'കാലവര്‍ഷപിശാചേ മരണത്തിന്‍ രൂപമേ എന്നെ വധിക്കൂ'; കലോത്സവേദിയില്‍ പ്രളയം പ്രമേയമാക്കിയ കവിതയുമായി മന്ത്രി ജി സുധാകരന്‍

പ്രളയത്തില്‍ പിതാവും കുഞ്ഞും മരിച്ച അമ്മ മരണത്തോട് നീ എന്താണ് എന്നെക്കൂടെ കൊണ്ടുപോകാത്തത് എന്ന് ചോദിക്കുന്ന ഭ്രാന്തിയായ അമ്മയെയാണ് കവിതയില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്‌ 
'കാലവര്‍ഷപിശാചേ മരണത്തിന്‍ രൂപമേ എന്നെ വധിക്കൂ'; കലോത്സവേദിയില്‍ പ്രളയം പ്രമേയമാക്കിയ കവിതയുമായി മന്ത്രി ജി സുധാകരന്‍


ആലപ്പുഴ: സ്‌കൂള്‍ കലോത്സവവേദിയില്‍ സ്വന്തം കവിതയുമായി മന്ത്രി ജി സുധാകരന്‍. കേരളം നേരിട്ട പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ ജീവിതമാണ് മന്ത്രി കവിതയില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. അന്‍പത്തിയൊന്‍പതാമത് സ്‌കൂള്‍ കലോത്സവവേളയില്‍ വച്ചായിരുന്നു മന്ത്രി തന്റെ പുതിയ കവിത ഏഷ്യാനെറ്റ് ന്യൂസിനോട് ചൊല്ലിയത്. ഞാനാണ് സാക്ഷി പ്രളയസാക്ഷി എന്നു പേരിട്ടിരിക്കുന്ന കവിത തന്റെ നാടായ കുട്ടനാടിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്നാണെന്ന് മന്ത്രി പറഞ്ഞു. പ്രളയത്തില്‍ മുങ്ങി മരിച്ച ഭര്‍ത്താവിനെയും കുഞ്ഞിനെയും പറ്റിയുള്ള അമ്മയുടെ വിലാപമാണ് കവിത.

കവിതയുടെ പൂര്‍ണ്ണരൂപം

കാലപ്രവാഹമേ കാര്‍മേഘ വൃന്ദമേ കാതുണര്‍ത്തും കൊടുങ്കാറ്റേ

പേമാരി തുള്ളുന്ന ഭീകരയക്ഷി പ്രകൃതി

രാമനാമം ചൊല്ലി രാവിനെപോക്കുന്ന നാടന്‍ കൃഷിയുടെ നാട്ടില്‍

ഈ കാട്ടുവെള്ളച്ചുഴികള്‍ തിമിര്‍ക്കുന്ന നാട്ടിലെ മൃത്യുവര്‍ത്തങ്ങള്‍

വായ് പിളര്‍ന്നെന്റെ കണവനെക്കൊണ്ടുപോയ് ഘോരനരകപിശാചേ

ആ ജരലോകതമസ്സിന്റെ ആഴത്തില്‍ വാഴുന്നു പുഷ്യരാഗങ്ങള്‍

ആയതിലൊന്നെന്‍ പ്രിയനോ, അവിടേക്കെന്‍ ഓമനക്കുഞ്ഞും പറന്നു

സങ്കല്‍പ്പലോകചിറകേറി മൃത്യുവിന്‍ അന്ധകാരത്തിലിറങ്ങി

ആഴത്തിലാഴത്തിലെത്തി പിതാവിന്റെ കൂടങ്ങ്് താമസമായി

പുഷ്യരാഗത്തിന്നരികില്‍ ഒരുമണിമുത്തായ് നീ മിന്നുന്നുവല്ലോ

അമ്മയാണമ്മ, ഏകാകിനി വേദന തിന്നുന്ന ധന്യയാണമ്മ

അമ്മയെ ദുഃഖത്തിലാഴ്ത്തും പ്രപഞ്ചമോ നിന്റെ ശാപമെന്ന് തീരും

കുന്തിയും സീതയും പാഞ്ചാലിയും എന്റെ നാടിന്‍ കറുത്തമ്മ

ഊര്‍മിളഗാന്ധാരിയുമ്മാച്ചുവും പിന്നെയീ പ്രളയത്തിലെ ഞാനും

ഞാനാണ് സാക്ഷി, പ്രളയസാക്ഷി,

കൊടും കാമനകൊത്തും ദുരന്തസാക്ഷി

അന്തമില്ലാത്ത പ്രളയം ആഴമളക്കാ പ്രളയം

മാതാവ് ഞാന്‍ മരിക്കാത്തവള്‍ മൃത്യുവേ തേടി നടക്കുന്ന ഭ്രാന്തി

കാലവര്‍ഷപിശാചേ മരണത്തിന്‍ രൂപമേ എന്നെ വധിക്കൂ

നീ ഭയന്നു പിന്മാറിയോ ആ ചുഴിയെന്നെ വലയത്തിലാഴ്ത്തുക

ആഴ്ത്തിയങ്ങാഴ്ത്തിയങ്ങാഴത്തിലെന്നെ നീ ചേര്‍ക്കുക

എന്റെ കണവന്റെ സന്നിധി

എന്റെ കിടാവിന്റെ ചാരത്തു ഞാനൊരു

കണ്ണുനീര്‍ തുള്ളിയായ് മിന്നിടാം കാലമേ...


പ്രളയത്തില്‍ പിതാവും കുഞ്ഞും മരിച്ച അമ്മ മരണത്തോട് നീ എന്താണ് എന്നെക്കൂടെ കൊണ്ടുപോകാത്തത് എന്ന് ചോദിക്കുന്ന ഭ്രാന്തിയായ അമ്മയെയാണ് കവിതയില്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

സ്‌കൂള്‍ കാലഘട്ടത്തില്‍ കവിത എഴുതിയ അനുഭവവും മന്ത്രി പങ്കുവെച്ചു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ യോദ്ധാവ് എന്ന പേരില്‍ കൃഷിക്കാരെ യോദ്ധാവായി വര്‍ണിച്ച് അവരുടെ അധ്വാനത്തെപ്പറ്റി എഴുതിയ കവിത എഴുതി ഓള്‍ ഇന്ത്യ റേഡിയോക്ക് അയച്ചുകൊടുത്തിരുന്നു. അന്ന് സ്വന്തം പേരിലയക്കാന്‍ മടിയായതുകൊണ്ട് സുധ എന്ന പേരിലാണയച്ചതെന്നും അന്നതിന് പ്രതിഫലമായി 500 രൂപ കിട്ടിയെന്നും മന്ത്രി പറയുന്നു.

മന്ത്രി ജി സുധാകരനാണ് കലോത്സവത്തിന്റെ സ്വാഗതസംഘം അധ്യക്ഷന്‍. പ്രളയത്തിന് ശേഷമുള്ള സാഹചര്യങ്ങള്‍ പരിഗണിച്ച് ആര്‍ഭാടങ്ങളില്ലാതെ ചെലവ് കുറച്ചാണ് ആലപ്പുഴയില്‍ അന്‍പത്തിയൊമ്പതാമത് കൗമാര കലാമേള നടക്കുന്നത്. പ്രളയാനന്തരമുള്ള കലോത്സവം മൂന്ന് ദിവസമായി നിജപ്പെടുത്തിയിരുന്നു. 29 വേദികളിലായി 12,000 മത്സരാര്‍ത്ഥികളാണ് പ്രതിഭ മാറ്റുരയ്ക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com