ധന സമാഹരണത്തിന് വിപുല പദ്ധതി, മന്ത്രിമാര്‍ വിദേശത്തേക്ക് 

ധന സമാഹരണത്തിന് വിപുല പദ്ധതി, മന്ത്രിമാര്‍ വിദേശത്തേക്ക് 

ധന സമാഹരണമാണ് പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വെല്ലുവിളിയെന്നും എന്നാല്‍ ജനങ്ങള്‍ ഇക്കാര്യത്തില്‍ കാട്ടുന്ന താത്പര്യം മാതൃകാപരമാണെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍ തകര്‍ന്ന സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിന് വിപുലമായ വിഭവ സമാഹരണം നടത്താനുള്ള പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ധന സമാഹരണമാണ് പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വെല്ലുവിളിയെന്നും എന്നാല്‍ ജനങ്ങള്‍ ഇക്കാര്യത്തില്‍ കാട്ടുന്ന താത്പര്യം മാതൃകാപരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

പുനര്‍ നിര്‍മാണത്തിന് രാജ്യത്തിന് അകത്തും പുറത്തും നിന്ന് ധനസമാഹരണം നടത്തും. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും വിദേശ രാജ്യങ്ങളിലും ഇതിനായി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും എത്തും. മലയാളി സംഘടനകളുടെ സഹകരണവും ഇതില്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുനര്‍നിര്‍മാണത്തിന് ലോക കേരള സഭ വഴി വിഭവ സമാഹരണം നടത്തും. 

എല്ലാ ജില്ലകളിലും ദുരിതാശ്വാസ നിധി നേരിട്ടു സ്വീകരിക്കാന്‍ സംവിധാനമുണ്ടാക്കും. മന്ത്രിമാര്‍ നേരിട്ടെത്തിയാവും ഫണ്ട് സ്വീകരിക്കുക. ഇതിന് ഓരോ ജില്ലയിലും മന്ത്രിമാര്‍ക്കു ചുമതല നല്‍കി.

ചെറിയ കുട്ടികള്‍ വരെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കാനെത്തുന്നുണ്ട്. ഇത് ആവേശകരമായ അനുഭവമാണ്. ഇതില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് സംസ്ഥാനത്തെ എല്ലാ വിദ്യാലങ്ങളില്‍നിന്നു ധനസമാഹരണം നടത്തും. സെപ്റ്റംബര്‍ 11നാണ ഇതു നടക്കുക. സിബിഎസ്ഇ, ഐസിഎസ്ഇ സ്ഥാപനങ്ങളെയും പങ്കാളികളാക്കും. 

ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന നാടിനെ പുതുക്കിപ്പണിയാനാണ്. ലോകമെമ്പാടുനിന്നും ഇതിനു പ്രതികരണം ലഭിക്കുന്നുണ്ട്. പലരും കഴിവിനപ്പുറം സഹായിക്കുന്നുണ്ട്. വലിയ ആത്മവിശ്വാസമാണ് ഇതു നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓഗസ്റ്റ് 30 വരെ 1026 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ലഭിച്ചത്. 

പ്രളയത്തിനിരയായ ചെറുകിട കച്ചവടക്കാരൂടെ നാശനഷ്ടം കണക്കാക്കും. ഇവര്‍ക്കു പത്തു ലക്ഷം രൂപ വരെ വായ്പാ സഹായം ലഭ്യമാക്കാന്‍ നടപടിയെടുക്കും. 

വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിന് ഒരു ലക്ഷം രൂപ വരെ കുടുംബശ്രീ വഴി വായ്പ ലഭ്യമാക്കും. വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കും. കുടുംബശ്രീ അംഗമല്ലാത്തവര്‍ക്കു ബാങ്കുകളില്‍നിന്നു വായ്പ ലഭ്യമാക്കാന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി കരാറുണ്ടാക്കും. നാശനഷ്ടം സംഭവിച്ച വീടുകളുടെയും കടകളുടെയും വിവര ശേഖരണം ഡിജിറ്റല്‍ ആയി നടത്തും.

പുനര്‍നിര്‍മാണത്തിന് കണ്‍സള്‍ട്ടന്റ് പാര്‍ട്ട്ണര്‍ ആയി രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്റ് സ്ഥാപനമായ കെപിഎംജിയെ നിയോഗിക്കും. അവര്‍ സൗജന്യമായാണ് സേവനം വാഗ്ദാനം ചെയ്തിട്ടുള്ളത്. 

ശബരിമലയില്‍ തീര്‍ഥാടനം സുഗമമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും. ഇതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള ഉന്നത തല സമിതി രൂപീകരിച്ചു. ഇന്നത ഉദ്യോഗസ്ഥരായ ഡോ. വി വേണു, കെആര്‍ ജ്യോതിലാല്‍, ടിങ്കു ബിസ്വാള്‍, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ എന്നിവര്‍ അംഗങ്ങളായിരിക്കും. 

കാര്‍ഷിക കടങ്ങള്‍ക്കു മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ ധാരണയായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com