ദൃശ്യങ്ങള്‍ തേടി ദിലീപ് സുപ്രിംകോടതിയില്‍ ; ഹര്‍ജി നല്‍കി 

ദിലീപിന് വേണ്ടി രഞ്ജീത റോത്തഗി ആണ് സുപ്രിംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്
ദൃശ്യങ്ങള്‍ തേടി ദിലീപ് സുപ്രിംകോടതിയില്‍ ; ഹര്‍ജി നല്‍കി 


ന്യൂഡല്‍ഹി : നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപ് ദൃശ്യങ്ങള്‍ തേടി സുപ്രിം കോടതിയെ സമീപിച്ചു. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ, നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡ് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. ദിലീപിന് വേണ്ടി രഞ്ജീത റോത്തഗി ആണ് സുപ്രിംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഉള്‍പ്പടെ ഉള്ള കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശം ഉണ്ടെന്ന് ഹര്‍ജിയില്‍ ദിലീപ് ചൂണ്ടിക്കാട്ടുന്നു. നേരത്തെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയിരുന്ന ഹര്‍ജികള്‍ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായി കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ട് എന്നാണ് ദിലീപിന്റെ അഭിഭാഷകര്‍ വിചാരണ കോടതിയിലും ഹൈക്കോടതിയിലും സ്വീകരിച്ച നിലപാട്. 

ഈ നിലപാട് സുപ്രിംകോടതിയിലും ദിലീപിന്റെ അഭിഭാഷകര്‍ സ്വീകരിക്കുമെന്നാണ് സൂചന. എന്നാല്‍ ദൃശങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ഒരു കാരണ വശാലും ദിലീപിന് കൈമാറാന്‍ കഴിയില്ലെന്നാണ് പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥരും കോടതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. കൂടാതെ ദൃശ്യങ്ങള്‍ പുറത്തുപോകുന്നത് മൂലം ഇരയ്ക്ക് മാനഹാനിക്ക് സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. 

ദിലീപിന്റെ ഹര്‍ജി ക്രിസ്തുമസ് അവധിക്ക് പിരിയുന്നതിന് മുമ്പ് സുപ്രിംകോടതിയുടെ പരിഗണിച്ചേക്കുമെന്നാണ് സൂചന. ദിലീപിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറലും സീനിയര്‍ അഭിഭാഷകനുമായ മുകുള്‍ റോത്തഗിയാകും സുപ്രിംകോടതിയില്‍ ഹാജരാകുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com