ആനക്കൊമ്പ് വിവാദം: മോഹന്‍ലാല്‍ കുരുക്കിലേക്ക്, കേന്ദ്രം അന്വേഷണം തുടങ്ങി

അനധികൃതമായി ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ച കേസില്‍ നടന്‍ മോഹന്‍ലാലിനെതിരേ കേന്ദ്ര വന്യജീവി കുറ്റകൃത്യ നിവാരണ ബ്യൂറോ വിഭാഗം അന്വേഷണം തുടങ്ങി
ആനക്കൊമ്പ് വിവാദം: മോഹന്‍ലാല്‍ കുരുക്കിലേക്ക്, കേന്ദ്രം അന്വേഷണം തുടങ്ങി

കൊച്ചി :  അനധികൃതമായി ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ച കേസില്‍ നടന്‍ മോഹന്‍ലാലിനെതിരേ കേന്ദ്ര വന്യജീവി കുറ്റകൃത്യ നിവാരണ ബ്യൂറോ വിഭാഗം അന്വേഷണം തുടങ്ങി. താരത്തെ കേസില്‍നിന്നു രക്ഷിക്കാന്‍ വനംവകുപ്പ് ചട്ടലംഘനം നടത്തിയെന്ന സി.എ.ജി. റിപ്പോര്‍ട്ടിന് പിന്നാലെയാണ് കേന്ദ്ര വന്യജീവി കുറ്റകൃത്യ നിവാരണ ബ്യൂറോ അന്വേഷണം തുടങ്ങിയതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. 

കേരളത്തിലെ ഒരു വിഭാഗം ആനപ്രേമികളുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. ആദായനികുതി വകുപ്പ് മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയില്‍ നടത്തിയ പരിശോധനയിലാണ് നാല് ആനക്കൊമ്പുകള്‍ കണ്ടെടുത്തത്.ഇതിന്റെ ഉടമസ്ഥാവകാശരേഖകള്‍ താരത്തോടാവശ്യപ്പെട്ടെങ്കിലും ഹാജരാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നു വനംവകുപ്പ് കേസെടുത്തു. എന്നാല്‍, നിയമത്തില്‍ ഇളവു വരുത്തി താരത്തെ കേസില്‍നിന്ന് ഒഴിവാക്കുകയായിരുന്നുവെന്നാണ് സി.എ.ജി. റിപ്പോര്‍ട്ട്.  

ഉടമസ്ഥാവകാശ രേഖയില്ലാത്ത ആനക്കൊമ്പ് കണ്ടെടുത്താല്‍ അവ പിടിച്ചെടുത്ത് ഗസറ്റില്‍ പരസ്യംചെയ്ത് യഥാര്‍ത്ഥ ഉടമയെ കണ്ടെത്തുകയോ സര്‍ക്കാരിലേക്കു കണ്ടുകെട്ടുകയോ വേണമെന്നാണ് ചട്ടം. ഇതൊന്നും താരത്തിന്റെ കേസില്‍ പാലിക്കപ്പെട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു സി.എ.ജിയുടെ റിപ്പോര്‍ട്ട്. സംഭവത്തില്‍ വീഴ്ച വരുത്തിയതായി അന്വേഷണസംഘം കണ്ടെത്തിയാല്‍ താരവും സഹായിച്ച ഉദ്യോഗസ്ഥരും കുടുതല്‍ കുരുക്കിലാകും.മൃഗശേഷിപ്പുകള്‍ വെളിപ്പെടുത്താന്‍ അവസരം നല്‍കി എന്ന പരിഗണനയാണ് താരത്തിന് വനംവകുപ്പ് നല്‍കിയത്. ഇത് ചട്ടലംഘനമാണെന്ന് വ്യക്തമായ സ്ഥിതിക്ക് കേന്ദ്ര ഇടപെടല്‍ കേസില്‍ നിര്‍ണായകമാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com