റേഷൻ നിഷേധിച്ചാൽ ഇനി ആശങ്ക വേണ്ട!; കടയുടമയിൽ നിന്ന് പണം ഈടാക്കി കാർഡ് ഉടമക്ക് നൽകാൻ സർക്കാർ തീരുമാനം
By സമകാലികമലയാളം ഡെസ്ക് | Published: 02nd December 2018 10:48 AM |
Last Updated: 02nd December 2018 10:48 AM | A+A A- |

തിരുവനന്തപുരം: അർഹതപ്പെട്ട റേഷൻ സാധനങ്ങൾ മനഃപൂർവം നിഷേധിച്ചാൽ കടയുടമയിൽ നിന്ന് പണം ഈടാക്കി കാർഡ് ഉടമക്ക് നൽകാൻ സർക്കാർ തീരുമാനം. റേഷൻഭക്ഷ്യധാന്യങ്ങൾ വ്യാപാരികൾ കരിഞ്ചന്തയിൽ മറിച്ചുവിൽക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതുസംബന്ധിച്ച ഉത്തരവ് ഭക്ഷ്യവകുപ്പ് പുറത്തിറക്കി.
പാവപ്പെട്ടവർക്ക് റേഷൻ സാധനങ്ങൾ മനഃപൂർവം നിഷേധിച്ചാൽ, റേഷൻവ്യാപാരിയുടെ സുരക്ഷാ നിക്ഷേപത്തിൽനിന്നോ ഡീലർ കമീഷനിൽനിന്നോ ആയിരിക്കും റേഷന് തത്തുല്യമായ തുക കാർഡ് ഉടമക്ക് സർക്കാർ നൽകുക.മനഃപൂർവം റേഷൻ വിഹിതം നൽകുന്നില്ലെന്ന് ബോധ്യപ്പെട്ടാൽ ഗുണഭോക്താവിന് ബന്ധപ്പെട്ട റേഷനിങ് ഇൻസ്പെക്ടർമാർക്ക് പരാതി നൽകാം. പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടാൽ ഉടമകളിൽനിന്ന് ഫുഡ് സെക്യൂരിറ്റി അലവൻസ് ഈടാക്കാമെന്നും സിവിൽ സപ്ലൈസ് കമീഷണർ ജില്ല സപ്ലൈ ഓഫിസർക്ക് കൈമാറിയ സർക്കുലറിൽ പറയുന്നു.
സംസ്ഥാനത്ത് 5,95,800 ലക്ഷത്തോളം വരുന്ന മഞ്ഞകാർഡ് ഉടമകളും 29,06 ,709 ലക്ഷം വെള്ളകാർഡുകാരും ഉൾപ്പെടെ 1,54,80,042 പേരാണ് മുൻഗണനപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. മഞ്ഞകാർഡുകാർക്ക് പ്രതിമാസം 30 കിലോ അരിയും അഞ്ചു കിലോ ഗോതമ്പും സൗജന്യമായും കൂടാതെ, ഒരു കിലോ പഞ്ചസാര 21 രൂപക്കും റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നുണ്ട്. പിങ്ക് കാർഡുകാർക്ക് കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും കി.ഗ്രാമിന് ഒരുരൂപ നിരക്കിലും വിതരണം ചെയ്യേണ്ടതാണ്. എന്നാൽ, സാധനങ്ങൾ എത്തിയിട്ടില്ലെന്നും പറഞ്ഞ് വ്യാപാരികൾ ഉപഭോക്താകളെ മടക്കി അയയ്ക്കുന്നതായി വ്യാപക പരാതി ഉയരുന്നുണ്ട്. ഈ വിഹിതം പിന്നീട് ഇ-പോസ് യന്ത്രത്തിൽ മാന്വൽ ഇടപാട് നടത്തി കരിഞ്ചന്തയിലേക്ക് മറിക്കും. ഇതു തടയാൻ ലക്ഷ്യമിട്ടാണ് ഭക്ഷ്യവകുപ്പിന്റെ ഇടപെടൽ.