വയനാട് ലോക്‌സഭാ സീറ്റില്‍ സികെ ജാനുവിനെ മത്സരിപ്പിക്കാന്‍ സിപിഐ നീക്കം; വനിതാ മതിലില്‍ പങ്കെടുക്കും

വയനാട് ലോക്‌സഭാ സീറ്റില്‍ സികെ ജാനുവിനെ മത്സരിപ്പിക്കാന്‍ സിപിഐ നീക്കം - വനിതാ മതിലില്‍ പങ്കെടുക്കും
വയനാട് ലോക്‌സഭാ സീറ്റില്‍ സികെ ജാനുവിനെ മത്സരിപ്പിക്കാന്‍ സിപിഐ നീക്കം; വനിതാ മതിലില്‍ പങ്കെടുക്കും

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി സികെ ജാനുവിനെ മത്സരിപ്പിക്കാന്‍ നീക്കം. ഇക്കാര്യത്തില്‍ സിപിഎമ്മിനും എതിര്‍പ്പില്ലെന്നാണ് സൂചന. വയനാട് മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കാറുള്ളത്. സത്യന്‍മൊകേരിയോ, സുനീറോ സ്ഥാനാര്‍ത്ഥിയാകുന്നതിനെക്കാള്‍ സികെ ജാനുവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതാവും ഗുണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. അതേസമയം മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് നേതാക്കളുമായി ചര്‍ച്ച നടന്നതായി സി കെ ജാനു പറഞ്ഞു

എന്‍ഡിഎ വിട്ട ശേഷം സി കെ ജാനുവിന്റെ നേതൃത്വത്തിലുളള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എല്‍ഡിഎഫ് നേതൃത്വവുമായി മൂന്ന് വട്ടം ചര്‍ച്ച നടത്തി. മന്ത്രി എ കെ ബാലനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്. മുന്നണിയില്‍ കക്ഷിയാക്കണമെന്നും ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രാതിനിധ്യം വേണമെന്നുമാണ് ജാനു ഉന്നയിച്ച ആവശ്യം. ലോക് താന്ത്രിക്ക് ജനതാദളും ഐഎന്‍എലും മുന്നണി പ്രവേശനം കാത്തു നില്‍ക്കെ ഉടന്‍ ഘടകകക്ഷിയാക്കുന്നതിലുളള പ്രയാസം മുന്നണി നേതൃത്വം ജാനുവിനെ അറിയിച്ചു. 

എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന വാഗ്ദാനം സിപിഐ നേതൃത്വം തന്നെ ജാനുവിന് നല്‍കിയതായാണ് സൂചന. കൂടാതെ ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങളും ഉറപ്പ് നല്‍കിയിട്ടുണ്ട്. മുന്നണി പ്രവേശന കാര്യത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ വനിതാ മതില്‍ സംഘാടക സമിതി യോഗത്തില്‍ ജാനു പങ്കെടുത്തിരുന്നില്ല. എന്നാല്‍ എല്‍ഡിഎഫ് യോഗം ചേരുന്ന പശ്ചാത്തലത്തില്‍ സിപിഐ നിര്‍ദ്ദേശ പ്രകാരം ജാനു ഇന്നലെ തിരുവനന്തപുരത്തെത്തിയിരുന്നു.

''നമ്മുടെ ആവശ്യം അനുസരിച്ച് ഘടകകക്ഷിയായിട്ട് മുന്നണിയില്‍ പരിഗണിക്കുന്നതിന്റെ ഭാഗമായി ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ ലെറ്റര്‍ പാഡില്‍ ഒരു കത്ത് നമ്മളവര്‍ക്ക് കൊടുക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആ കത്ത് അടുത്ത ദിവസം തന്നെ എത്തിക്കാനായിട്ടുള്ള സംവിധാനം ചെയ്യും. മുന്നണി എന്ന നിലയില്‍ തന്നെ നമ്മളെ സ്വീകരിക്കും എന്നുള്ള നിലപാടാണ് ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്ന് വളരെ സജീവമായിട്ട് വന്നിരിക്കുന്നത്.'' സി കെ ജാനു പറഞ്ഞു. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച ജാനു 30000ത്തോളം വോട്ടുകള്‍ നേടിയിരുന്നു. അതേസമയം ജാനുവിന്റെ പാര്‍ട്ടിയെ മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നായിരുന്നു ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്റെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com