വനിതാ മതിലില്‍ കൈകോര്‍ക്കാനെത്തുക 30 ലക്ഷത്തിലേറെ സ്ത്രീകള്‍ ; സംഘാടക സമിതി ഒരുക്കങ്ങള്‍ തുടങ്ങി
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th December 2018 07:27 AM |
Last Updated: 06th December 2018 07:27 AM | A+A A- |
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരളത്തെ ഇരുണ്ട കാലഘട്ടത്തിലേക്ക് തിരികെ വിടാനില്ലെന്ന പ്രഖ്യാപനത്തോടെ പുതുവര്‍ഷത്തില്‍ നടക്കുന്ന വനിതാ മതിലില്‍ അണി നിരക്കുക 30 ലക്ഷത്തോളം സ്ത്രീകളെന്ന് റിപ്പോര്‍ട്ടുകള്‍. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വെള്ളയമ്പലം വരെയാണ് വനിതാമതില്‍ ഉയരുക. ജനുവരി ഒന്നാംതിയതി വൈകുന്നരേം നാല് മണിക്ക് ദേശീയപാതയിലാണ് നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുകയെന്ന് മുദ്രാവാക്യത്തോടെ സ്ത്രീകള്‍ മതില്‍ തീര്‍ക്കുന്നത്.
എഴുത്തുകാരികളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും മതിലില്‍ അണി ചേര്‍ക്കാന്‍ തീരുമാനമായിട്ടുണ്ട്. വെള്ളപ്പള്ളി നടേശനും പുന്നല ശ്രീകുമാറുമാണ് വനിതാ മതിലിന് നേതൃത്വം നല്‍കുന്നത്.
പരിപാടിയില്‍ പങ്കെടുക്കുന്നതിനായി സ്ത്രീകളെ പ്രേരിപ്പിക്കാന്‍ വീടുകള്‍തോറും കയറിയിറങ്ങി പ്രചാരണം നടത്തുമെന്നാണ് സംഘാടക സമിതി പറയുന്നത്. കാസര്‍കോട് നഗരത്തില്‍ നിന്ന് തുടങ്ങി കണ്ണൂര്‍-മാഹി-രാമനാട്ടുകരയില്‍ നിന്ന് മലപ്പുറത്തേക്കും പെരിന്തല്‍മണ്ണ-പട്ടാമ്പി , ചെറുതുരുത്തി അങ്കമാലി ആലുവ വൈറ്റില വഴി ആലപ്പുഴയിലേക്കും ഓച്ചിറ കരുനാഗപ്പള്ളി-കൊല്ലം- വെള്ളയമ്പലം വരെയാണ് വനിതാമതിലിന്റെ വഴി നിശ്ചയിച്ചിരിക്കുന്നത്. എല്ലാജില്ലകളില്‍ നിന്നുള്ളവരുടെ പങ്കാളിത്തവും ഉറപ്പ് വരുത്താന്‍ തീരുമാനമായിട്ടുണ്ട്.
മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സാമുദായിക സംഘടനകളുടെ യോഗത്തിലാണ് വനിതാ മതില്‍ സംഘടിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ സി പി സുഗതന്‍ ഉള്‍പ്പടെ ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ത്തവര്‍ സംഘാടക സമിതിയില്‍ കയറിക്കൂടിയതോടെ വിവാദമുയര്‍ന്നിരുന്നു.