ഓണ്‍ലൈന്‍ ഭക്ഷണസൈറ്റുകളുടെ ബഹിഷ്‌കരണം ഹോട്ടലുകള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു: ചര്‍ച്ചയ്ക്ക് ശേഷം തീരുമാനമെടുക്കും

ഓണ്‍ലൈന്‍ ഭക്ഷണ വ്യാപാര ബഹിഷ്‌കരണം കൊച്ചിയിലെ ഹോട്ടലുടമകള്‍ താല്‍കാലികമായി പിന്‍വലിച്ചു.
ഓണ്‍ലൈന്‍ ഭക്ഷണസൈറ്റുകളുടെ ബഹിഷ്‌കരണം ഹോട്ടലുകള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു: ചര്‍ച്ചയ്ക്ക് ശേഷം തീരുമാനമെടുക്കും

കൊച്ചി: ഓണ്‍ലൈന്‍ ഭക്ഷണ വ്യാപാര ബഹിഷ്‌കരണം കൊച്ചിയിലെ ഹോട്ടലുടമകള്‍ താല്‍കാലികമായി പിന്‍വലിച്ചു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികള്‍ ചര്‍ച്ചയ്ക്ക് തയ്യാറായതിനെ തുടര്‍ന്നാണ് നടപടി. ഡിസംബര്‍ ഒന്നു മുതലാണ് ഓണ്‍ലൈന്‍ കമ്പനികളുടെ ഓര്‍ഡറുകള്‍ സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനം കെഎച്ച്ആര്‍എ സ്വീകരിച്ചിരുന്നത്. 

ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ ബഹിഷ്‌കരണം തുടരുമെന്നും ഹോട്ടലുടമകള്‍ വ്യക്തമാക്കി. ഒരാഴ്ചയ്ക്കുള്ളില്‍ ഓണ്‍ലൈന്‍ കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നാണ് കെഎച്ച്ആര്‍എ വ്യക്തമാക്കിയിട്ടുള്ളത്. കൊച്ചി നഗരത്തിലെ എല്ലാ ഓണ്‍ലൈന്‍ ഭക്ഷണ വ്യാപാര കമ്പനികളെയും ബഹിഷ്‌കരിക്കാനായിരുന്നു തീരുമാനം. 

വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഓണ്‍ലൈന്‍ വ്യാപാര കമ്പനികള്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കെഎച്ച്ആര്‍എ ഇപ്പോള്‍ ബഹിഷ്‌കരണം താത്കാലികമായി പിന്‍വലിച്ചിരിക്കുന്നത്. ഹോട്ടല്‍ ഉടമകളില്‍നിന്ന് ഈടാക്കുന്ന കമ്മീഷന്‍ കുറയ്ക്കുക, അനാരോഗ്യകരമായ ഓഫറുകള്‍ നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹോട്ടലുടമകള്‍ മുന്നോട്ടുവയ്ക്കുന്നത്. 

ഓണ്‍ലൈന്‍ ഭക്ഷ്യവ്യാപാര സ്ഥാപനങ്ങള്‍ അമിതമായി ഓഫറുകള്‍ നല്‍കുന്നത് ആളുകള്‍ ഹോട്ടലുകളിലേക്ക് വരുന്നതില്‍ കുറവുണ്ടാക്കുന്നുവെന്നാണ് വാദം. ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി ബഹിഷ്‌കരണം നടത്താനാണ് കെഎച്ച്ആര്‍എയുടെ തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com