എസ് രമേശന്‍ നായര്‍ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം
By സമകാലികമലയാളം ഡെസ്‌ക് | Published: 05th December 2018 04:34 PM |
Last Updated: 05th December 2018 04:56 PM | A+A A- |

ന്യൂഡല്‍ഹി: കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായര്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദര്‍ശനവും വിവരിക്കുന്ന 'ഗുരുപൗര്‍ണമി' എന്ന പുസ്തകത്തിനാണ് പുരസ്‌കാരം.
1985ല്‍ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചുകൊണ്ടാണ് മലയാളചലച്ചിത്ര രംഗത്ത് രമേശന്‍ നായര്‍ പ്രവേശിക്കുന്നത്. ഗാനരചനാ രംഗത്താണ് ഇദ്ദേഹത്തിന്റെ പ്രധാന സംഭാവന. ധാരാളം ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്.കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ സബ് എഡിറ്ററായും ആകാശവാണിയില്‍ നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചിരുന്നു.
1948 മെയ് മൂന്നിന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്തായിരുന്നു എസ്. രമേശന്‍ നായരുടെ ജനനം. സരയൂ തീര്‍ത്ഥം, അളകനന്ദ, സ്വാതിമേഘം, ജന്മപുരാണം, സൂര്യഹൃദയം, അഗ്രേപശ്യാമി(കവിതാസമാഹാരങ്ങള്‍), ആള്‍രൂപം, സ്ത്രീപര്‍വ്വം, വികടവൃത്തം, ശതാഭിഷേകം, കളിപ്പാട്ടങ്ങള്‍, ഉറുമ്പുവരി, കുട്ടികളുടെ ചിലപ്പതികാരം(ബാലസാഹിത്യം), തിരുക്കുറള്‍, ചിലപ്പതികാരം, സുബ്രഹ്മണ്യഭാരതിയുടെ കവിതകള്‍, സംഗീതക്കനവുകള്‍(വിവര്‍ത്തനങ്ങള്‍) എന്നിവയാണ് മുഖ്യകൃതികള്‍. നൂറ്റമ്പതോളം ചലച്ചിത്രഗാനങ്ങള്‍ക്ക് അദ്ദേഹം രചന നിര്‍വ്വഹിച്ചിട്ടുണ്ട്. ഇടശ്ശേരി അവാര്‍ഡ്, വെണ്‍മണി അവാര്‍ഡ്, പൂന്താനം അവാര്‍ഡ്, 2010ലെ സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, മഹാകവി ഉള്ളൂര്‍ അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ക്ക് അദ്ദേഹം അര്‍ഹനായിട്ടുണ്ട്.