പ്രത്യേക അക്കൗണ്ട് കാലതാമസം ഉണ്ടാക്കും ; പ്രളയ ദുരിതാശ്വാസ  നിധി വകമാറ്റി ചെലവഴിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പ്രളയം സംബന്ധിച്ച കേസുകളില്‍ ഹൈക്കോടതിയെ സഹായിക്കുന്നതിനായി അമിക്കസ് ക്യൂറിയെ കോടതി നിയമിച്ചു
പ്രത്യേക അക്കൗണ്ട് കാലതാമസം ഉണ്ടാക്കും ; പ്രളയ ദുരിതാശ്വാസ  നിധി വകമാറ്റി ചെലവഴിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി : പ്രളയ ദുരിതാശ്വാസത്തിനായി ലഭിച്ച തുക പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രത്യേക അക്കൗണ്ട് രൂപീകരിക്കുന്നത് അനാവശ്യ കാലതാമസം ഉണ്ടാകും. ദുരിതാശ്വാസ നിധിയിലെ തുക വകമാറ്റി ചെലവഴിക്കില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രളയ ദുരിതാശ്വാസത്തിന് ലഭിക്കുന്ന തുക പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. 

പ്രളയത്തിനായി പ്രത്യേക അക്കൗണ്ട് രൂപീകരിക്കാനാവില്ല. ഇതിനായി പ്രത്യേക അക്കൗണ്ട് രൂപീകരിച്ചാല്‍ ആദായ നികുതി ഇളവ് ലഭിക്കില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് മാത്രമേ ആദായ നികുതി ഇളവ് ലഭിക്കുകയുള്ളൂ. ഇത്തരം ഫണ്ട് വകമാറ്റി ചെലവഴിക്കുമെന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. കാരണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന തുക പ്രത്യേക ഹെഡിലായിരിക്കും നിക്ഷേപിക്കുക. അതില്‍ നിന്നും ഒരു രൂപ പോലും മറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കില്ല. 

മാത്രമല്ല, ആദായ ഇളവ് ലഭിക്കുന്ന തരത്തിലുള്ള അക്കൗണ്ട് രൂപീകരിക്കുന്നതിന് വലിയ തോതില്‍ കാലതാമസം നേരിടും. ഇളവ് ലഭിക്കാന്‍ ആദായ നികുതി വകുപ്പിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും അനുമതി വേണം. ആ കാലതാമസം ഒഴിവാക്കാനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കുന്നത്. ഈ ഫണ്ട് വകമാറ്റി ചെലവഴിക്കുമെന്ന ആശങ്ക വേണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രളയം 2018 എന്ന പേരില്‍ പ്രത്യേക ഫണ്ട് രൂപീകരിക്കണമെന്നാണ് പ്രതിപക്ഷം അടക്കം ആവശ്യപ്പെട്ടിട്ടുള്ളത്. 

കൂടാതെ പ്രളയം സംബന്ധിച്ച കേസുകളില്‍ ഹൈക്കോടതിയെ സഹായിക്കുന്നതിനായി അമിക്കസ് ക്യൂറിയെയും കോടതി നിയമിച്ചു. അഡ്വ. ജേക്കബ് അലക്‌സിനെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചത്. പ്രത്യേക ഫണ്ട് രൂപീകരിക്കുക, ഡാം തുറന്നത് തുടങ്ങി പ്രളയവുമായി ബന്ധപ്പെട്ട് നിരവധി നിരവധി ഹര്‍ജികളാണ് ഹൈക്കോടതിയില്‍ വന്നിട്ടുള്ളത്. ഇതില്‍ കോടതിയെ സഹായിക്കുക ലക്ഷ്യമിട്ടാണ് അമിക്കസ് ക്യൂറിയെ നിയമിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com