കയ്യിൽ പണമില്ലെന്ന് കരുതി ഇനി വിഷമിക്കേണ്ട ; സന്നിധാനത്ത് ഡിജിറ്റൽ കൗണ്ടറുകൾ തുടങ്ങി ; ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് വഴി കാണിക്കയിടാം

ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ സൗത്ത് ഇന്ത്യൻ ബാങ്കാണ് പ്രത്യേക ഡിജിറ്റല്‍ കാണിക്ക കൗണ്ടര്‍ തുടങ്ങിയത്
കയ്യിൽ പണമില്ലെന്ന് കരുതി ഇനി വിഷമിക്കേണ്ട ; സന്നിധാനത്ത് ഡിജിറ്റൽ കൗണ്ടറുകൾ തുടങ്ങി ; ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് വഴി കാണിക്കയിടാം

സന്നിധാനം : ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ കയ്യിൽ പണം ഇല്ലെന്ന കാരണത്താൽ കാണിക്കയിടാതെ ഇനി വിഷമിക്കേണ്ട. കാണിക്കയിടാന്‍ പ്രത്യേക ഡിജിറ്റല്‍ കൗണ്ടർ സന്നിധാനത്ത്  തുറന്നു. സൗത്ത് ഇന്ത്യൻ ബാങ്കാണ്, ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ പ്രത്യേക ഡിജിറ്റല്‍ കാണിക്ക കൗണ്ടര്‍ തുടങ്ങിയത്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ച് ഇവിടെ കാണിക്കയിടാനാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. ഇതിനായി അഞ്ച് സ്വൈപ്പിങ് യന്ത്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. 

ഇതുകൂടാതെ നെയ്യഭിഷേക സമയം കഴിഞ്ഞാലും ഭക്തർക്ക്, അയ്യപ്പന് നെയ്യഭിഷേകം നടത്താനുള്ള അവസരവും ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. സാധാരണ രാവിലെ 3.15 മുതൽ ഉച്ചയ്ക്കു 12 വരെയാണ് നെയ്യഭിഷേകം. അതിനു ശേഷം എത്തുന്ന അയ്യപ്പന്മാർക്ക‌് പിറ്റേദിവസം പുലർച്ചേ വരെ അഭിഷേകത്തിനു കാത്തുനിൽക്കണം. ഇതിനു സമയമില്ലാത്തവരുടെ നെയ് സംഭരിക്കുന്നതിന് വടക്കേനടയിൽ പ്രത്യേക കൗണ്ടർ തുറന്നു. ഇവിടെ പുതിയ ക്യൂ സംവിധാനവും ഏർപ്പെടുത്തി.

നെയ്ത്തേങ്ങാ പൊട്ടിച്ച് അതിലെ നെയ്യ് പാത്രത്തിൽ സംഭരിച്ച് മുദ്രയുടെ എണ്ണം കണക്കാക്കി ടിക്കറ്റ് എടുത്ത് കൗണ്ടറിൽ ഏൽപ്പിക്കണം. 60 ശതമാനം നെയ്യും അഭിഷേകത്തിന് എടുക്കും. ബാക്കി തിരികെ നൽകും. ഇങ്ങനെ സംഭരിക്കുന്ന നെയ്യ് പിറ്റേദിവസം അയ്യപ്പന് അഭിഷേകം ചെയ്യും. ഇത്തരത്തിൽ നെയ്യഭിഷേകം നടത്തുന്നതിനു മുദ്രയൊന്നിന് 10 രൂപയാണ് ടിക്കറ്റ് നിരക്ക്.

സിസിടിവി ക്യാമറയുടെ നിരീക്ഷണത്തിൽ തികച്ചും സുതാര്യമായാണു നെയ്യ് ശേഖരിക്കുന്നത്. കൃത്യമായി ഇത് അഭിഷേകം ചെയ്യുന്നുണ്ടെന്നും ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസർ ഡി. സുധീഷ്‌കുമാർ പറഞ്ഞു. നേരത്തേ നെയ്യഭിഷേക സമയം കഴിഞ്ഞു സന്നിധാനത്തെത്തുന്ന സ്വാമിമാർ കൊണ്ടുവരുന്ന നെയ്യ് നെയ്തോണിയിൽ ഒഴിച്ചശേഷം ആടിയ ശിഷ്ടം നെയ്യ് വില നൽകി വാങ്ങിപ്പോവുകയായിരുന്നു പതിവ്. പുതിയ ക്രമീകരണത്തോടെ, ഭക്തർക്ക്  കൊണ്ടുവരുന്ന നെയ്യ് പൂർണമായും വിഗ്രഹത്തിൽ അഭിഷേകം ചെയ്യാനാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com