'കലേഷിന്റെ കവിതയില്‍ മിനുക്ക് പണി നടത്തിയത് ഞാനാണ്, ജാഗ്രതക്കുറവിന് ക്ഷമ ചോദിക്കുന്നു'; പക്ഷേ മോഷ്ടിച്ചിട്ടില്ലെന്ന് ദീപാ നിശാന്ത് 

അയച്ചു തന്നയാള്‍ 'മെയില്‍ വേര്‍ഷന്‍ എന്ന നിലയില്‍ തന്നത് കൊണ്ട്, അത് ഫീമെയില്‍ വേര്‍ഷനെന്ന രീതിയില്‍ കുറച്ച് മിനുക്ക് പണികളൊക്കെ നടത്തി ഞാനാണ് തിരിച്ചയച്ചത്. ആ കവിതയാണ് എകെസിപിടിഎ ജേണലിലേക്ക് കൊടുത്തത
'കലേഷിന്റെ കവിതയില്‍ മിനുക്ക് പണി നടത്തിയത് ഞാനാണ്, ജാഗ്രതക്കുറവിന് ക്ഷമ ചോദിക്കുന്നു'; പക്ഷേ മോഷ്ടിച്ചിട്ടില്ലെന്ന് ദീപാ നിശാന്ത് 

വി എസ് കലേഷിന്റെ ' അങ്ങനെയിരിക്കെ മരിച്ചുപോയി ഞാന്‍/ നീ' എന്ന കവിതയില്‍  ' മിനുക്ക് പണികള്‍ നടത്തി പ്രസിദ്ധീകരിക്കാന്‍ നല്‍കിയത് താന്‍ ആണെന്ന് അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത്. ഓണ്‍ലൈന്‍ മാധ്യമമായ 'ന്യൂസ് മൊമന്റ്‌സിന്' നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കവിത തനിക്ക് അയച്ചു തന്നയാള്‍ 'മെയില്‍ വേര്‍ഷന്‍ എന്ന നിലയില്‍ തന്നത് കൊണ്ട്, അത് ഫീമെയില്‍ വേര്‍ഷനെന്ന രീതിയില്‍ കുറച്ച് മിനുക്ക് പണികളൊക്കെ നടത്തി ഞാനാണ് തിരിച്ചയച്ചത്. ആ കവിതയാണ് എകെസിപിടിഎ ജേണലിലേക്ക് കൊടുത്തതെന്നാണ് അഭിമുഖത്തില്‍ പറയുന്നത്. 

  കവിതാ വിവാദത്തെ കുറിച്ചുള്ള 'ന്യൂസ് മൊമന്റ്‌സ്‌'  ലേഖകന്റെ ചോദ്യങ്ങള്‍ക്ക് ദീപാനിശാന്ത് നല്‍കിയ മറുപടിയിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ..

 വെള്ളിയാഴ്ച മാത്രമാണ് അത് കലേഷിന്റെ കവിതയാണെന്ന ബോധ്യം ഉണ്ടാവുന്നത്. അത് മനസിലാക്കുന്നതില്‍ ജാഗ്രതക്കുറവ് വന്നുപോയി. എന്റെ ഒരു അശ്രദ്ധ അക്കാര്യത്തില്‍ സംഭവിച്ചു പോയിട്ടുണ്ട്. ഞാന്‍ അറിയാതെ എന്റെ മേല്‍ വന്ന് വീണുപോയതാണ്. കേരളത്തിലെ പൊതുസമൂഹത്തോട്, പ്രത്യേകിച്ചും കലേഷിനോട് ജാഗ്രതക്കുറവിന് ക്ഷമ ചോദിക്കുന്നു. പക്ഷേ അത് മോഷണമല്ല.

എകെസിപിടിഎ അധ്യാപകരുടെ ജേണല്‍ ആണ്. മെയില്‍ വേര്‍ഷന്‍ എന്ന നിലയിലാണ് ആ കവിത എനിക്ക് അയച്ച് കിട്ടിയത്. അത് ഫീമെയില്‍ വേര്‍ഷനെന്ന രീതിയില്‍ കുറച്ച് മിനുക്ക് പണികളൊക്കെ നടത്തി ഞാനാണ് തിരിച്ചയച്ചത്. ആ കവിതയാണ് എകെസിപിടിഎ ജേണലിലേക്ക് കൊടുത്തത്. അതിന് ഇവരുമായിട്ടും കമ്യൂണിക്കേറ്റ് ചെയ്തിട്ടുണ്ട്. തെളിവുകള്‍ എന്റെ കയ്യിലുണ്ട്. കലേഷ് എഴുതിയത് ഞാന്‍ വായിച്ചിട്ടുണ്ട്.  ശ്രദ്ധേയനായ യുവകവികളില്‍ ഒരാളാണ് അദ്ദേഹം. പക്ഷേ ഈ കവിത വായിച്ചിട്ടില്ല. 

 ഞാന്‍ ഒരു വിജ്ഞാന ഭണ്ഡാരമല്ല. കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്ക് അയച്ച് കിട്ടിയ കവിതയാണ്. അതുകൊണ്ട് തന്നെ അടുത്തകാലത്ത് ഈ കവിത വീണ്ടും ഞങ്ങളുടെ ചര്‍ച്ചകളില്‍ വന്നു. അതിനുള്ള തെളിവ് തന്റെ കയ്യിലുണ്ട്. കലേഷിനെ ഇതൊക്കെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. കലേഷ് ഈ വിവാദത്തിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കപ്പെട്ടതാണ്. കലേഷിന്റെ ക്രെഡിബിലിറ്റി തകര്‍ക്കാതിരിക്കുക എന്നുള്ളത് ഉത്തരവാദിത്വമാണ്.

 മേല്‍പ്പറഞ്ഞ വ്യക്തിയുടെ കവിത ഒരു പ്രിന്റഡ് മീഡിയത്തില്‍ അച്ചടിച്ച് കാണണമെന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷേ ആ കവിതയ്ക്ക് വളരെ വൈകാരികമായ ഒരു പരിസരമുണ്ടെന്ന് പറയുകയും, അതുകൊണ്ട് പ്രസിദ്ധീകരിക്കാന്‍ ആഗ്രഹമില്ലെന്ന് എന്നെ കണ്‍വിന്‍സ് ചെയ്യിക്കുകയാണ് ഉണ്ടായത്. പിന്നെ അതൊരു കോളെജ് മാഗസിനില്‍ പ്രസിദ്ധീകരിക്കാനും അവിടെ നിന്നും എ കെ സിപിടിഎയുടെ കയ്യിലെത്തുന്നത്. അവരുടെ ഭാഗത്ത് യാതൊരു തെറ്റുമില്ല.

 അയച്ചു തന്ന വ്യക്തി എന്റേതാണ് ,എനിക്ക് ഒരു കവിയെന്ന രീതിയില്‍ അഡ്രസ് കിട്ടേണ്ട കാര്യമില്ല. എന്നാലും അത് അച്ചടിച്ച് കാണണം എന്നുണ്ടെങ്കില്‍ അത് പ്രസിദ്ധീകരിച്ചോളൂ, കുഴപ്പമില്ല എന്നുള്ള മട്ടില്‍ എന്നോട് പറയുകയും അങ്ങനെ കൊടുക്കുകയും ചെയ്തു. പ്രിന്റഡ് മീഡിയയില്‍ കാണുന്നതിന്റെകൗതുകം മാത്രമായിരുന്നു അത്.

 എനിക്ക് പറ്റിയ വലിയ അബദ്ധം ഇത് കലേഷ് മോഷ്ടിച്ചതാണ് എന്ന് വിശ്വസിച്ചതാണ്. അങ്ങനെ എന്നെ കണ്‍വിന്‍സ് ചെയ്യിച്ചു. കലേഷ് ഇതു മോഷ്ടിച്ചതാണെന്നും കലേഷ് മാത്രമല്ല മറ്റ് പലരും മോഷ്ടിച്ചിട്ടുണ്ടെന്നും പറഞ്ഞു.

 വളരെ എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള വളരെ സാഹിത്യവുമായി നിരന്തരം ഇടപെടുന്ന, കേരളത്തിലെ പൊതുമണ്ഡലവുമായി നിരന്തരം ഇടപെടുന്ന ഒരാളായതിനാല്‍ എനിക്ക് അത് അവിശ്വസിക്കേണ്ടി വന്നില്ല. എന്റെ ഭാഗത്ത് അതില്‍ പിഴവുണ്ടായി. മേല്‍പ്പറഞ്ഞ വ്യക്തിയുടെ കവിത എന്റെ പേരില്‍ കൊടുത്തു എന്നത് വലിയ തെറ്റ് തന്നെയാണ്. അതുകൊണ്ട് എനിക്കതില്‍ വലിയ ന്യായീകരണമില്ല. അല്‍പ്പം തലകുനിച്ചാണ് നില്‍ക്കുന്നത്. അപ്പോ ഞാന്‍ ചോദിക്കുമ്പോ പോലും വളരെ സ്വാഭാവികമായാണ് പ്രതികരിച്ചത്. കലേഷാണ് മോഷ്ടിച്ചത്. കലേഷ് മോഷ്ടിച്ചത് കുറേപ്പേര് അറിഞ്ഞിട്ടുണ്ട്. 2016 ല്‍ ഇത്തരം ഒരു വിവാദം ഉണ്ടായിട്ടുണ്ട്. അതിന് മുന്‍പ് 2010 ല്‍ ലിറ്റില്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ജീവിതത്തെ കുറിച്ചുള്ള ഭീഷണികളും, ആശങ്കളും വച്ച് ഇമോഷണല്‍ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നു. 

 അയാളുടെ ബൗദ്ധിക മണ്ഡലത്തെ നിഷേധിക്കാന്‍ പറ്റുന്ന ഒരു സാഹചര്യവും കേരളത്തില്‍ ഇന്നില്ല. അയാളുടേതാണ് ആ കവിത എന്ന് പറഞ്ഞാല്‍ വിശ്വസിക്കാതിരിക്കാനുള്ള ഒരു സാഹചര്യവുമില്ല. ആ ഒരു വിശ്വാസവും എനിക്ക് അയാളോട് ഉണ്ടായിരുന്നു. കലേഷിനെ എനിക്ക് വ്യക്തിപരമായി അറിയില്ല. കലേഷിനോട് സംസാരിക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com