സൈന്യം വന്നാല്‍ മരണം കുറഞ്ഞേനെ, പ്രളയ കാരണം ഡാം തുറന്നതു തന്നെ; സര്‍ക്കാരിന്റേത് ഗുരുതര വീഴ്ചയെന്ന് ചെന്നിത്തല

ഡാം മേഡ് ദുരന്തമാണ് സംസ്ഥാനത്തുണ്ടായത്. ഇതിന്റെ ഉത്തരവാദികള്‍ ആരെന്നു കണ്ടെത്തുക തന്നെ വേണം
സൈന്യം വന്നാല്‍ മരണം കുറഞ്ഞേനെ, പ്രളയ കാരണം ഡാം തുറന്നതു തന്നെ; സര്‍ക്കാരിന്റേത് ഗുരുതര വീഴ്ചയെന്ന് ചെന്നിത്തല


തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കണമായിരുന്നുവെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സൈന്യത്തെ ഏല്‍പ്പിച്ചിരുന്നെങ്കില്‍ മരണസംഖ്യ കുറയ്ക്കാനാവുമായിരുന്നെന്ന് ചെന്നിത്തല പറഞ്ഞു. രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കാനാണ്, സംസ്ഥാന ഭരണം ഏല്‍പ്പിക്കാനല്ല താന്‍ നിര്‍ദേശം വച്ചതെന്ന് ചെന്നിത്തല പറഞ്ഞു. 

അണക്കെട്ടു തുറന്നുവിട്ടതാണ് പ്രളയ ദുരന്തത്തിനു കാരണമെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. ഇടുക്കി ഒഴിച്ച് ഒരിടത്തും അണക്കെട്ടു തുറക്കുന്നതില്‍ മുന്നൊരുക്കമുണ്ടായിരുന്നില്ല. ഓറഞ്ച്, അലര്‍ട്ട്, ബ്ലൂ അലര്‍ട്ട് എന്നെല്ലാം കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പുസ്തകത്തില്‍ എഴുതിവച്ചുകൊണ്ട് കാര്യമില്ല. പത്തനംതിട്ടയില്‍ രാത്രിയില്‍ ജനങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് വെള്ളം കയറിയത്. മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചു പറയുമ്പോഴാണ് കലക്ടര്‍ പോലും അറിയുന്നത്. ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കാന്‍ ചെന്ന അനൗണ്‍സ്‌മെന്റ് വാഹനങ്ങള്‍ വരെ വെള്ളത്തില്‍ മുങ്ങി. ഇതാണോ മുന്നൊരുക്കമെന്ന് ചെന്നിത്തല ചോദിച്ചു.

ജലവിഭവ വകുപ്പിന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്. വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ടു തുറന്നുവിട്ടത് കലക്ടര്‍ പോലും അറിഞ്ഞില്ല. അവിടെ മുന്നറിയിപ്പു നല്‍കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വയനാട്ടുകാരോട് എന്തുമാകാം എന്നതുകൊണ്ടാണോ ഇത്? - ചെന്നിത്തല ചോദിച്ചു.

തമിഴ്‌നാട് ഡാമുകള്‍ തുറന്നുവിട്ടതുകൊണ്ടാണ് പെരിങ്ങല്‍ക്കുത്ത് നിറഞ്ഞത്. ജലവിഭവ വകുപ്പിന്റെ വീഴ്ചയാണിത്. ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനിയറാണ് ജോയിന്റ് വാട്ടര്‍ കമ്മിഷന്‍ അധ്യക്ഷന്‍. എന്നിട്ടുപോലും യഥാസമയം തമിഴ്‌നാടിനെക്കൊണ്ട് നടപടിയെടുപ്പിക്കാന്‍ ജലവിഭവ വകുപ്പിനു കഴിഞ്ഞില്ല. പെരിങ്ങല്‍ നിറഞ്ഞുകവിഞ്ഞതോടെയാണ് ചാലക്കുടി ഒഴുകിപ്പോയത്.

ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയം നോക്കാതെ പ്രതിപക്ഷം സര്‍ക്കാരിനൊപ്പം നിന്നു. പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ഒപ്പം നില്‍ക്കും. എന്നു വച്ച് വീഴ്ചകള്‍ ചൂണ്ടിക്കാട്ടാതിരിക്കാനാവില്ല. ഡാം മേഡ് ദുരന്തമാണ് സംസ്ഥാനത്തുണ്ടായത്. ഇതിന്റെ ഉത്തരവാദികള്‍ ആരെന്നു കണ്ടെത്തുക തന്നെ വേണം. അതുകൊണ്ടാണ് പ്രതിപക്ഷം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് ചെന്നിത്തല പറഞ്ഞു. 

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ റവന്യൂ വകുപ്പ് പൂര്‍ണ പരാജയമായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും മത്സ്യത്തൊഴിലാളികളും നാട്ടുകാരുമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പരാജയപ്പെട്ടതായും ചെന്നിത്തല കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com