ഹൈക്കോടതി നിരീക്ഷണ സമിതി ഇന്ന് സന്നിധാനത്ത് ; തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ വിലയിരുത്തും ; നുണങ്ങാറിന് ആഴം കൂട്ടാന്‍ നിര്‍ദേശം

ഹൈക്കോടതി നിരീക്ഷണ സമിതി ഇന്ന് സന്നിധാനത്ത് ; തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ വിലയിരുത്തും ; നുണങ്ങാറിന് ആഴം കൂട്ടാന്‍ നിര്‍ദേശം

ഇന്നലെ നിലയ്ക്കലും പമ്പയിലും സംഘം പരിശോധന നടത്തിയ നിരീക്ഷണ സമിതി തീർഥാടകർക്കുള്ള സൗകര്യം വിലയിരുത്തി

ശബരിമല : ഹൈക്കോടതി നിയോ​ഗിച്ച നിരീക്ഷണ സമിതി ഇന്ന് സന്നിധാനത്തെത്തും. സന്നിധാനത്തെ ഒരുക്കങ്ങൾ സംഘം വിലയിരുത്തും. ദേവസ്വം ബോർഡ് ഓംബുഡ്സ്മാൻ കൂടിയായ ജസ്റ്റിസ് പി ആർ  രാമൻ, ജസ്റ്റിസ് എസ് സിരിജഗൻ, ഡി ജി പി എ ഹേമചന്ദ്രൻ എന്നിവരടങ്ങുന്നതാണ് സമിതി. 

ഹേമചന്ദ്രൻ ഇന്നലെ രാത്രി തന്നെ സന്നിധാനത്തെത്തി. മറ്റുള്ളവർ ഇന്ന് രാവിലെ സന്നിധാനത്തെത്തും. ഇന്നലെ നിലയ്ക്കലും പമ്പയിലും സംഘം പരിശോധന നടത്തിയ നിരീക്ഷണ സമിതി തീർഥാടകർക്കുള്ള സൗകര്യം വിലയിരുത്തി.  നിലയ്ക്കലെ സൗകര്യം തൃപ്തികരമാണെന്ന് സമിതി വിലയിരുത്തി. എന്നാൽ പമ്പയിലും പരിസരത്തും അസഹ്യമായ ദുർഗന്ധമുള്ളതായി സമിതി ചൂണ്ടിക്കാട്ടി. 

കുടിവെള്ള ശുദ്ധീകരണത്തിനുള്ള റിവേഴ്സ് ഓസ്മോസിസ് പ്ലാന്റ്, തീർഥാടകർക്ക് വിരിവെക്കാനുള്ള തീർഥാടകകേന്ദ്രം, കക്കൂസുകൾ, പാർക്കിങ് സൗകര്യം, ബസ്‌സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെയും പൊലീസുകാരുടെയും താമസ സൗകര്യം, ആശുപത്രി എന്നിവയൊക്കെയാണ് പരിശോധിച്ചത്.  മല-മൂത്ര വിസർജ്യത്തിന്റെ ഫലമായി പമ്പയിലും പരിസരത്തും അസഹനീയമായ ദുർഗന്ധം നിലനിൽക്കുന്നതായും സമിതി അംഗങ്ങൾ പറഞ്ഞു.

ഒഴുക്കുനിലച്ച നുണങ്ങാറിൽ ആഴം കൂട്ടി ഒഴുക്ക്‌ സുഗമമാക്കണമെന്ന് നിർദേശിച്ചു. എന്നാൽ, പമ്പയിലെ സൗകര്യങ്ങളെക്കുറിച്ച് വ്യക്തമായ വിലയിരുത്തൽ പരസ്യമായി പ്രകടിപ്പിക്കാൻ സമിതി തയ്യാറായില്ല. പമ്പയിലെ ആഞ്ജനേയ ഓഡിറ്റോറിയത്തിനുസമീപം ചില സർക്കാർ വാഹനങ്ങൾ നിർത്തിയിട്ടത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശിച്ചു. പൊലീസുകാരുടെ താമസസൗകര്യത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്തു ചെയ്യാനാവുമെന്ന് ഇന്നത്തെ യോ​ഗം പരിശോധിക്കുമെന്ന് ജസ്റ്റിസ് പി ആർ രാമൻ അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com