ്രളയം സമ്മാനിച്ചത് നഷ്ടങ്ങള്‍ മാത്രം. പക്ഷേ മാനവസേവയാണ് ഏറ്റവും വലിയ പുണ്യം എന്ന പക്ഷക്കാരനായ പാര്‍ത്ഥ സാരഥി 20 ദിവസം രക്ഷാപ്രവര്‍ത്തനത്തിന് മുന്നിലുണ്ടായിരുന്നു. 

രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിച്ച് വാഹനം പൂര്‍ണമായും നശിച്ചു. വെള്ളം കയറിയതോടെ ഇല്ലത്തെ സാധനങ്ങള്‍ ഇനി ഉപയോഗിക്കാന്‍ സാധിക്കാത്ത വിധത്തിലായി, പൂജ മുടങ്ങി. പക്ഷേ പാര്‍ത്ഥ സാരഥിക്ക് നിരവധി പേരെ രക്ഷിക്കാന്‍ സാധിച്ചതിന്റെ സന്തോഷമാണ്. 

ഹിമാലയന്‍ യാത്രയ്ക്ക് ഉപയോഗിക്കുന്ന ജീപ്പ് പോലെയുള്ള വാഹനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ഇദ്ദേഹം ഉപയോഗിക്കുന്നത്. ഇത് രക്ഷാപ്രവര്‍ത്തനത്തിന് ഗുണം ചെയ്തു. ആഗസ്റ്റ് ഏഴ് മുതല്‍ എറണാകുളം, തൃശൂര്‍ ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് പാര്‍ത്ഥസാരഥിയും ഉണ്ടായിരുന്നു. സ്ഥിതി ഗുരുതരമായിരുന്ന കുന്നുകര പഞ്ചായത്തിലായിരുന്നു ഏറിയ സമയവും അദ്ദേഹം രക്ഷാപ്രവര്‍ത്തനത്തിന് ഒപ്പം നിന്നത്. 

അങ്കമാലി, നെടുമ്പാശ്ശേരി മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് ചെങ്ങമനാട് എസ്.ഐ. സുധീറിന്റെ സഹായം തേടിയുള്ള ഫോണ്‍ എത്തുന്നത്. ചെറിയ തേയ്ക്കാനം, കുത്തിയതോട്, തേലത്തുരുത്ത്, അയിരൂര്‍, അമ്മണത്തുപള്ളം, വയല്‍ക്കര എന്നിവിടങ്ങളിലെല്ലാം വെള്ളത്തിലകപ്പെട്ട ആളുകളെ രക്ഷിക്കാന്‍ പാര്‍ത്ഥസാരഥി വണ്ടിയുമായി എത്തി. 

എന്നാല്‍ 16ന് പാര്‍ത്ഥസാരഥിയുടെ വീട്ടിലും വെള്ളം കയറി. വീട്ടുകാരെ തൃശൂരിലെ ഭാര്യ വീട്ടില്‍ എത്തിച്ചു. മടങ്ങുമ്പോള്‍ ചാലക്കുടിയില്‍ കുടുങ്ങി. അതോടെ ജീപ്പുമായി ചാലക്കുടി, പെരിങ്ങാവ്, കുറ്റൂര്‍ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. 

പുളിയനം മറ്റപ്പിള്ളി ക്ഷേത്രത്തിലെ പൂജാരിയാണ് കിടങ്ങൂര്‍ കണ്ടമംഗലത്ത് മനയില്‍ പാര്‍ത്ഥസാരഥി. അകത്തും പുറത്തുമെല്ലാമായി 30ളം പേരെ വാഹനത്തില്‍ ഒരുമിച്ചു കയറ്റി എല്ലാമായിരുന്നു സാഹസിക രക്ഷാപ്രവര്‍ത്തനം. തിരിച്ചെത്തി, വെള്ളം കയറിയ വീട് വൃത്തിയാക്കുകയാണ് പൂജാരി ഇപ്പോള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com