പ്രളയത്തെ വിറ്റ് കാശാക്കി വിമാനകമ്പനികള്‍; ഗള്‍ഫിലേക്കുള്ള വിമാന നിരക്ക് 5000ത്തില്‍ നിന്ന് 40,000ത്തിന് മുകളിലായി

പല വിമാനങ്ങളിലും അടുത്ത ദിവസങ്ങളില്‍ ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്
പ്രളയത്തെ വിറ്റ് കാശാക്കി വിമാനകമ്പനികള്‍; ഗള്‍ഫിലേക്കുള്ള വിമാന നിരക്ക് 5000ത്തില്‍ നിന്ന് 40,000ത്തിന് മുകളിലായി

കൊച്ചി; പ്രളയത്തില്‍ ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ വിമാനനിരക്കുകള്‍ കുത്തനെ കൂട്ടി യാത്രികരുടെ നടുവൊടിച്ച് വിമാനകമ്പനികള്‍. പ്രളയത്തില്‍ വീട് നശിച്ചത് അറിഞ്ഞും അവധി ആഘോഷിക്കാനുമായി നിരവധി പേരാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് എത്തിയത്. എന്നാല്‍ ടിക്കറ്റ് നിരക്കുകള്‍ ഏഴിരട്ടിയില്‍ അധികമായി വര്‍ധിച്ചതോടെ എങ്ങനെ തിരിച്ചുപോകുമെന്നറിയാതെ ആശങ്കപ്പെടുകയാണ് ഇവര്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചതും നിരക്ക് ഉയരാന്‍ കാരണമായി. 

നിരവധി പേരാണ് അടുത്തിടെ നാട്ടിലേക്കെത്തിയത്. വെള്ളം ഇറങ്ങിയതോടെ പലരും മടങ്ങാന്‍ തയാറെടുത്തപ്പോഴാണ് വിമാനകമ്പനികളുടെ കൊള്ള അറിയുന്നത്. ഇതിനെ തുടര്‍ന്ന് പലരും യാത്ര മാറ്റിവെക്കുകയായിരുന്നു. പല വിമാനങ്ങളിലും അടുത്ത ദിവസങ്ങളില്‍ ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്. അവധിക്ക് നാട്ടിലെത്തിയ ഗള്‍ഫ് മലയാളികള്‍ ബക്രീദും ഓണവും ആഘോഷിച്ച് മടങ്ങാന്‍ തയ്യാറെടുത്താണ് ടിക്കറ്റെടുത്തിരുന്നത്. അതുകൊണ്ടുതന്നെ ബക്രീദും ഓണവും കഴിഞ്ഞതോടെ ഗള്‍ഫിലേക്ക് യാത്രക്കാര്‍ കൂട്ടമായി പോകാന്‍ തുടങ്ങി. ഗള്‍ഫിലേക്ക് 40,000 രൂപയില്‍ താഴെ നിരക്കില്‍ ടിക്കറ്റ് കിട്ടാനില്ല. വെള്ളിയാഴ്ച കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന ഭൂരിഭാഗം വിമാനങ്ങളിലും ടിക്കറ്റില്ല.

വെള്ളിയാഴ്ചത്തെ ഫ്‌ളൈ ദുബായ് വിമാനത്തില്‍ കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് പോകണമെങ്കില്‍ 58,000 രൂപ നല്‍കണം. ചെലവ് കുറഞ്ഞ വിമാന സര്‍വീസായ എയര്‍ ഇന്ത്യ എക്‌സപ്രസ് വരെ നിരക്ക്്് കുത്തനെ കൂട്ടിയിരിക്കുകയാണ്. സെപ്റ്റംബര്‍ രണ്ടിന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കൊച്ചിദുബായ് നിരക്ക്്് 41,000 രൂപയാണ്. ദുബായിലേക്കും ഷാര്‍ജയിലേക്കുമുള്ള കുറഞ്ഞ നിരക്ക്്് 40,000 രൂപയാണ്. കുവൈറ്റിലേക്ക് 46,000 രൂപയാണ് ചില ദിവസങ്ങളില്‍. തിരക്കില്ലാത്ത സമയങ്ങളില്‍ 5000 രൂപയ്ക്ക് വരെ ദുബായിലേക്ക് ടിക്കറ്റ് കിട്ടും. ഈ സ്ഥാനത്താണ് ഇത് 40,000 ആയി ഉയര്‍ന്നിരിക്കുന്നത്. 

ഗള്‍ഫിലേക്ക് മാത്രമല്ല മറ്റ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റുകളും ഉയര്‍ന്നിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് കാനഡയിലേക്ക് പോകാന്‍ രണ്ട് ലക്ഷത്തില്‍ അധികം രൂപ നല്‍കണം. സാധാരണ ഇത് 32,000 രൂപയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com