ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ സംഘടനകള്‍; കനത്ത ജാഗ്രതയില്‍ പൊലീസ്; നേതാക്കള്‍ നിരീക്ഷണത്തില്‍

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച് കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ചില സംഘടനകള്‍ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ സംഘടനകള്‍; കനത്ത ജാഗ്രതയില്‍ പൊലീസ്; നേതാക്കള്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച് കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ചില സംഘടനകള്‍ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഇതിനായി ശ്രമിക്കുന്ന സംഘടനകളുടെ പട്ടിക രഹസ്യാന്വേഷണവിഭാഗം കൈമാറിയിട്ടുണ്ട്. ഇത്തരം സംഘടനകളും നേതാക്കളും രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്.

ശബരിമലയിലും വാവരുപള്ളിയിലും 40 യുവതികളെ പ്രവേശിപ്പിക്കാന്‍ തമിഴ്‌നാട്ടിലെ സംഘടന ശ്രമിക്കുന്നെന്ന മാധ്യമ വാര്‍ത്ത അടിസ്ഥാനമില്ലാത്തതാണെന്ന് പത്തനംതിട്ട എസ്പി പറഞ്ഞു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പൊലീസ് നാലു ഘട്ടങ്ങളായുള്ള സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ആകെ 15,259 ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്. എല്ലാ എസ്പിമാരും ജില്ലാ സ്‌പെഷല്‍ബ്രാഞ്ച്, ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും രാഷട്രീയ, മത സംഘടനകളുടെയും നേതാക്കളുടെയും പ്രവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നിശ്ചിത ഇടവേളകളില്‍ കൈമാറുന്നുണ്ട്. ഇന്റലിജന്‍സ് എഡിജിപി റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചശേഷം ശബരിമലയുടെ ചുമതലയുള്ള എഡിജിപി അനില്‍കാന്തിനു നിര്‍ദേശങ്ങള്‍ കൈമാറും.

ഇതര സംസ്ഥാനങ്ങളിലെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ സേവനവും കേരള പൊലീസ് ഉപയോഗിക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിലെ തീവ്രവാദികളും ക്രിമിനലുകളും ശബരിമലയിലെത്തുന്നത് തടയാന്‍ സ്‌പെഷല്‍ ടീമിനെയും ഇതര സംസ്ഥാനങ്ങളില്‍നിന്ന് അയച്ചിട്ടുണ്ട്. സ്‌പെഷല്‍ ബ്രാഞ്ച്  ഇന്റലിജന്‍സ് വിഭാഗങ്ങളിലുള്ള ഡിവൈഎസ്പിമാരെ പമ്പയിലും സന്നിധാനത്തും സുരക്ഷാ ചുമതല ഏല്‍പ്പിച്ചിട്ടുണ്ട്. തീവ്രവാദികളെയും ക്രിമിനലുകളെയും തിരിച്ചറിയാന്‍ പരിശീലനം ലഭിച്ച 'സ്‌പോട്ടേഴ്‌സ്' ഇവര്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കും. പത്തനംതിട്ട സ്‌പെഷല്‍ ബ്രാഞ്ചുമായി േചര്‍ന്നാണ് ഇവരുടെ പ്രവര്‍ത്തനം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com