റേഷന്‍കടയിലെ സ്റ്റോക്ക് വിവരം ഇനി പൊതുജനങ്ങള്‍ക്കും പരിശോധിക്കാം; കരിഞ്ചന്ത തടയാന്‍ പുതിയ നീക്കവുമായി സര്‍ക്കാര്‍

റേഷന്‍ കടയില്‍ ഓരോ മാസവും എത്തുന്ന സ്‌റ്റോക്കിന്റെ കണക്ക് ഇപോസ് മെഷീനിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ നീക്കം
റേഷന്‍കടയിലെ സ്റ്റോക്ക് വിവരം ഇനി പൊതുജനങ്ങള്‍ക്കും പരിശോധിക്കാം; കരിഞ്ചന്ത തടയാന്‍ പുതിയ നീക്കവുമായി സര്‍ക്കാര്‍

തിരുവനന്തപുരം; റേഷന്‍കടയിലിരിക്കുന്ന സ്റ്റോക്ക് പരിശോധിക്കാന്‍ ജനങ്ങള്‍ക്ക് അവസരം ഒരുക്കി സംസ്ഥാന സര്‍ക്കാര്‍. റേഷന്‍ കടയില്‍ ഓരോ മാസവും എത്തുന്ന സ്‌റ്റോക്കിന്റെ കണക്ക് ഇപോസ് മെഷീനിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിലൂടെ പൂഴ്ത്തിവെപ്പും മറിച്ചുവില്‍പ്പനയും ഒരു പരിധിവരെ തടയാനാകും എന്നാണ് ഭക്ഷ്യവകുപ്പിന്റെ കണക്കുകൂട്ടല്‍. 

http://epos.kerala.gov.in/Stock_Register_Interface.jsp  ലിങ്കില്‍ കയറിയശേഷം ജില്ല, താലൂക്ക്, റേഷന്‍ കടയുടെ നമ്പര്‍ എന്നിവ സെലക്റ്റ് ചെയ്താല്‍ ആ കടയിലെ റേഷന്‍ സാധനങ്ങളുടെ ഓരോ മാസത്തെയും സ്‌റ്റോക്ക് വിവരം ലഭ്യമാകും. എത്രകിലോ ഭക്ഷ്യധാന്യങ്ങള്‍ കടയിലെത്തിയെന്നും അതില്‍ എത്രയൊക്കെ സാധനങ്ങള്‍ ഏതൊക്കെ കാര്‍ഡുടമകള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന വിവരവും പട്ടിക തിരിച്ച് ലഭിക്കും. സംസ്ഥാനത്തെ ഏത് കടയിലെയും സ്‌റ്റോക്ക് വിവരങ്ങള്‍ ഇത്തരത്തില്‍ പരിശോധിക്കാനാവും. 

സാധനങ്ങള്‍ കടയിലുണ്ടായിട്ടും റേഷന്‍ നിഷേധിച്ചാല്‍ ബന്ധപ്പെട്ട ജില്ല/താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ക്ക് പരാതി നല്‍കാം. പരാതി കിട്ടിയാല്‍ ഇവരും കടയിലെ സ്‌റ്റോക്ക് വിവരം ഓണ്‍ലൈനായി പരിശോധിക്കും. തുടര്‍ന്ന് ബന്ധപ്പെട്ട റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ കടയില്‍ നേരിട്ട് പരിശോധന നടത്തുകയും പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടാല്‍ കടയുടമകളില്‍നിന്ന് പിഴ ഈടാക്കി ആ തുക കാര്‍ഡ് ഉടമക്ക് നല്‍കുകയും ചെയ്യും. 

റേഷന്‍ നിഷേധിച്ചാല്‍ കാര്‍ഡുടമക്ക് വ്യാപാരി പണം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിര്‍ദേശത്തിന് പിന്നാലെയാണ് ഇത് കൊണ്ടുവരുന്നത്. കൂടാതെ തൂക്കവെട്ടിപ്പ് തടയാന്‍ ബ്ലൂടൂത്ത് ത്രാസുകളും കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഇതിന്റെ പ്രാരംഭ ഘട്ടം എന്ന നിലയില്‍ തിരുവനന്തപുരത്ത് ഇത്രാസിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com