അര്‍ധരാത്രി പമ്പില്‍ തോക്കു ചൂണ്ടി മോഷ്ടാവ്; ജീവനക്കാരുമായി പിടിവലി, പണം നിലത്തുവീണ് കവര്‍ച്ച പൊളിഞ്ഞു, നാടകീയ രംഗങ്ങള്‍ 

കാരന്തൂര്‍- മെഡിക്കല്‍ കോളേജ് റോഡില്‍ പെട്രോള്‍ പമ്പില്‍ അര്‍ധരാത്രി തോക്കു ചൂണ്ടി പണം തട്ടാന്‍ ശ്രമം
അര്‍ധരാത്രി പമ്പില്‍ തോക്കു ചൂണ്ടി മോഷ്ടാവ്; ജീവനക്കാരുമായി പിടിവലി, പണം നിലത്തുവീണ് കവര്‍ച്ച പൊളിഞ്ഞു, നാടകീയ രംഗങ്ങള്‍ 

കോഴിക്കോട്: കാരന്തൂര്‍- മെഡിക്കല്‍ കോളേജ് റോഡില്‍ പെട്രോള്‍ പമ്പില്‍ അര്‍ധരാത്രി തോക്കു ചൂണ്ടി പണം തട്ടാന്‍ ശ്രമം. ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലം ശ്രമം വിഫലമായി. പണം സൂക്ഷിച്ചിരുന്ന ബാഗുമായി രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവും ജീവനക്കാരും തമ്മില്‍ നടന്ന പിടിവലിക്കിടെ ബാഗില്‍നിന്നു പണം താഴെ വീഴുകയായിരുന്നു.

കൊളായിത്താഴത്തെ സി. ദേവദാസന്‍ ആന്‍ഡ് ബ്രദേഴ്‌സ് എന്ന ഭാരത് പെട്രോളിയം പമ്പിലാണ് മോഷണശ്രമമുണ്ടായത്. തിങ്കളാഴ്ച രാത്രി പതിനൊന്നേമുക്കാലോടെ കലക്ഷന്‍ തുകയായ 1,70,000 രൂപ ബാഗിലാക്കി ജീവനക്കാരന്‍ തൊട്ടടുത്തുള്ള വീട്ടിലെത്തിക്കാന്‍ ശ്രമിക്കുമ്പോഴാണു സംഭവം. മുഖം മറച്ചെത്തിയ ആള്‍ ബാഗ് കൈക്കലാക്കി. ജീവനക്കാരനും മോഷ്ടാവും തമ്മില്‍ പിടിവലിയായി. തൊട്ടടുത്ത മുറിയില്‍ വിശ്രമിക്കുകയായിരുന്ന മറ്റൊരു ജീവനക്കാരന്‍ ബഹളം കേട്ട് എത്തിയപ്പോഴേക്കും മോഷ്ടാവ് ബാഗുമായി രക്ഷപ്പെട്ടു.

സിപ്പ് ഇടാതിരുന്ന ബാഗില്‍നിന്നു പിടിവലിക്കിടെ പണം നിലത്തു വീണിരുന്നു. ജീവനക്കാര്‍ക്ക് നേരെ മോഷ്ടാവ് തോക്കു ചൂണ്ടിയതായി പറയുന്നു. ജീവനക്കാര്‍ വിവരം അറിയിച്ചത് അനുസരിച്ച് എത്തിയ പൊലീസ് പരിസരപ്രദേശങ്ങളില്‍ വ്യാപകമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

വെള്ള ടീ ഷര്‍ട്ട് ധരിച്ച് ഉയരം കുറഞ്ഞ ആളാണു മോഷ്ടാവെന്നു ജീവനക്കാര്‍ വിവരം നല്‍കി. രാത്രി 10ന് പമ്പ് അടച്ചിരുന്നതിനാല്‍ ലൈറ്റുകള്‍ ഓഫാക്കിയിരുന്നു. പെട്രോള്‍ പമ്പിലെയും പരിസരങ്ങളിലെയും സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും വ്യക്തത ലഭിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com