കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാമെന്ന് കരുതേണ്ട; വനിതാ മതില്‍ ഒരു മുന്നറിയിപ്പാണെന്ന് മുഖ്യമന്ത്രി 

കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാമെന്ന് കരുതേണ്ട; വനിതാ മതില്‍ ഒരു മുന്നറിയിപ്പാണെന്ന് മുഖ്യമന്ത്രി 

സ്ത്രീകളെ അടിമകളാക്കി മുന്നോടുപോകാമെന്ന് കരുതണ്ടെന്നും പുരുഷന് തുല്ല്യമായ എല്ലാ അവകാശവും സ്വാതന്ത്ര്യവും സ്ത്രീക്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

ആലപ്പുഴ: സ്ത്രീകളെ അടിമകളാക്കി മുന്നോടുപോകാമെന്ന് കരുതണ്ടെന്നും പുരുഷന് തുല്ല്യമായ എല്ലാ അവകാശവും സ്വാതന്ത്ര്യവും സ്ത്രീക്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്ന സന്ദേശമാണ് വനിതാ മതിലിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ നടന്ന എല്‍ഡിഎഫ് മഹാ ബഹുജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ഇത് ഏതെങ്കിലുമൊരു വിഭാഗത്തിനെതിരെയുള്ള സമരമല്ല... എന്നാല്‍ ആണുതാനും. സ്ത്രീകളെ വീടിനുപുറത്തിറങ്ങാന്‍ അനുവദിക്കാതിരുന്ന, അവരെ അടിമകളായി കണ്ടിരുന്ന കാലത്തേക്ക് സമൂഹത്തെ തള്ളിവിടാം എന്ന് ധരിക്കുന്നവര്‍ക്ക് എതിരെയുള്ളതാണ് ഇത്. നാടെപ്പോഴും മുന്നോട്ടാണ് സഞ്ചരിക്കേണ്ടത്. പിന്നോട്ട് സഞ്ചരിച്ചാല്‍ ചരിത്രം നമുക്ക് മാപ്പ് തരില്ല', അദ്ദേഹം പറഞ്ഞു. നവോത്ഥാന സംഘടനകള്‍ കൂടിയെടുന്ന ഈ തീരുമാനത്തിനൊപ്പം എല്ലാ പുരോഗമന ചിന്താഗതിക്കാരും അണിചേരും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്.

കേരളത്തില്‍ പണ്ട് നിലവിലുണ്ടായിരുന്ന തെറ്റായ സമ്പ്രദായങ്ങള്‍ക്കെതിരെ നടന്ന പ്രതിരോധത്തിനു ശേഷമാണ് നമ്മുടെ നാട് ആര്‍ക്കും അഭിമാനം തോന്നുന്ന നാടായി മാറിയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പണ്ട് ഇതേ കേരളത്തെ നോക്കിയാണ് സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചതെന്നും കേരളത്തില്‍ ഇപ്പോഴുള്ള മാറ്റം ഒരൊറ്റ ദിവസം കൊണ്ട് ഉണ്ടായതല്ലെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

'എകെജിയെ തല്ലിയവരടക്കം അനുയായികളായി മാറി. ഇതാണ് നാടിന്റെ ചരിത്രം. എവിടെയെല്ലാം സാമൂഹ്യമായി മുന്നേറ്റത്തിനുവേണ്ടി  പ്രക്ഷോഭം
നടന്നിട്ടുണ്ടോ അവിടെയെല്ലാം പ്രക്ഷോഭകര്‍ മുന്നേറിയതാണ് ചരിത്രം. എതിര്‍ത്തവര്‍ ചവറ്റുകൊട്ടയിലായി. അവിടെ വഴിനടക്കാന്‍ ഏതെങ്കിലും ഒരു വിഭാഗത്തിലെ പുരുഷന് എന്ന് മാത്രമെന്ന് പറഞ്ഞായിരുന്നില്ല സമരം. അവിടെ സ്ത്രീ പുരുഷ ഭേദമില്ലായിരുന്നു. നമ്മുടെ മണ്ണില്‍ സ്ത്രീയായിരുന്നു ഏറ്റവും വലിയ അടിമത്തം അനുഭവിച്ചത്. ഇതില്‍ തന്നെ അവര്‍ണവിഭാഗത്തില്‍ പെട്ടവരെക്കാള്‍ കൂടുതല്‍ അടിമത്തം അനുഭവിച്ചത് സവര്‍ണവിഭാഗത്തിലെ സ്ത്രീകളായിരുന്നു. ഒരു ചെറിയ പെണ്‍കുട്ടി യുവതിയാവുന്നതിനു മുന്‍പു തന്നെ ഒരു പടുകിളവനെ കല്യാണം കഴിക്കുന്നത് നമ്മുടെ നാട്ടില്‍ നിലനിന്ന സമ്പ്രാദായമായിരുന്നു. ഇതെങ്ങനെയാണ് അവസാനിച്ചത് നവോത്ഥാനം ശക്തിപ്പെട്ടതിന്റെ ഭാഗമായുണ്ടായ ഇടപെടലിന്റെ ഭാഗമാണ്', അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com