ചികിത്സയ്ക്ക് വന്‍തുക ചെലവാക്കേണ്ടി വരുന്ന കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ കൈത്താങ്ങാവാണം: സുപ്രധാന നിര്‍ദേശവുമായി ഹൈക്കോടതി
By സമകാലികമലയാളം ഡെസ്‌ക് | Published: 05th December 2018 04:59 AM |
Last Updated: 05th December 2018 04:59 AM | A+A A- |

കൊച്ചി: കുട്ടികള്‍ ഉള്‍പ്പെടെ കുടുംബാംഗങ്ങളുടെ ചികിത്സാ ചെലവിന് വന്‍തുക ചെലവിടേണ്ടി വരുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. മാധ്യമങ്ങളിലൂടെ സഹായം തേടുന്നവരുടെ ദുരിതക്കാഴ്ചകള്‍ ഹൃദയഭേദകമാണ്. കൊടിയ ദുരിതങ്ങള്‍ നേരിടേണ്ടി വരുന്നവര്‍ക്ക് മിനിമം അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ചികിത്സയ്ക്കും മറ്റും മാര്‍ഗമില്ലാത്തവരെ സഹായിക്കാന്‍ സര്‍ക്കാരിന് സംവിധാനങ്ങളുണ്ടോ എന്നറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. സാമൂഹിക ഉന്നമനത്തിനും മനുഷ്യാവകാശത്തിനും പൊതുഫണ്ടില്‍നിന്ന് വന്‍തുക ചെലവിടുന്ന സര്‍ക്കാര്‍ ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിക്കാന്‍ ഇടപെടാത്തത് അലോസരമുണ്ടാക്കുന്നതാണെന്ന് കോടതി പറഞ്ഞു.
ദാരിദ്ര്യം ഉള്‍പ്പെടെ പല കാരണങ്ങളാല്‍ സ്വയം സംരക്ഷിക്കാനാവാത്തവരെ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു. മലപ്പുറം ജില്ലയിലെ അലവിയുടെ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്. ഭാര്യയും 2 കുട്ടികളുമുള്‍പ്പെട്ട കുടുംബത്തിന്റെ സംരക്ഷണത്തിനൊപ്പം 2 കുട്ടികള്‍ക്കും ചികിത്സ വേണ്ടിവന്നതിനെ തുടര്‍ന്ന് കടക്കെണിയിലായ ഹര്‍ജിക്കാരന്‍ ബാങ്കിന്റെ കടമീടാക്കല്‍ നടപടി ചോദ്യം ചെയ്താണ് കോടതിയിലെത്തിയത്.
ഹര്‍ജിക്കാരന്‍ പലതരം വായ്പ എടുത്തതു കുട്ടികളുടെ ചികിത്സാവശ്യത്തിനായിരുന്നു. ചികിത്സയ്ക്കു വന്‍തുക ഇപ്പോഴും വേണം. കുടുംബത്തിന്റെ അവസ്ഥ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ മുഖേന വിലയിരുത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ മലപ്പുറം കലക്ടറെ കോടതി ചുമതലപ്പെടുത്തി. തുടര്‍ന്നൊരു ഉത്തരവ് വരെ ബാങ്കിന്റെ നടപടികള്‍ മാറ്റിവയ്ക്കാനും കോടതി നിര്‍ദേശിച്ചു.