പിഴയടക്കില്ലെന്ന് ശോഭാ സുരേന്ദ്രന്‍; മാപ്പുപറഞ്ഞിട്ടില്ല; ഹൈക്കോടതിക്ക് മുകളിലും കോടതിയുണ്ട്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 04th December 2018 03:01 PM  |  

Last Updated: 04th December 2018 03:01 PM  |   A+A-   |  

 

കൊച്ചി: ഹൈക്കോടതി നിര്‍ദ്ദേശിച്ച പിഴ അടക്കില്ലെന്നും താന്‍ പബ്ലിസിറ്റിക്കുവേണ്ടിയല്ല പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയതെന്നും ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും ഹൈക്കോടതിയ്ക്കു മുകളില്‍ കോടതിയുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ നാല്‍പത് ദിവസമായി പോലീസിനെ ഉപയോഗിച്ച് അയ്യപ്പ ഭക്തര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തി ജയിലില്‍ അടച്ചിരിക്കുകയാണ്. ഇക്കാര്യമാണ് കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. ഹൈക്കോടതിക്ക് മുകളില്‍ വേറെയും കോടതിയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഹൈക്കോടതിയില്‍ അഭിഭാഷകന്‍ മാപ്പു പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും അവര്‍ വ്യക്തമാക്കി.

ശബരിമലയിലെ പോലീസ് നടപടി ചോദ്യംചെയ്ത് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. പ്രശസ്തി ലക്ഷ്യംവെച്ചാണ് ഹര്‍ജിയെന്നും ദുരാരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.

കോടതിയുടെ സമയം പാഴാക്കിയതിന് 25000 രൂപ പിഴയടക്കാന്‍ ഉത്തരവിട്ടു. മാപ്പാക്കണമെന്നും ഹര്‍ജി പിന്‍വലിക്കുകയാണെന്നും ശോഭാ സുരേന്ദ്രന്റെ അഭിഭാഷകന്‍ അറിയിച്ചെങ്കിലും കോടതി സമ്മതിച്ചില്ല. തുക ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു.

പൊലീസ് നടപടിയ്‌ക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ ശോഭാ സുരേന്ദ്രനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വില കുറഞ്ഞ പ്രശസ്തിയ്ക്കായി കോടതിയെ ഉപയോഗിക്കരുതെന്ന് പറഞ്ഞ ഹൈക്കോടതി 25000 രുപ പിഴ നല്‍കണമെന്ന ആവശ്യത്തോടെ ഹര്‍ജി തള്ളുകയായിരുന്നു.വികൃതമായ ആരോപണങ്ങളാണ് ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ചതെന്നും നടപടി എല്ലാവര്‍ക്കും പാഠമാണെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞു.