'മലം മണക്കുന്ന സോപ്പ്, ദുര്‍ഗന്ധം വമിക്കുന്ന പായകള്‍'; പ്രളയം തകര്‍ത്തെറിഞ്ഞ നാട്ടിലേക്ക് ജീവിതം തിരിച്ചെത്തിച്ച് കുറ്റിയാടിക്കാര്‍

എറണാകുളം ജില്ലയിലെ വെള്ളം കേറി നിറഞ്ഞ പ്രദേശങ്ങള്‍ വൃത്തിയാക്കാന്‍ പോലും ആരുമില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ നിന്ന് അറിഞ്ഞതോടെയാണ് കോഴിക്കോട്‌ കുറ്റിയാടിയില്‍ 39 പേര്‍ എത്തിയത്‌
'മലം മണക്കുന്ന സോപ്പ്, ദുര്‍ഗന്ധം വമിക്കുന്ന പായകള്‍'; പ്രളയം തകര്‍ത്തെറിഞ്ഞ നാട്ടിലേക്ക് ജീവിതം തിരിച്ചെത്തിച്ച് കുറ്റിയാടിക്കാര്‍

ചെളിനിറഞ്ഞ വഴികള്‍, വെള്ളം കയറി തകര്‍ന്ന വീടുകളും കടകളും, വീടുകളില്‍ നിന്ന് പ്രളയം വലിച്ചുകൊണ്ടുവന്ന വസ്തുക്കള്‍ വഴിനീളെ കാണാം. കോഴിക്കോട്‌ കുറ്റിയാടിയില്‍ നിന്നുള്ള ഷംസീറും കുട്ടരും പറവൂരിലെ കണിയാംതുരുത്ത് മാലോത്ത് എന്ന ഗ്രാമത്തിലെത്തുമ്പോള്‍ അതൊരു ശവപ്പറമ്പ് കണക്കെ കിടന്നു. ഇതുവരെയുണ്ടായത് എല്ലാം നഷ്ടപ്പെട്ട് ഇനി എങ്ങനെ ജീവിതത്തിലേക്ക് മടങ്ങും എന്നറിയാതെ പകച്ചുനില്‍ക്കുന്ന ഒരു ഗ്രാമം. എന്നാല്‍ കുറ്റിയാടിയിലെ ചെറുപ്പക്കാര്‍ അവിടേക്ക് ജീവിതം തിരികെ എത്തിച്ചിരിക്കുകയാണ്. അതും മൂന്ന് ദിവസത്തെ ശ്രമഫലമായി. 

എറണാകുളം ജില്ലയിലെ വെള്ളം കേറി നിറഞ്ഞ പ്രദേശങ്ങള്‍ വൃത്തിയാക്കാന്‍ പോലും ആരുമില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ നിന്ന് അറിഞ്ഞതോടെയാണ് കോഴിക്കോട്‌ കുറ്റിയാടിയില്‍ നിന്ന് ഷംസീറും 39 പേര്‍ അടങ്ങിയ ടീമും ഇവിടേക്കെത്തുന്നത്. വെറുതെ ഒരു വരവായിരുന്നില്ല അത്. എട്ട് ഇലക്ട്രീഷ്യന്‍മാരും നാല് പ്ലംബര്‍മാരും കിണര്‍ പണിയില്‍ എക്‌സ്പര്‍ച്ച് ആയിട്ടുള്ളവരും  ഈ ടീമിലുണ്ടായിരുന്നു. ഒരു നാടിന് ആവിശ്യം വേണ്ട സാധനങ്ങളും വഹിച്ചുകൊണ്ടാണ് കോഴിക്കോട്ടേ പിള്ളേര് ഇവിടേക്ക് എത്തുന്നത്. 

സുഹൃത്ത് അനീഷ് ഷംസുദ്ദീന്റെ പോസ്റ്റ് കണ്ട് ആലുവയിലെക്ക് പുറപ്പെടാനാണ് ഇവര്‍ ആദ്യം തീരുമാനിച്ചത്. എന്നാല്‍ പുറപ്പെടുന്നതിന് മുന്‍പ് ആലുവയിലേക്ക് ആളെ കിട്ടിയതായി അനീഷ് വിളിച്ചു പറഞ്ഞു. എന്നാല്‍ തങ്ങളുടെ ഉദ്യമത്തില്‍ നിന്ന് പിന്നോട്ടുപോവാന്‍ ഷംസീറും കൂട്ടരും തയാറായില്ല. സഹായങ്ങളൊന്നും ലഭിക്കാതെ കിടക്കുന്ന ഏതെങ്കിലും പ്രദേശത്തിന് കൈത്താങ്ങാവാന്‍ തന്നെ അവര്‍ തീരുമാനിച്ചു. അങ്ങനെയാണ് പറവൂരിലെ മാലോത്തിലേക്ക് ഇവര്‍ എത്തുന്നത്. 

സര്‍വ സന്നാഹവുമായാണ് കുറ്റിയാടിയില്‍ നിന്ന് ഒരു വലിയ ബസില്‍ 39 അംഗ സംഘം പുറപ്പെടുന്നത്. പെട്രോളിലും കറന്റിലും പ്രവര്‍ത്തിക്കുന്ന ഹൈസ്പീഡ് മോട്ടോര്‍ പമ്പ് സെറ്റ്, വെള്ളം അടിക്കാനുള്ള ജെറ്റര്‍ മറ്റ് ക്ലീനിങ് ഉപകരണങ്ങളും ഇവര്‍ കരുതിയിരുന്നു. ഇതിനൊപ്പം പറ്റാവുന്നിടത്തോളം ഭക്ഷണ കിറ്റുകള്‍, അത്യാവശ്യം ഒരു വീട്ടിലേക്ക് ആവശ്യമായ പാത്രങള്‍ അടങിയ കിറ്റുകള്‍, അടിവസ്ത്രങള്‍ നാപ്കിന്‍ ഒക്കെ ബസിന്റെ ഒരു പകുതിയില്‍ നിറക്കാനും മറന്നില്ല.

ഇവര്‍ മാലോത്ത് എത്തുമ്പോള്‍ അവസ്ഥ ഭീകരമായിരുന്നു. പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച പ്രദേശമായിരുന്നു ഇത്. രക്ഷാപ്രവര്‍ത്തകര്‍ പോലും ഇവിടേക്ക് ഏറ്റവും അവസാനമാണ് എത്തിയത്. പ്രളയ ജലം കയറാത്ത ഒരു വീടുപോലും പ്രദേശത്തുണ്ടായിരുന്നില്ല. പ്രദേശത്തെ അവസ്ഥ ആരുടേയും കരളലിയിക്കുന്നതായിരുന്നു എന്നാണ് ഷംസീര്‍ തന്റെ ഫേയ്‌സ്ബുക് പോസ്റ്റില്‍ പറയുന്നത്. 

ഇവര്‍ ചെല്ലുമ്പോള്‍ എന്തുചെയ്യണം എന്നുപോലും അറിയാതെ നില്‍ക്കുകയാണ് പ്രദേശവാസികള്‍. എന്നാല്‍ വളരെ പെട്ടെന്ന് കുറ്റിയാടിക്കാര്‍ തങ്ങളുടെ മിഷന്‍ ആരംഭിച്ചു. ആദ്യം 39 അംഗ ടീമിനെ വിവിധ വിഭാഗങ്ങളായി തിരിച്ചു. 500 ഓളം വീടുകളാണ് ഗ്രാമത്തിലുള്ളത്. ക്ലീന്‍ ചെയ്യേണ്ട വീടുകള്‍ തെരഞ്ഞെടുത്ത് ആദ്യം ഒരു സംഘം വീട് മുഴുവന്‍ ക്ലീന്‍ ചെയ്യും. സാധനങള്‍ ഒക്കെ പുറത്തേക്ക് എടുത്ത് ഇട്ട ശേഷമാണ് ക്‌ളീനിംഗ്. ക്ലീനിങ് പൂര്‍ത്തിയായാല്‍ അടുത്ത ടീം എത്തും. ഇവര്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കും. 

അതിനു ശേഷം കിണര്‍ വൃത്തിയാക്കാന്‍ ആളുകള്‍ എത്തും. കിണറ്റിലെ വെള്ളം മുഴുവന്‍ മോട്ടോര്‍ വെച്ച് വറ്റിച്ച ശേഷം പമ്പ് വെച്ച് കിണര്‍ കഴുകി വൃത്തിയാക്കി അവര്‍ കുടിവെള്ളം ഉറപ്പുവരുത്തും. അതിനൊപ്പം കിണറ്റിലെ മോട്ടോറും മിക്‌സിയും ഗ്രൈന്ററും ഉള്‍പ്പടെയുള്ള അവശ്യ ഉപകരണങ്ങളുടെ കേടുപാടുകളും തീര്‍ക്കും. വീട്ടിലെ പാത്രങ്ങള്‍ അടക്കം ക്ലീന്‍ ചെയ്യാനും ആളുകളെത്തും. വൃത്തിയാക്കാന്‍ പോലുമാകാതെ പാത്രങ്ങള്‍ നശിച്ചവര്‍ക്ക് പാത്രങ്ങളും ഇവര്‍ക്ക് നല്‍കി. ഒപ്പം ആവശ്യമുള്ളവര്‍ക്ക് അരിയും മറ്റ് സാധനങ്ങളും. 

എത്ര ക്ലീന്‍ ചെയ്തിട്ടും ദുര്‍ഗന്ധം പോകാത്ത രോഗികള്‍ ഒക്കെ ഉള്ള ചില ഇടത്തൊക്കെ ശരവേഗതയില്‍ ചുമരുകളില്‍ പെയിന്റിങ് പോലും ചെയ്തു കൊടുത്തു. പല വീടുകളിലും എത്ര കഴുകിയിട്ടും ദുര്‍ഗന്ധം മാറാത്ത പായകളും സോപ്പ് പോലും മലം മണക്കുന്ന അവസ്ഥയും കണ്ട് തരിച്ചിരുന്നു പോയെന്നാണ് ഷംസീര്‍ പറയുന്നത്. അതിന് പരിഹാരമായി നാട്ടിലെ മുഴുവന്‍ ആളുകള്‍ക്കും പായസമ്മാനിക്കാനും ഇവര്‍ മറന്നില്ല.

നാട്ടുകാര്‍ക്കൊപ്പം ക്യാമ്പുകളിലാണ് ഇവര്‍ കഴിഞ്ഞത്. നാട്ടുകാര്‍ക്കായി നല്ല അറേബ്യന്‍ മജുബൂസുണ്ടാക്കി നല്‍കിയും ക്യാമ്പ് സ്ഥിതിചെയ്യുന്ന പള്ളിയും പരിസരവും വൃത്തിയാക്കിയുമാണ് ഇവര്‍ മാലോത്ത് നിന്നും വിടപറഞ്ഞത്. ഒരു ഗ്രാമത്തെ മുഴുവന്‍ ജീവിതത്തിലേക്ക് കൊണ്ടുവന്ന് അവര്‍ മടങ്ങുമ്പോള്‍ റോഡിന്റെ ഇരു വശങ്ങളിലും നിന്ന് അവിടത്തെ ഗ്രാമവാസികള്‍ കൈ ഉയര്‍ത്തി നന്ദി പറയുന്നുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com