അന്ന് നായനാരെ മുഖ്യമന്ത്രിയാക്കാന്‍ നിര്‍ദേശിച്ചത് ഞാന്‍ തന്നെ; തുറന്നുപറഞ്ഞ് വിഎസ്

നരസിംഹറാവുവിനു ചില കഷായം നായനാര്‍ കൊടുത്തുവിടും
അന്ന് നായനാരെ മുഖ്യമന്ത്രിയാക്കാന്‍ നിര്‍ദേശിച്ചത് ഞാന്‍ തന്നെ; തുറന്നുപറഞ്ഞ് വിഎസ്

കൊച്ചി: 1996ല്‍ ഇകെ നായനാരെ മുഖ്യമന്ത്രിയാക്കാനുള്ള നിര്‍ദേശം പാര്‍ട്ടിക്കു മുന്നില്‍ വച്ചത് താന്‍ തന്നെയാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍. അന്നു പാര്‍ട്ടി സെക്രട്ടറിയായിരുന്ന നായനാരും താനും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്ന് മാധ്യമങ്ങള്‍ എഴുതിക്കൊണ്ടിരുന്നപ്പോഴാണ് ഇതെന്ന് വിഎസ് പറഞ്ഞു. ഇകെ നായനാരുടെ നൂറാം ജന്മദിനത്തോട് അനുബന്ധിച്ച് സമകാലിക മലയാളം വാരിക പുറത്തിറക്കിയ പ്രത്യേക പതിപ്പില്‍ എഴുതിയ ഓര്‍മക്കുറിപ്പിലാണ് വിഎസിന്റെ തുറന്നുപറച്ചില്‍. 

1996-ലെ തെരഞ്ഞെടുപ്പില്‍, പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി പാര്‍ട്ടി നിശ്ചയിച്ചിരുന്നത് തന്നെയായിരുന്നുവെന്ന് വിഎസ് ലേഖനത്തില്‍ എഴുതുന്നു. അന്ന്, പാര്‍ട്ടി സെക്രട്ടറി നായനാരായിരുന്നു.  ''തെരഞ്ഞെടുപ്പില്‍ ഞാന്‍ പരാജയപ്പെട്ടു.  തുടര്‍ന്ന്, മുഖ്യമന്ത്രിയായി നായനാരെ നിയോഗിക്കാന്‍ ഞാന്‍ തന്നെ മുന്‍കൈയെടുത്തു നിര്‍ദ്ദേശം വെച്ചു.  ഞങ്ങള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്ന് മാധ്യമങ്ങള്‍ ധാരാളമായി എഴുതിക്കൊണ്ടിരുന്നപ്പോഴാണ് ഈ സംഭവവികാസമെന്നതെന്ന് ഓര്‍ക്കുക.'' - വിഎസ് ചൂണ്ടിക്കാട്ടി.

നായനാരുമായുണ്ടായിരുന്ന പ്രത്യേകമായ അടുപ്പം വിശദീകരിക്കുന്നതാണ് വിഎസിന്റെ കുറിപ്പ്. ''ഭക്ഷണകാര്യങ്ങളില്‍ ഞങ്ങള്‍ ധ്രുവങ്ങളിലായിരുന്നു എന്നുതന്നെ  പറയാം.  നായനാര്‍ ഭക്ഷണപ്രിയനായിരുന്നു.  പ്രമേഹം കലശലായിരുന്നു താനും.  പക്ഷേ, പുള്ളിക്കാരന്‍ അതൊന്നും വകവെക്കില്ല.  നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോള്‍, ഇരുവരും വലിയ ചങ്ങാത്തത്തിലായിരുന്നു.  റാവുവും പ്രമേഹത്തിന്റെ കാര്യത്തില്‍ നായനാരെക്കാള്‍ കേമനായിരുന്നു.  നരസിംഹറാവുവിനു ചില കഷായം നായനാര്‍ കൊടുത്തുവിടും.  വെറും ഉലുവ വറുത്തുപൊടിച്ചു കലക്കിയതാണെന്ന് കരുണാകരന്‍ കളിയാക്കും.  കരുണാകരന് അസൂയയാണെന്ന് നായനാര്‍ തിരിച്ചടിക്കും.''

''ഒരിക്കല്‍ നായനാര്‍ അസുഖം മൂലം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയവെ ഞാന്‍ ചെന്നു കണ്ടു.  രോഗവിവരങ്ങള്‍ വിസ്തരിച്ചു പറഞ്ഞു കേള്‍പ്പിച്ചു. ഞാന്‍ ഉപദേശരൂപേണ പറഞ്ഞു:  നമുക്ക് പ്രായമേറിവരികയാണ്.  ഇനി ഡോക്ടര്‍മാര്‍ പറയുന്നത് അനുസരിക്കണം;  ഭക്ഷണകാര്യത്തിലടക്കം.  നായനാര്‍ മറുത്തൊന്നും പറഞ്ഞില്ല.  പക്ഷേ, ഉപദേശം അത്ര സ്വീകാര്യമായില്ലെന്ന് മുഖഭാവത്തില്‍നിന്ന് മനസ്സിലായി.  നായനാര്‍ പരിപാടിക്ക് വരുമ്പോള്‍, ഭക്ഷണകാര്യം ഒന്നു ശ്രദ്ധിച്ചോണമെന്ന് എല്ലാ ജില്ലാകമ്മിറ്റികള്‍ക്കും നിര്‍ദ്ദേശം തന്നെ നല്‍കിയിരുന്നു''- വിഎസ് എഴുതുന്നു.

വിഎസിന്റെ കുറിപ്പ് ഞങ്ങള്‍ സഖാക്കളായിരുന്നു; അക്ഷരാര്‍ത്ഥത്തില്‍ പുതിയ ലക്കം മലയാളം വാരികയില്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com