നില്ല് നില്ല് ചലഞ്ച് റോഡിനെ പോര്‍ക്കളമാക്കി; തിരൂരില്‍ നാട്ടുകാരും വിദ്യാര്‍ത്ഥികളും തമ്മിലടിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

വെള്ളിയാഴ്ച നഗരത്തിലൂടെ ഓടിയ വണ്ടി തടഞ്ഞുനിര്‍ത്തി വിദ്യാര്‍ത്ഥികള്‍ ഡാന്‍സ് കളിച്ചതാണ് പ്രശ്‌നത്തിന് കാരണമായത്
നില്ല് നില്ല് ചലഞ്ച് റോഡിനെ പോര്‍ക്കളമാക്കി; തിരൂരില്‍ നാട്ടുകാരും വിദ്യാര്‍ത്ഥികളും തമ്മിലടിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

തിരൂര്‍; റോഡിലൂടെ പോകുന്ന വാഹനം വഴിയില്‍ തടഞ്ഞ് നിര്‍ത്തി ഡാന്‍സ് കളിക്കുന്ന നില്ല് നില്ല് ചലഞ്ചിന്റെ പുറകെയാണ് യുവാക്കള്‍. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന ചലഞ്ചിനെതിരേ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ആളുകള്‍ക്ക് തലവേദന സൃഷ്ടിക്കുന്ന നില്ല് നില്ല് ചലഞ്ച് ഇപ്പോള്‍ സംഘര്‍ഷത്തിന് കാരണമായിരിക്കുകയാണ്. തിരൂരിലാണ് വിദ്യാര്‍ത്ഥികളും നാട്ടുകാരും തമ്മിലുള്ള സംഘര്‍ഷത്തിന് നില്ല് നില്ല് ചലഞ്ച് കാരണമായത്. 

സംഘര്‍ഷത്തില്‍ ഒരു യുവതിക്കുള്‍പ്പടെ നിരവധിപേര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച നഗരത്തിലൂടെ ഓടിയ വണ്ടി തടഞ്ഞുനിര്‍ത്തി വിദ്യാര്‍ത്ഥികള്‍ ഡാന്‍സ് കളിച്ചതാണ് പ്രശ്‌നത്തിന് കാരണമായത്. ഇതിനെത്തുടര്‍ന്ന് ഗതാഗത കുരുക്കുണ്ടായത് വലിയ ജനരോക്ഷത്തിന് കാരണമായി. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ മുതിര്‍ന്നവര്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. 

എന്നാല്‍ തിങ്കളാഴ്ച വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്നെത്തി നാട്ടുകാരെ മര്‍ദിക്കുകയായിരുന്നു. ക്രിക്കറ്റ് ബാറ്റും, സ്റ്റംപും, കത്തിയും, കുറുവടികളും കൊണ്ടായിരുന്നു സംഘര്‍ഷം. കല്ലേറില്‍ തൊട്ടടുത്ത കടയില്‍ ജോലി ചെയ്യുകയായിരുന്ന സുജാതയുടെ തലയ്ക്ക് പരിക്കേറ്റു. കൂടാതെ നിരവധിപേര്‍ക്കും പരുക്കേറ്റു. സംഘര്‍ഷത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ജാസി ഗിഫ്റ്റിന്റെ നില്ല് നില്ല് എന്ന് തുടങ്ങുന്ന ഗാനം വെച്ച് വണ്ടിയ്ക്ക് മുന്നില്‍ ഡാന്‍സ് കളിച്ച് ടിക് ടോക് വീഡിയോ ആക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതാണ് ചലഞ്ച്. പൊലീസ് ജീപ്പിന് മുന്നിലും ഓടുന്ന വണ്ടികള്‍ക്ക് മുന്നിലും ചാടിക്കയറിയാണ് യുവാക്കളുടെ ഡാന്‍സ്. ഇത് അപകടങ്ങള്‍ക്ക് വഴിവെക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com