നിരോധനാജ്ഞ ലംഘിച്ച് ബിജെപി; നിലയ്ക്കലില്‍ ബി ഗോപാലകൃഷ്ണന്‍ ഉള്‍പ്പടെ അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd December 2018 02:38 PM |
Last Updated: 02nd December 2018 02:38 PM | A+A A- |
നിലയ്ക്കല്‍: നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ അടക്കമുള്ളവരെ നിലയ്ക്കലില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഒരു സുരേന്ദ്രന്‍ മാത്രമല്ല അറസ്റ്റ് വരിക്കുകയെന്നും ബിജെപിയില്‍ ആയിരക്കണക്കിന് സുരേന്ദ്രന്‍മാര്‍ നിരോധനാജ്ഞ ലംഘിച്ച് അറസ്റ്റ് വരിക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ബി. ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ ഒമ്പത് പ്രവര്‍ത്തകരെയാണ് നിരോധനാജ്ഞ ലംഘിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തത്. നിലയ്ക്കലിന് മുന്ന് കിലോമീറ്റര്‍ അകലെ ഇലവുങ്കലില്‍ വച്ച് പോലീസ് ഇവരെ പരിശോധിച്ച് പേരുവിവരങ്ങള്‍ ശേഖരിച്ചിരുന്നു.
രണ്ട് വാഹനങ്ങളിലാണ് ഇവര്‍ എത്തിയത്. ആറുമണിക്കൂറിനകം ദര്‍ശനം നടത്തി തിരികെ ഇറങ്ങണമെന്ന നിര്‍ദ്ദേശം അടങ്ങിയ നോട്ടീസ് കൈപ്പറ്റണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. നോട്ടീസ് കൈപ്പറ്റിയാല്‍ ശബരിമല ദര്‍ശനത്തിന് പോകാന്‍ അനുമതി നല്‍കാമെന്ന് പോലീസ് അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, നോട്ടീസ് കൈപ്പറ്റില്ലെന്നും നിരോധനാജ്ഞ ലംഘിക്കുകയാണെന്നും എന്ന് ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതോടെ ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകരെ പെരുനാട് പോലീസ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
ശബരിമല കേന്ദ്രീകരിച്ച് വീണ്ടും സമരം ശക്തമാക്കാന്‍ ബിജെപി ഒരുങ്ങുകയാണ്. നിരോധനാജ്ഞ ലംഘിക്കാനാണ് ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ളവര്‍ നിലയ്ക്കലിലെത്തിയത്.ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സമരത്തില്‍ നിന്ന് ബിജെപി പിന്‍മാറിയെന്ന് പാര്‍ട്ടിക്കുള്ളില്‍ത്തന്നെ വിമര്‍ശനം വന്ന സാഹചര്യത്തിലാണ് വീണ്ടും സമരം ശക്തമാക്കുന്നത്. നിലയ്ക്കലും പമ്പയും നിരന്തരസമരകേന്ദ്രങ്ങളാക്കാനാണ് പാര്‍ട്ടിയുടെ ആലോചന.