ഹാദിയയോട് മാപ്പ് പറഞ്ഞ് സി.പി സുഗതന്‍; കര്‍സേവയ്ക്ക് പോയത് പക്വതയില്ലാത്ത പ്രായത്തില്‍, അയോധ്യ സംഭവം മതത്തെ രാഷ്ട്രീയമായി ഉപയോഗിച്ചതിന്റെ ഏറ്റവും വലിയ തെളിവ്

മതം മാറി വിവാഹം കഴിച്ച ഹാദിയയെ തലയും ഉടലും രണ്ടായി വലിച്ചു കീറണമെന്ന് പറഞ്ഞതില്‍ മാപ്പ് ചോദിച്ചു ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി സുഗതന്‍
ഹാദിയയോട് മാപ്പ് പറഞ്ഞ് സി.പി സുഗതന്‍; കര്‍സേവയ്ക്ക് പോയത് പക്വതയില്ലാത്ത പ്രായത്തില്‍, അയോധ്യ സംഭവം മതത്തെ രാഷ്ട്രീയമായി ഉപയോഗിച്ചതിന്റെ ഏറ്റവും വലിയ തെളിവ്

തം മാറി വിവാഹം കഴിച്ച ഹാദിയയെ തലയും ഉടലും രണ്ടായി വലിച്ചു കീറണമെന്ന് പറഞ്ഞതില്‍ മാപ്പ് ചോദിച്ചു ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി സുഗതന്‍. കര്‍സേവയില്‍ പങ്കെടുത്തത് പക്വതയില്ലാത്ത പ്രായത്തിലാണെന്നും മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയില്‍ സി.പി സുഗതന്‍ പറഞ്ഞു. 

ഹിന്ദു പാര്‍ലമെന്റ് നേതാവിനെ നവോത്ഥാന പ്രചാരണ പരിപാടിയായ വനിതാ മതിലിന്റെ ജോയിന്റ് കണ്‍വീനര്‍ ആക്കിയ സര്‍ക്കാര്‍ നടപടി വിവാദമായിരുന്നു. ഇതിന് പിന്നാലെ ശബരിമല യുവതി പ്രവേശനത്തിന് വേണ്ടിയാണ് വനിതാ മതില്‍ ഒരുക്കുന്നതെങ്കില്‍ പിന്തുണയ്ക്കില്ല എന്ന് സുഗതന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സുഗതനെ ജോയിന്റ് കണ്‍വീനറാക്കിയ നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്ത് വന്നു. പിന്നീട് സുഗതന്‍ വീണ്ടും നിലപാട് തിരുത്തി. ശബരിമലയില്‍ യുവതികളെത്തിയാല്‍ തടയില്ലെന്നും മുന്‍നിലപാടില്‍ തെറ്റുപറ്റിയെന്നും സുഗതന്‍ പറഞ്ഞു. നിലപാട് മാറ്റിയതിന്റെ പശ്ചാതലത്തില്‍ സുഗതന്‍ വനിതാ മതിലിന്റെ ജോയിന്റ് കണ്‍വീനറായി തുടരും. ഈ വിഷയം ചര്‍ച്ച ചെയ്ത പരിപാടിയിലായിരുന്നു സുഗതന്‍ മാപ്പ് പറഞ്ഞത്. 

ഞാനൊരു അച്ഛനാണ്, എനിക്ക് എട്ടാംക്ലാസില്‍ പഠിക്കുന്ന ഒരു മകളുണ്ട്. അപ്പോള്‍ അച്ഛന്റെ സ്ഥാനത്ത് നിന്നുകൊണ്ട് ചിന്തിച്ചപ്പോള്‍ ഒരച്ഛന്റെ വികാരം ഞാനവിടെ പ്രകടിപ്പിച്ചതാണ്. ഹാദിയയുടെ കേസ് എന്തുകൊണ്ടാണ് സുപ്രീംകോടതിയില്‍ പോയത്? അതില്‍ ചില തീവ്രവാദ സംഘടനകള്‍ ഇടപെട്ടിരുന്നു. ആ ഇടപെടലില്‍ നിന്നുണ്ടായ ഒരു സാമൂഹ്യ ദുരന്തമെന്ന് കണ്ടുകൊണ്ടാണ് പോസ്റ്റിട്ടത്. പിന്നീട് സുപ്രീംകോടതി തന്നെ ആ കുട്ടി തെറ്റ് ചെയ്തില്ലെന്ന് ക്ലിയര്‍ ചെയ്തു. ഇതില്‍ അച്ഛന്റെയും അമ്മയുടെയും ദുഃഖത്തിന് ഒപ്പമാണ് ഞാന്‍. പക്ഷേ എന്റെ വാക്കുകൊണ്ട് ആ കുഞ്ഞിന് എന്തെങ്കിലും വിഷയം വന്നിട്ടുണ്ടെങ്കില്‍ ഞാനതില്‍ നിര്‍വ്യാജം ഖേദിക്കുന്നു. ആ കുഞ്ഞിന്ന് സന്തോഷമായി ജീവിക്കുകയാണ്. അതില്‍ ഞാന്‍ സന്തോഷവാനാണ്'- സുഗതന്‍ പറഞ്ഞു. 

ഇരുപത്തിയാറാം വയസ്സില്‍ ദേശീയ ധാരണകളുടെ അടിസ്ഥാനത്തിലാണ് ബാബറി മസ്ജിദ് പൊളിക്കാന്‍ പോയതെന്നും സുഗതന്‍ പറഞ്ഞു. ഇന്നെനിക്ക് ഇരട്ടി പ്രായമായി, ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം എന്തിനാണോ അന്ന് ഞങ്ങളെ വിളിച്ചു വരുത്തിയത്,അതൊരു രാഷ്ട്രീയ തന്ത്രമാണെന്നും അത് സമൂഹത്തിലെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണെന്ന് മനസ്ലിലായെന്നും സുഗതന്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരം നേടാനായി മതങ്ങളെ ഉപയോഗിക്കുന്നു എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് അയോധ്യ സംഭവമെന്നും സുഗതന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com