ചാപ്റ്റര്‍ ട്യൂഷന്‍ സെന്റര്‍ പീഢനക്കേസ്: അസ്‌കറിന് ഏഴുവര്‍ഷം കഠിനതടവ്; പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തിയത് ബയോളജി ക്ലാസിലൂടെ

അസ്‌കര്‍ പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തിയത് ബയോളജി ക്ലാസിലൂടെയായിരുന്നു. ലൈംഗികബന്ധം തെറ്റല്ലെന്ന് പറഞ്ഞാണ് പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തിയിരുന്നത്
ചാപ്റ്റര്‍ ട്യൂഷന്‍ സെന്റര്‍ പീഢനക്കേസ്: അസ്‌കറിന് ഏഴുവര്‍ഷം കഠിനതടവ്; പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തിയത് ബയോളജി ക്ലാസിലൂടെ

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് കാഞ്ഞങ്ങാട്ടെ ചാപ്റ്റര്‍ ട്യൂഷന്‍ സെന്റര്‍ പീഢനക്കേസില്‍ പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവും ,അമ്പതിനായിരം രൂപ പിഴയും ശിക്ഷ. ബല്ലാകടപ്പുറം സ്വദേശിയും,മെഡിക്കല്‍ ബിരുദധാരിയുമായ മുഹമ്മദ് അസ്‌കറിനെയാണ് കാസര്‍ഗോഡ് അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി ശിക്ഷിച്ചത്.

2012ലാണ് കേസിനാസ്പദമായ സംഭവം. ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥികളെ നടത്തിപ്പുകാരനും അധ്യാപകനായിരുന്ന അസ്‌കര്‍ പീഡിപ്പിച്ചെന്നെയിരുന്നു പരാതി. അഞ്ച് കേസുകളാണ് ആദ്യ ഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇരകളടക്കം മൊഴിമാറ്റിയതിനെ തുടര്‍ന്ന് നാലുകേസുകള്‍ ഹൈക്കോടതി തള്ളി. ഒരു വിദ്യാര്‍ത്ഥി മൊഴിയില്‍ ഉറച്ച് നിന്നു. ഈ കേസിലാണ് ശിക്ഷ വിധിച്ചത്. വിവാഹവാഗ്ദാനം നല്‍കി പ്രതി ലൈഗിംകമായി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.

അസ്‌കര്‍ പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തിയത് ബയോളജി ക്ലാസിലൂടെയായിരുന്നു. ലൈംഗികബന്ധം തെറ്റല്ലെന്ന് പറഞ്ഞാണ് പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തിയിരുന്നത്. കാഞ്ഞങ്ങാട് കേന്ദ്രമാക്കി നടത്തിയിരുന്ന ചാപ്റ്റര്‍ ട്യൂഷന്‍ സെന്ററിന്റെ മറവിലാണ് ഇയാള്‍ പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി പീഡിപ്പിച്ചിരുന്നത്.
 സമ്പന്ന കുടുംബത്തിലെ പെണ്‍കുട്ടികളെയാണ് പ്രധാനമായും ട്യൂഷന്‍ സെന്ററില്‍ വെച്ച് വലയില്‍ വീഴ്ത്തിയത്. ബയോളജി ക്ലാസില്‍ ശരീര ഭാഗങ്ങളുടെ ഘടനയും മറ്റ് കാര്യങ്ങളും വാചാലനായി സംസാരിക്കുകയും ലൈംഗിക ബന്ധം നടത്തുന്നത് തെറ്റല്ലെന്നും ധരിപ്പിച്ചാണ് പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി പീഡിപ്പിച്ചത്. സമ്പന്ന കുടുംബത്തിലം അംഗമായതിനാലും എം ബി ബി എസ് വിദ്യാര്‍ത്ഥിയായതും കൊണ്ട് പ്രണയം നടിച്ചും പെണ്‍കുട്ടിയെ അഷ്‌ക്കര്‍ തന്റെ ട്യൂഷന്‍ സെന്ററില്‍ വെച്ച് പീഡിപ്പിച്ചിരുന്നു.

പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കകണം. പിഴ തുക പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു. കേസിലെ രണ്ടാം പ്രതിയും ട്യൂഷന്‍ സെന്റര്‍ ജീവനക്കാരിയുമായ സുമയ്യയെ വെറുതെ വിട്ടു. സംഭവം നടക്കുന്ന ഘട്ടത്തില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു അസ്‌കര്‍.

13 ഓളം പെണ്‍കുട്ടികളെ പീഡിപ്പിച്ചതായാണ് സൂചനകള്‍ പുറത്തു വന്നിരുന്നതെങ്കിലും അഞ്ച് കേസുകളാണ് 2013 ല്‍ ഹൊസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഒരു പെണ്‍കുട്ടി അസംബ്ലിക്കിടെ തല കറങ്ങി വീണതോടെയാണ് പീഡന പരമ്പരയുടെ ചുരുളുകള്‍ അഴിഞ്ഞത്. ഇതേ തുടര്‍ന്ന് അഷ്‌ക്കറിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി ഇയാള്‍ സമ്മതിക്കുകയായിരുന്നു. ആരും പരാതി നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ അന്നത്തെ ഹോസ്ദുര്‍ഗ് സിഐ കെ.വി വേണുഗോപാല്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. തനിക്കെതിരെ കള്ളക്കേസെടുത്തെന്നാരോപിച്ച് അസ്‌കര്‍ ഹൈക്കോടതിയെ സമീപിച്ചു. ഇരകള്‍ മൊഴിമാറ്റിയതോടെ നാലുകേസുകള്‍ റദ്ദാക്കി. ക്രൈം ഡിറ്റാച്ച്മന്റ് ഡി.വൈ.എസ്പി പികെ രഘുരാമന് അന്വേഷണം കൈമാറി. സംഭവം നടന്ന് അഞ്ച് വര്‍ഷം പിന്നിടുമ്പോഴാണ് ശിക്ഷാ വിധി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com