'അഞ്ജനമെന്നത് ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും': ശോഭയെ ട്രോളി ദേവസ്വം മന്ത്രിയും

ബിജെപി നടത്തി വരുന്ന സത്യത്തിന് നിരക്കാത്ത കുപ്രചരണങ്ങള്‍ ഹൈക്കോടതിയിലും ആവര്‍ത്തിച്ചതാണ് ശോഭ സുരേന്ദ്രന് വിനയായതെന്ന് ദേവസ്വം മന്ത്രി ഫേസ്ബുക്കില്‍ എഴുതി.
'അഞ്ജനമെന്നത് ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും': ശോഭയെ ട്രോളി ദേവസ്വം മന്ത്രിയും

തിരുവനന്തപുരം: കേന്ദ്രമന്ത്രിയേയും ഹൈക്കോടതി ജഡ്ജിയെയും ശബരിമലയില്‍ പൊലീസ് അപമാനിച്ചെന്ന് കാണിച്ച് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനം നേരിട്ടിരിക്കുകയാണ് ബിജെപി കേന്ദ്ര നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രന്‍. സംഭവത്തില്‍ ശോഭ സുരേന്ദ്രനെ വിമര്‍ശിച്ച് നിരവധി രാഷ്ട്രിയപ്രവര്‍ത്തകരും അല്ലാത്തവരും രംഗത്തെത്തിയിരുന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ബിജെപി നടത്തി വരുന്ന സത്യത്തിന് നിരക്കാത്ത കുപ്രചരണങ്ങള്‍ ഹൈക്കോടതിയിലും ആവര്‍ത്തിച്ചതാണ് ശോഭ സുരേന്ദ്രന് വിനയായതെന്ന് ദേവസ്വം മന്ത്രി ഫേസ്ബുക്കില്‍ എഴുതി. പബ്ലിസിറ്റി സ്റ്റണ്ട് നടത്താനും വിലകുറഞ്ഞ പ്രശസ്തിക്കും വേണ്ടി കോടതിയെ ഉപയോഗിക്കരുതെന്ന വിമര്‍ശനം നിസാരമല്ലെന്നും അദ്ദേഹം പറഞ്ഞു. 'അഞ്ജനം എന്നത് ഞാനറിയും മഞ്ഞള്‍ പോലെ വെളുത്തിരിക്കും..' എന്ന പരിഹാസത്തോടെയാണ് ദേവസ്വം മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

അനാവശ്യ വാദങ്ങള്‍ ഉന്നയിക്കരുതെന്ന് ശോഭ സുരേന്ദ്രനോട് നിര്‍ദേശിച്ച കോടതി  25,000 രൂപ പിഴ ഒടുക്കണമെന്നും വിധിച്ചിരുന്നു. എന്നാല്‍, കോടതി വിധി വന്നതിന് പിന്നാലെ പിഴയടക്കില്ലെന്ന് ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. ഹൈക്കോടതിക്ക് മുകളില്‍ കോടതിയുണ്ടെന്നും സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. വിലകുറഞ്ഞ പ്രശസ്തി തനിക്ക് ആവശ്യമില്ല. മാപ്പ് പറഞ്ഞതിനെക്കുറിച്ച് അറിയില്ല. കോടതിയിലെ കാര്യങ്ങള്‍ അഭിഭാഷകനോട് ചോദിക്കുമെന്നും അവര്‍ വ്യക്തമാക്കി.

കടകംപള്ളി സുരേന്ദ്രന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം ചുവടെ

ബഹുമാനപ്പെട്ട ഹൈക്കോടതിയോട് മാത്രമല്ല അയ്യപ്പഭക്തരോടും പൊതുസമൂഹത്തോടും മാപ്പ് പറയാന്‍ ശ്രീമതി ശോഭ സുരേന്ദ്രന്‍ തയാറാകണം. വികൃതമായ ആരോപണങ്ങള്‍ എന്നാണു ശോഭ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയെ കുറിച്ച് ഹൈക്കോടതി വിലയിരുത്തിയത്. പബ്ലിസിറ്റി സ്റ്റണ്ട് നടത്താനും വിലകുറഞ്ഞ പ്രശസ്തിക്കും വേണ്ടി കോടതിയെ ഉപയോഗിക്കരുതെന്ന വിമര്‍ശനം നിസ്സാരമല്ല.

ശബരിമല വിഷയത്തില്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട ഹര്‍ജിയില്‍, വാസ്തവവിരുദ്ധമായ പരമാര്‍ശങ്ങള്‍ ഉണ്ടായിരുന്നതാണ് ഹൈക്കോടതി വിമര്‍ശനത്തിന് കാരണമെന്നാണ് അറിയുന്നത്. സമൂഹമധ്യത്തില്‍ കുറെ കാലമായി ബി.ജെ.പി നടത്തി വരുന്ന സത്യത്തിന് നിരക്കാത്ത കുപ്രചരണങ്ങള്‍ ഹൈക്കോടതിയിലും ആവര്‍ത്തിച്ചതാണ് ശോഭ സുരേന്ദ്രന് വിനയായത്. മാപ്പ് പറഞ്ഞ് ഹര്‍ജി പിന്‍വലിച്ച ശോഭ സുരേന്ദ്രന്‍ സമാന ആരോപണങ്ങള്‍ ഉയര്‍ത്തി കേരളമാകെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതിനും മാപ്പ് പറയണം.

കാല്‍ ലക്ഷം രൂപ പിഴയടയ്ക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചത് ശോഭ സുരേന്ദ്രന്‍ ഉന്നയിച്ച വികൃതമായ ആരോപണങ്ങള്‍ കണക്കിലെടുത്താണ്. മാപ്പ് പറഞ്ഞു തടി തപ്പുന്നത് ബി.ജെ.പിക്കാര്‍ക്ക് പുതുമയല്ല. അസത്യ പ്രചരണത്തിനും അതിക്രമങ്ങള്‍ക്കും നേതൃത്വം നല്‍കിയതിനുള്ള ചെറിയ ശിക്ഷയായി ഈ ഹൈക്കോടതി വിധിയെ കണക്കാക്കാം. ഇപ്പോള്‍ ശോഭ സുരേന്ദ്രന്‍ താന്‍ ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞിട്ടിലെന്ന്‍ ഒരു ചാനലില്‍ പറയുന്നത് കേട്ടു. ഇനി ഹര്‍ജിയെ നല്‍കിയിട്ടില്ലെന്ന് വരെ പറഞ്ഞേക്കാം.

“അഞ്ജനം എന്നത് ഞാനറിയും
മഞ്ഞള്‍ പോലെ വെളുത്തിരിക്കും.."

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com