നരേന്ദ്ര മോദി പറയുന്നിടത്ത് ഒപ്പുവയ്ക്കുന്ന ആളാണ് പിണറായി വിജയന്‍ എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല; മുല്ലപ്പള്ളിക്ക് മുഖ്യമന്ത്രിയുടെ മറുപടി

ആഭ്യന്തര സഹമന്ത്രിയായിരുന്ന കാലത്ത് എന്തുകൊണ്ട് നടപടി എടുത്തില്ല എന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു
നരേന്ദ്ര മോദി പറയുന്നിടത്ത് ഒപ്പുവയ്ക്കുന്ന ആളാണ് പിണറായി വിജയന്‍ എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല; മുല്ലപ്പള്ളിക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചതുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി. നരേന്ദ്ര മോദി പറയുന്നിടത്ത് ഒപ്പുവയ്ക്കുന്ന ആളാണ് പിണറായി വിജയന്‍ എന്ന് പിണറായി വിജയനെ അറിയുന്ന ആരും വിശ്വസിക്കില്ല. ആഭ്യന്തര സഹമന്ത്രിയായിരുന്ന കാലത്ത് എന്തുകൊണ്ട് നടപടി എടുത്തില്ല എന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഇടയിലെ പാലമാണ് ഡിജിപിയെന്നും പ്രധാനമന്ത്രിയാണ് ഡിജിപിയായി ബഹ്‌റയെ നിയമിക്കാന്‍ നിര്‍ദേശം നല്‍കിയത് എന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്കെതിരേയും മുഖ്യമന്ത്രി പ്രതികരിച്ചു.നവോത്ഥാന സംഘടനകളോട് ചെന്നിത്തലയ്ക്ക് പുച്ഛ മനോഭാവമാണ്. പ്രതിപക്ഷ നേതാവ് സാമാന്യ മര്യാദയുടെ സീമകള്‍ ലംഘിച്ചു. പ്രതിപക്ഷം സ്പീക്കറോട് കാണിച്ച അനാദരവ് കേട്ടുകേള്‍വിയില്ലാത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നവോത്ഥാന ചരിത്രത്തിന് എതിരായ നിലപാടാണ് ചെന്നിത്തലയ്ക്ക്. എടുക്കാ ചരക്കെന്ന പരാമര്‍ശം അവഹേളനപരമാണ്. നവോത്ഥാന സംഘടനകളെ ജാതി സംഘടനകള്‍ എന്ന് പറഞ്ഞ് ചെന്നിത്തല അധിക്ഷേപിച്ചു. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തികള്‍ ജനങ്ങളുടെ ധാരണകള്‍ തിരുത്തുന്നതാണ്. നിയമസഭ സ്തംഭിപ്പിച്ചതിന്റെ ഉത്തരവാദിത്വം പ്രതിപക്ഷ നേതാവിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ശബരിമലയില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ദേശീയ മാധ്യമ സംഘത്തിലെ വനിതാ മാധ്യമപ്രവര്‍ത്തകയെ തടഞ്ഞ സംഘത്തിലെ വ്യക്തിയെ വനിതാ മതിലിന്റെ ജോയിന്റ് കണ്‍വീനറാക്കി നിയമിച്ചതിനെ ന്യായീകരിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. നിങ്ങള്‍ പണ്ട് ഇങ്ങനെ നിലപാടെടുത്തതല്ലേ എന്ന് ഞങ്ങള്‍ ചോദിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരേയും മാറ്റി നിര്‍ത്തിയിട്ടില്ല. വന്നവരെ കൂടെ ചേര്‍ക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

മാധ്യമങ്ങള്‍ക്ക വിലക്കില്ല. വിവരങ്ങള്‍ യഥാക്രമം ലഭിക്കും വിധമാണ് ക്രമീകരണങ്ങള്‍ ഒരുത്തിയിരിക്കുന്നത്. മാധ്യമസ്വാതന്ത്ര്യത്തിന് ഒരു പരിമിതിയും വരുത്താന്‍ ഉദ്ദേശിച്ചുള്ളതല്ല അതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com