പ്രളയം മുടക്കിയ വിവാഹം നടത്താന്‍ ഹാളും, സദ്യയും സൗജന്യം; ദമ്പതിമാര്‍ക്ക് സാമ്പത്തിക സഹായവും നല്‍കി എറണാകുളം കരയോഗം

ജാതി മത ഭേദമില്ലാതെയാണ്, അവരവരുടെ ആചാര പ്രകാരം വിവാഹം നടത്താനാണ് സൗകര്യം ഒരുക്കുന്നത്
പ്രളയം മുടക്കിയ വിവാഹം നടത്താന്‍ ഹാളും, സദ്യയും സൗജന്യം; ദമ്പതിമാര്‍ക്ക് സാമ്പത്തിക സഹായവും നല്‍കി എറണാകുളം കരയോഗം

കൊച്ചി: ഇങ്ങനെയൊരു പ്രളയം മലയാളികള്‍ സ്വപ്‌നത്തില്‍ പോലും കണ്ടിരുന്നില്ല. നമ്മുടെ പദ്ധതികളെ എല്ലാം തകടിം മറിച്ചായിരുന്നു പ്രളയത്തിന്റെ വരവ്. അങ്ങിനെ പ്രളയത്തില്‍ മുങ്ങിയ കൂട്ടത്തില്‍ വിവാഹങ്ങളും ഉണ്ടായിരുന്നു. 

പ്രളയത്തെ തുടര്‍ന്ന് നിശ്ചയിച്ച സമയത്ത് വിവാഹം നടത്താന്‍ സാധിക്കാത്തവര്‍ക്ക് സഹായമാവുകയാണ് എറണാകുളം കരയോഗം. വിവാഹം നടത്തുന്നതിനായി ഹാളും, സദ്യയും സൗജന്യമായി കരയോഗം നല്‍കും. ജാതി മത ഭേദമില്ലാതെയാണ്, അവരവരുടെ ആചാര പ്രകാരം വിവാഹം നടത്താനാണ് സൗകര്യം ഒരുക്കുന്നത്.

പറവൂര്‍ സ്വദേശിയായ സുഭാഷിന്റേയും രുഗ്മയുടേയും വിവാഹം ഇങ്ങനെ കരയോഗം നടത്തി. പ്രളയത്തിനൊപ്പം  വന്നുചേര്‍ന്ന നാശനഷ്ടങ്ങളില്‍ വലയവെ നിശ്ചയിച്ച വിവാഹം നീട്ടി വയ്ക്കുകയാണ് പലര്‍ക്കും മുന്നിലുള്ള വഴി. ഇങ്ങനെയുള്ളവര്‍ക്കാണ് എറണാകുളം കരയോഗത്തിന്റെ തീരുമാനം സഹായമാകുന്നത്. വിവാഹത്തിന് ശേഷം ദമ്പതിമാര്‍ക്ക് പതിനായിരം രൂപയും കരയോഗം നല്‍കുന്നു. 

എന്തായാലും വിവാഹം മാറ്റി വയ്‌ക്കേണ്ടി വരും എന്ന അവസ്ഥയില്‍ നില്‍ക്കുമ്പോഴായിരുന്നു സുഭാഷിനും രുഗ്മയ്ക്കും എറണാകുളം കരയോഗത്തിന്റെ സഹായം എത്തുന്നത്. പ്രൊഫ.എം.കെ.സാനു, കെ.വി.തോമസ്, കെ.എല്‍.മോഹന വര്‍മ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ടിഡിഎം ഹാളില്‍ നടന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി. ജില്ലയില്‍ പ്രളയം മൂലം മുടങ്ങിപ്പോയ പരമാവധി വിവാഹങ്ങള്‍ നടത്തിക്കൊടുക്കുവാനാണ് കരയോഗത്തിന്റെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com