2018ല്‍ ലോകം കണ്ട മഹാദുരന്തം കേരളത്തിലെ പ്രളയം; ലോക കാലാവസ്ഥ സംഘടനയുടെ റിപ്പോര്‍ട്ട്
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd December 2018 05:43 AM |
Last Updated: 02nd December 2018 05:43 AM | A+A A- |

ജനീവ: ഈ വര്‍ഷം ലോകം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തം കേരളത്തിലുണ്ടായ പ്രളയമാണെന്ന് ലോക കാലാവസ്ഥ സംഘടനയുടെ റിപ്പോര്‍ട്ട്. ആള്‍ നാശം കണക്കാക്കിയാണ് ഇത്. സാമ്പത്തിക നഷ്ടത്തിലേക്ക് വരുമ്പോള്‍ ഈ വര്‍ഷമുണ്ടായ ആഗോള ദുരന്തങ്ങളില്‍ നാലാമതാണ് ആഗസ്റ്റില്‍ കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയം.
54 ലക്ഷം പേരെയാണ് പ്രളയം കേരളത്തില്‍ ബാധിച്ചത്. 223 പേര്‍ മരിക്കുകയും 14 ലക്ഷം പേര്‍ക്ക് വീട് വിട്ടു പോകേണ്ടിയും വന്നു. സംസ്ഥാനത്തിന് 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായി. എന്നാല്‍ പ്രളയത്തെ തുടര്‍ന്ന് 483 പേര്‍ക്ക് ജീവന്‍ നഷ്ടമായതായിട്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്ക്.
ആള്‍നാശത്തിന്റെ കാര്യത്തില്‍ ജപ്പാന്‍, കൊറിയ, നൈജീരിയ എന്നിവിടങ്ങളിലുണ്ടായ പ്രളയമാണ് കേരളത്തിന് തൊട്ടുപിന്നിലുള്ളത്. യുഎസിലുണ്ടായ ഫ്‌ലോറന്‍സ് ചുഴലിക്കാറ്റാണ് ഈ വര്‍ഷം ഏറ്റവും സാമ്പത്തിക നഷ്ടമുണ്ടാക്കിയത്. 2017ല്‍ ഇന്ത്യയിലാകെ മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും ഉണ്ടായ നാശനഷ്ടങ്ങളില്‍ ഏറെയാണ് കേരളത്തിലെ പ്രളയത്തിലുണ്ടായത്.