പിണറായി പ്രസംഗിക്കുന്നതിനിടെ ശരണംവിളിയുമായി ബിജെപി; ശബരിമലക്കാലത്ത് എല്ലാവരും വിളിക്കുന്നതല്ലേ സ്വാമി ശരണമെന്ന് മുഖ്യമന്ത്രി
Published: 02nd December 2018 11:55 AM |
Last Updated: 02nd December 2018 12:01 PM | A+A A- |

ചെങ്ങന്നൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ ശരണം വിളിച്ച് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. വനിതകള്‍ ഉള്‍പ്പടെയുള്ളവരായിരുന്നു പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബിജെപി ജനറല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിമാരുടെ മറ്റ് മന്ത്രിമാരെയും വഴിയില്‍ തടയുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലായിരുന്നു പ്രതിഷേധം.
പ്രതിഷേധത്തെ മുഖ്യമന്ത്രി പതിവു ശൈലിയില്‍ തന്നെ നേരിട്ടു. ഈ കാലത്ത് എല്ലാവരും വിളിക്കുന്നതല്ലേ സ്വാമി ശരണമെന്നായിരുന്നു ഇത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രതികരണം. മണ്ഡല -മകരവിളക്ക് സീസണില്‍ എവിടെയുമുണ്ടാകാം അയ്യപ്പവിളികള്‍. ചിലര്‍ പരിപാടി തുടങ്ങുമ്പോള്‍ തന്നെ സ്വാമി ശരണം എന്നു പറഞ്ഞാണ് ആരംഭിക്കുക. ഇന്നലെ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ നവോത്ഥാനകാലത്തിന്റെ നിരവധി സംഘടനകളാണ് പങ്കെടുത്തത്. 190 പേരെ വിളിച്ചു. 170 പേര്‍ പങ്കെടുത്തു. അതില്‍ അധികപേരും തുടങ്ങിയത് സ്വാമി ശരണം വിളിച്ചാണ്. അതിനെ അങ്ങനെ കണ്ടാല്‍ മതിയെന്നും പിണറായി പറഞ്ഞു.
നേരത്തെ പരിപാടിക്കായി വരുന്നതിനിടെ ചെങ്ങന്നൂര്‍ മുളക്കുഴിയില്‍ വെച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. കരിങ്കൊടി കാട്ടി പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കെ.സുരേന്ദ്രനെതിരെയുള്ള പോലീസ് നടപടിയില്‍ ബിജെപി നേതൃത്വം കാര്യമായ പ്രതിഷേധം നടത്തുന്നില്ലെന്നുള്ള ആരോപണത്തെ തുടര്‍ന്ന് ഇന്നുമുതല്‍ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.