വിദേശത്ത് ലക്ഷത്തിലേറെ ശമ്പളം, വീട്ടില്‍ അതീവരഹസ്യമായി കളളനോട്ടടി; ഞെട്ടി നാട്ടുകാര്‍

മെച്ചപ്പെട്ട അന്തരീക്ഷത്തില്‍ കഴിയുന്ന യുവാവ് പൊടുന്നനെ കള്ളനോട്ട് നിര്‍മാണത്തിലേക്ക് കടന്നതിന്റെ അമ്പരപ്പിലാണ് കോഴിക്കോട് ബാലുശേരി ഗ്രാമം
വിദേശത്ത് ലക്ഷത്തിലേറെ ശമ്പളം, വീട്ടില്‍ അതീവരഹസ്യമായി കളളനോട്ടടി; ഞെട്ടി നാട്ടുകാര്‍

കോഴിക്കോട്: വിദേശത്ത് ലക്ഷത്തിലേറെ ശമ്പളമുളള ഉയര്‍ന്ന ജോലി. കുടുംബസമേതം ബഹറൈനില്‍ താമസം. മെച്ചപ്പെട്ട അന്തരീക്ഷത്തില്‍ കഴിയുന്ന യുവാവ് പൊടുന്നനെ കള്ളനോട്ട് നിര്‍മാണത്തിലേക്ക് കടന്നതിന്റെ അമ്പരപ്പിലാണ് കോഴിക്കോട് ബാലുശേരി ഗ്രാമം. കള്ളനോട്ട് നിര്‍മാണത്തിനിടെ  പിടിയിലായ ബാലിശേരി മീത്തലയില്‍ രാജേഷ് കുമാര്‍  അവധിക്കു നാട്ടിലെത്തിയ സമയത്താണ് പൊലീസിന്റെ പിടിയിലായത്. അതേ സമയം അച്ചടിച്ച നോട്ടുകള്‍ ഇതുവരെ പുറത്ത് വിതരണം ചെയ്തിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

ആറുമാസം മുമ്പാണ്  ബഹറൈനില്‍ നിന്ന് രാജേഷ് നാട്ടിലെത്തിയത്. ഭാര്യക്ക് അവധിയില്ലാത്തതിനാല്‍ തനിച്ചായിരുന്നു വീട്ടിലെത്തിയത്. രണ്ടുമാസം മുമ്പ് വയനാട് ചെതലയത്ത് മാനിനെ വേട്ടയാടിയ കേസില്‍ വനം വകുപ്പിന്റെ പിടിയിലായി. റിമാന്‍ഡിലായി കോഴിക്കോട് സബ്ജയിലില്‍ കഴിയുമ്പോള്‍ മറ്റുപ്രതികളുമായി സൗഹൃദമുണ്ടാക്കി. ഇതാണ് പ്രതിയെ കളളനോട്ടടിയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

ജയിലില്‍ വച്ചാണ് കളളനോട്ടടിയെ കുറിച്ചുള്ള ഗൂഡാലോചന തുടങ്ങുന്നത്. ജാമ്യത്തില്‍ പുറത്തിറങ്ങിയ കൂട്ടുപ്രതികളുമായി  ചേര്‍ന്ന് സ്വന്തം വീട്ടില്‍ രാജേഷ് നോട്ടടി ആരംഭിക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് വൈറ്റില സ്വദേശി ഗില്‍ബര്‍ട്ട് വീട്ടിലെത്തി. അടുത്ത സുഹൃത്താണെന്നും കേസില്‍ പെട്ടതിനാല്‍ മാറിനില്‍ക്കാനാണ് എത്തിയതെന്നുമായിരുന്നു രാജേഷ് സ്വന്തം അമ്മയെ വിശ്വസിപ്പിച്ചത്. പിറകെ  നല്ലളം സ്വദേശി താനിലശേരി വൈശാഖും വീട്ടിലെത്തി. വീടിന്റെ മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ അതീവരഹസ്യമായി കള്ളനോട്ടുണ്ടാക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കി. നോട്ടിന്റെ ഒരുഭാഗം അച്ചടി പൂര്‍ത്തിയാക്കുമ്പോഴാണ് പൊലീസ് വീടുവളഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com