തന്ത്രിമാരും മനുഷ്യരാണ് ; താല്‍പ്പര്യക്കാരുടെ സ്വാധീനത്തില്‍ ചിലര്‍ വഴിതെറ്റിപ്പോയേക്കാം : മുഖ്യമന്ത്രി

തന്ത്രിമാരും മനുഷ്യരാണ്. അവരില്‍ വ്യത്യസ്ത ചിന്താഗതിക്കാരുണ്ടാകാം. എന്നാല്‍ പൊതുവേ അവര്‍ സര്‍ക്കാരുമായി ഗുസ്തിക്ക് പുറപ്പെടില്ല
തന്ത്രിമാരും മനുഷ്യരാണ് ; താല്‍പ്പര്യക്കാരുടെ സ്വാധീനത്തില്‍ ചിലര്‍ വഴിതെറ്റിപ്പോയേക്കാം : മുഖ്യമന്ത്രി

ആലപ്പുഴ : തന്ത്രിമാര്‍ക്കെതിരെ സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചു എന്ന ധാരണ ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്ത്രിമാര്‍ക്ക് കഴുതകളുടെ ചൈതന്യം പോലുമില്ലെന്ന് മന്ത്രി ജി സുധാകരന്‍ വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെ, സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി രംഗത്തെത്തിയത്.  മന്ത്രി സുധാകരന്റെ വാക്കുകളെ, അദ്ദേഹം കൂടി പങ്കെടുത്ത വേദിയില്‍ വെച്ചാണ് മുഖ്യമന്ത്രി തിരുത്തിയത്. 

തന്ത്രിമാരും മനുഷ്യരാണ്. അവരില്‍ വ്യത്യസ്ത ചിന്താഗതിക്കാരുണ്ടാകാം. എന്നാല്‍ പൊതുവേ അവര്‍ സര്‍ക്കാരുമായി ഗുസ്തിക്ക് പുറപ്പെടില്ല. ചില പ്രത്യേക താല്‍പ്പര്യക്കാര്‍ക്ക് അവരില്‍ ചിലരെ സ്വാധീനിക്കാന്‍ കഴിഞ്ഞേക്കാം. അങ്ങനെ ചിലര്‍ വഴിതെറ്റിപ്പോയേക്കാം. എല്ലാവരും അങ്ങനെ നടക്കുന്നവരല്ല. തന്ത്രിമാര്‍ ക്ഷേത്രങ്ങളുടെ പ്രധാന ചുമതലക്കാരാണ്. സര്‍ക്കാര്‍ അതിലൊന്നും ഇടപെടുന്നില്ലെന്ന് ആലപ്പുഴയില്‍ നടന്ന എല്‍ഡിഎഫ് മഹാസംഗമത്തില്‍ സംസാരിക്കവെ, മുഖ്യമന്ത്രി പറഞ്ഞു. 

സഞ്ചാര സ്വാതന്ത്ര്യത്തിന്റെ 125 ആം വാര്‍ഷികത്തിന്റെ ഭാഗമായി ചേരമാന്‍ മഹാസഭ ഇന്നലെ ആലപ്പുഴയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ജി സുധാകരന്‍ തന്ത്രിമാര്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്. ശബരിമലയില്‍ ഏറ്റവും അധ്വാനിക്കുന്നത് കഴുതകളാണ്. അവര്‍ പോലും സന്നിധാനത്തെ സമരവേദിയാക്കിയിട്ടില്ല. അമ്പലം സമരവേദിയാക്കിയതിലെ രാഷ്ട്രീയ കാപട്യം തിരിച്ചറിയണം. 

ദൈവവിശ്വാസവും ആത്മീയതയും തന്ത്രിമാര്‍ക്കില്ല. ആചാരലംഘനമുണ്ടായാല്‍ നട പൂട്ടുമെന്ന് പറഞ്ഞ തന്ത്രിക്ക് കൂറ് അയ്യപ്പനോടല്ല. ശബരിമല പൂട്ടിപ്പോകും എന്നും പറഞ്ഞ് ധര്‍ണ നടത്തിയവര്‍ക്ക് അയ്യപ്പനെ പൂജിക്കാനുള്ള ആത്മീയാംശമില്ല. ധാര്‍മികമായി അധികാരമില്ല. ആചാരപ്രകാരം നിങ്ങള്‍ക്ക് പൂജിക്കാം പക്ഷേ നാളെ അവിടെയും പട്ടികജാതിക്കാരെത്തും. വന്നേ പറ്റൂ. 

തന്ത്രിമാര്‍ ആന്ധ്രയില്‍ നിന്നും പത്തോ അഞ്ഞൂറോ വര്‍ഷം മുന്‍പ് വന്നവരാണ്... മലയാളികള്‍ പോലുമല്ല. ശബരിമല തട്ടിപ്പറിക്കാനോ അവരെ കഴുത്തിന് പിടിച്ചു പുറത്തു കളയാനൊന്നും  നമ്മളില്ല. നിങ്ങള്‍ തന്നെ നടത്തിക്കോ, പക്ഷേ മര്യാദയ്ക്ക് വേണം. ശബരിമല പൂട്ടിപ്പോകും എന്നൊന്നും പറഞ്ഞേക്കരുത്. സന്നിധാനത്ത് ധര്‍ണ നടത്തിയ പൂജാരിമാരേക്കാള്‍ ചൈതന്യമുണ്ട് അവിടുത്തെ കഴുതകള്‍ക്കെന്നും മന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com