'ആദ്യം വന്‍കിടക്കാരെ ഒഴിപ്പിക്കൂ, എന്നിട്ടാകാം ഞങ്ങളുടെ' ; പെട്ടിക്കടകള്‍ ഒഴിപ്പിക്കാനെത്തിയ അധികൃതരോട് കടയുടമകള്‍

റോഡിലെ അനധികൃത പെട്ടിക്കടകള്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശവാസികള്‍ പഞ്ചായത്തിന് പരാതി നല്‍കിയിരുന്നു 
'ആദ്യം വന്‍കിടക്കാരെ ഒഴിപ്പിക്കൂ, എന്നിട്ടാകാം ഞങ്ങളുടെ' ; പെട്ടിക്കടകള്‍ ഒഴിപ്പിക്കാനെത്തിയ അധികൃതരോട് കടയുടമകള്‍

ഇടുക്കി: പെട്ടിക്കട ഒഴിപ്പിക്കാനെത്തിയ പഞ്ചായത്ത് അധികൃതര്‍ക്ക് മുന്നില്‍ കനത്ത പ്രതിഷേധവുമായി കട ഉടമസ്ഥര്‍. മൂന്നാര്‍ കോളനി റോഡിലെ ഇക്കാനഗറിലെ റോഡരികിലെ കയ്യേറ്റം ഒഴിപ്പിക്കാനാണ് അധികൃതര്‍ എത്തിയത്. എന്നാല്‍ വന്‍കിടക്കാരുടെ കയ്യേറ്റം ഒഴിപ്പിച്ചുമതി, ഉപജീവനത്തിനായി തങ്ങള്‍ ഇട്ട കടകള്‍ ഒഴിപ്പിക്കാനെന്ന് കടക്കാര്‍ പറഞ്ഞു. ഇവരുടെ ചെറുത്ത് നില്‍പ്പ് ശക്തമായതോടെ നടപടി എടുക്കാതെ അധികൃതര്‍ പിന്മാറി. 

റോഡിലെ അനധികൃത പെട്ടിക്കടകള്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശവാസികള്‍ പഞ്ചായത്തിന് പരാതി നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികളടക്കം കടന്നു പോകുന്ന പാതയിലെ പെട്ടിക്കടകള്‍ ഗതാഗത കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നു എന്നായിരുന്നു ആക്ഷേപം. 

ബസ് കാത്തിരുപ്പ് കേന്ദ്രം സ്ഥാപിക്കുന്നതിന് കണ്ടെത്തിയ സ്ഥലങ്ങളിലടക്കം കടകള്‍ സ്ഥാപിച്ചിരുന്നു. അതേത്തുടര്‍ന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം ജീവനക്കാര്‍ കടകള്‍ ഒഴിപ്പിക്കാനെത്തിയത്. വാക്കുതര്‍ക്കം രൂക്ഷമായതോടെ, ചര്‍ച്ചകള്‍ക്ക് ശേഷം ഒഴിപ്പിക്കാമെന്ന നിലപാട് സ്വീകരിച്ച് പഞ്ചായത്ത് അധിക്യതര്‍ തിരിച്ചു പോയി. 

പഴയ മൂന്നാര്‍ മുതല്‍ നല്ലതണ്ണി കവല വരെ നൂറുകണക്കിന് അനധിക്യത പെട്ടിക്കടകളാണ് വഴിയരികില്‍ ഉള്ളത്. ഇതില്‍ ഒട്ടുമിക്ക കടകളും ദിവസ വാടകയ്ക്ക് നല്‍കിയവയാണ്. രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെയാണ് ഇതില്‍ മിക്കതും നിര്‍മ്മിച്ചിട്ടുള്ളതെന്ന ആക്ഷേപവും ശക്തമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com