സര്‍ക്കാരിനെതിരെ പ്രതിഷേധം: യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ടിപി രാമകൃഷ്ണനെ വഴിയില്‍ തടഞ്ഞു

ശബരിമല വിഷയത്തിലും കെ സുരേന്ദ്രനെതിരേയുള്ള നടപടികളിലും പ്രതിഷേധിച്ചാണ് മന്ത്രിയെ തടഞ്ഞത്.
സര്‍ക്കാരിനെതിരെ പ്രതിഷേധം: യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ടിപി രാമകൃഷ്ണനെ വഴിയില്‍ തടഞ്ഞു

കോഴിക്കോട്: എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണനെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞു. ശബരിമല വിഷയത്തിലും കെ സുരേന്ദ്രനെതിരേയുള്ള നടപടികളിലും പ്രതിഷേധിച്ചാണ് മന്ത്രിയെ തടഞ്ഞത്. സംസ്ഥാന സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായിരുന്നു സമരം. കലക്ടറേറ്റില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുന്നതിനിടെ എരഞ്ഞിപ്പാലത്ത് വെച്ചാണ് മന്ത്രിയെ വഴിയില്‍ തടഞ്ഞത്. 

സംഭവവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഓര്‍ക്കാപ്പുറത്ത് റോഡിലേക്ക് പ്രവേശിച്ച പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് കൊടിയുമായി ചാടുകയായിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ വാഹനം വെട്ടിച്ച് മാറ്റി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് നീക്കും വരെ റോഡില്‍ നിര്‍ത്തി. പിന്നീടാണ് മന്ത്രി യാത്ര തുടര്‍ന്നത്.

മന്ത്രിമാരെയും മുഖ്യമന്ത്രിയേയും റോഡില്‍ തടയുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് ശക്തമായ സുരക്ഷയായിരുന്നു വാഹനങ്ങള്‍ക്ക് ഒരുക്കിയിരുന്നത്. പക്ഷെ പൈലറ്റ് വാഹനങ്ങളുടെ എണ്ണം കൂട്ടിയിട്ടും പ്രതിഷേധക്കാരെ തടയാന്‍ പോലീസിനായില്ല. 

കെ.സുരേന്ദ്രനെതിരെയുള്ള പോലീസ് നടപടിയില്‍ ബി.ജെ.പി നേതൃത്വം കാര്യമായ പ്രതിഷേധം നടത്തുന്നില്ലെന്നുള്ള ആരോപണത്തെ തുടര്‍ന്നാണ് മന്ത്രിമാരേയും മുഖ്യമന്ത്രിയെയും റോഡില്‍ തടയുന്ന രീതിയിലുള്ള പ്രതിഷേധത്തിലേക്ക് ബി.ജെ.പിയും യുവമോര്‍ച്ചയും പോയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com