നിരീക്ഷണ സമിതി ഇന്ന് ശബരിമലയില്‍ ; പമ്പയിലും നിലയ്ക്കലും പരിശോധന ; സൗകര്യങ്ങള്‍ വിലയിരുത്തും

ലക്ഷണക്കണക്കിനു ഭക്തജനങ്ങള്‍ക്കു കുടിവെള്ളം, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടോ എന്നു പരിശോധിക്കുന്നതിനാണ് മുന്‍ഗണന 
നിരീക്ഷണ സമിതി ഇന്ന് ശബരിമലയില്‍ ; പമ്പയിലും നിലയ്ക്കലും പരിശോധന ; സൗകര്യങ്ങള്‍ വിലയിരുത്തും

പത്തനംതിട്ട : ശബരിമല തീര്‍ഥാടനം സുഗമമാക്കാന്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് ശബരിമല സന്ദര്‍ശിക്കും. പമ്പയിലും പ്രധാന ഇടത്താവളമായ നിലക്കലിലും എത്തി സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാകും ശബരിമല സന്നിധാനത്തേക്ക് സംഘം തിരിക്കുക. ശബരിമലയിലെയും പരിസരപ്രദേശങ്ങളിലെയും സൗകര്യങ്ങള്‍ സംഘം വിലയിരുത്തും.

സമിതിയുടെ ആദ്യയോഗം ഇന്നലെ ആലുവയില്‍ ചേര്‍ന്നിരുന്നു. നാളെ സന്നിധാനത്ത് ഉണ്ടാകുമെന്ന് സമിതിയുടെ ആദ്യയോഗത്തിനു ശേഷം ദേവസ്വം ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി.ആര്‍. രാമന്‍ പറഞ്ഞു. 'നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഒരുക്കിയിട്ടുള്ള സൗകര്യം വിലയിരുത്തും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സൗകര്യം ഉണ്ടെന്നാണു പറയുന്നത്.

ലക്ഷണക്കണക്കിനു ഭക്തജനങ്ങള്‍ക്കു കുടിവെള്ളം, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടോ എന്നു പരിശോധിക്കുന്നതിനാണു മുന്‍ഗണന. പമ്പയിലും സന്നിധാനത്തും 24 മണിക്കൂറും ഭക്ഷണം ലഭിക്കാനുള്ള സൗകര്യമുണ്ടോ എന്നും വിലയിരുത്തും. ദേവസ്വം ബോര്‍ഡിനു പ്രത്യേക നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. നിലവിലുള്ള കാര്യങ്ങളും അടുത്ത വര്‍ഷം കൂടുതലായി ചെയ്യേണ്ട കാര്യങ്ങളുമാണ് ചര്‍ച്ച ചെയ്തത്. ഇപ്പോള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം എത്രത്തോളം കുറയ്ക്കാന്‍ കഴിയുമെന്നു പരിശോധിക്കും.

നിയന്ത്രണങ്ങള്‍ കുറഞ്ഞാലേ കൂടുതല്‍ ഭക്തജനങ്ങള്‍ എത്തൂ. കോടതി കുറെ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അവ നടപ്പാക്കാന്‍ ഇനി എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കില്‍ നിര്‍ദേശിക്കുമെന്നും  സമിതി അംഗമായ ജസ്റ്റിസ് പി.ആര്‍. രാമന്‍ പറഞ്ഞു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുന്ന കാര്യം ഹൈക്കോടതി പരിഗണിക്കുന്ന വിഷയമായതിനാല്‍ യോഗം ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം മറുപടി നല്‍കി.

നിരീക്ഷണ സമിതിയിലെ ഇതര അംഗങ്ങളായ ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ ജസ്റ്റിസ് എസ്. സിരിജഗന്‍, ഡിജിപി എ.ഹേമചന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍, അംഗം കെ.പി. ശങ്കരദാസ്, കമ്മിഷണര്‍ എന്‍. വാസു, സ്‌പെഷല്‍ കമ്മീഷണര്‍ മനോജ്, ചീഫ് എഞ്ചിനീയര്‍ ശങ്കരന്‍പോറ്റി, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com