ട്രെയിനിൽ സഞ്ചരിക്കവെ ഒപ്പമുണ്ടായിരുന്ന മകളെ കാണാനില്ല ; പരിഭ്രാന്തയായി അമ്മ ; പൊലീസ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th December 2018 07:16 AM |
Last Updated: 08th December 2018 07:16 AM | A+A A- |

കണ്ണൂർ : ട്രെയിൻ യാത്രക്കിടെ അമ്മയുടെ കണ്ണുവെട്ടിച്ച് മകൾ കടന്നുകളഞ്ഞു. തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു സംഭവം. ചെന്നൈ - മംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ കോഴിക്കോട്ടുനിന്നും മംഗളൂരുവിലേക്ക് പോകുകയായിരുന്നു ഇരുവരും. തലശ്ശേരി റെയിൽവേ സ്‌റ്റേഷൻ വിട്ടയുടനെ മകളെ കാണാതെ പരിഭ്രാന്തയായ മാതാവ് ചെയിൻ വലിച്ച് ട്രെയിൻ നിർത്തി. തുടർന്ന് കൊടുവള്ളി റെയിൽവേ ഗേറ്റിൽ നിർത്തിയിട്ടു.
ഇന്നലെ പുലർച്ചെ 5.30നാണ് സംഭവം. കോഴിക്കോട് സ്വദേശിയായ അമ്മയും 19 വയസുള്ള മകളും മംഗളൂരുവിലെ ബന്ധുവീട്ടിലേക്കുള്ള യാത്രയിലായിരുന്നു.നിശ്ചിത സമയത്തിനു മുൻപേ എത്തിയ ട്രെയിൻ 5.30നാണു സ്റ്റേഷൻ വിട്ടത്. ട്രെയിൻ നീങ്ങിത്തുടങ്ങിയ ഉടനെയാണു പെൺകുട്ടി പ്ലാറ്റ്ഫോമിലേക്കു ചാടിയിറങ്ങിയതെന്നു പറയപ്പെടുന്നു.
കാണാതായ പെൺകുട്ടിയുമായി സാദൃശ്യമുള്ള കുട്ടി പുതിയ ബസ് സ്റ്റാൻഡിലെ ലോട്ടറി വിൽപനക്കാരനിൽനിന്നു മൊബൈൽ ഫോൺ വാങ്ങി ആരെയോ വിളിക്കുകയും ഇതിനു ശേഷം ഒരു യുവാവ് എത്തി പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തതായി പൊലീസിനു വിവരം ലഭിച്ചു. പൊലീസ് കേസ് എടുത്ത് അന്വേഷിച്ചുവരികയാണ്.