സുരേന്ദ്രനെ പിന്തുണച്ച് യുകെ കുമാരന്‍; ജയിലില്‍ അടച്ചത് അന്യായം, പൊതു പ്രസ്താവന തന്റെ അറിവോടെയെന്ന് കോണ്‍ഗ്രസ് സഹയാത്രികനായ എഴുത്തുകാരന്‍ 

സുരേന്ദ്രനെ പിന്തുണച്ച് യുകെ കുമാരന്‍; ജയിലില്‍ അടച്ചത് അന്യായം, പൊതു പ്രസ്താവന തന്റെ അറിവോടെയെന്ന് കോണ്‍ഗ്രസ് സഹയാത്രികനായ എഴുത്തുകാരന്‍ 
സുരേന്ദ്രനെ പിന്തുണച്ച് യുകെ കുമാരന്‍; ജയിലില്‍ അടച്ചത് അന്യായം, പൊതു പ്രസ്താവന തന്റെ അറിവോടെയെന്ന് കോണ്‍ഗ്രസ് സഹയാത്രികനായ എഴുത്തുകാരന്‍ 

കൊച്ചി: ശബരിമല പ്രശ്‌നങ്ങളുടെ പേരില്‍ ബിജെപി നേതാവ് കെ സുരേന്ദ്രനെ ജയിലില്‍ അടച്ചത് അന്യായമാണെന്ന അഭിപ്രായം തനിക്കുണ്ടെന്നും ഇതുസംബന്ധിച്ചു വന്ന പൊതുപ്രസ്താവന തന്റെ അറിവോടെയാണെന്നും എഴുത്തുകാരന്‍ യുകെ കുമാരന്‍. സുരേന്ദ്രനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ അനുമതിയില്ലാതെ പേരു ചേര്‍ത്തെന്ന് വ്യക്തമാക്കി വിആര്‍ സുധീഷ്, ഷാജി കൈലാസ്, ചിത്രാ ഷാജി കൈലാസ് തുടങ്ങിയവര്‍ രംഗത്തുവന്ന പശ്ചാത്തലത്തില്‍ സമകാലിക മലയാളത്തോടു പ്രതികരിക്കുകയായിരുന്നു യുകെ കുമാരന്‍. 

പൊതുപ്രസ്താവന പുറത്തിറക്കും മുമ്പ് തന്നോടു സംസാരിച്ചിരുന്നു. സുരേന്ദ്രനെ ജയിലില്‍ അടച്ചത് അന്യായമാണെന്ന അഭിപ്രായം തനിക്കുണ്ട്. ഒരാളെ അനന്തമായി ജയില്‍ ഇടാനാവുമോ? - യുകെ കുമാരന്‍ ചോദിച്ചു. അതേസമയം അന്യായമായ ജയില്‍ വാസത്തിന് എതിരെ സുരേന്ദ്രന്‍ എന്തുകൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്ന സംശയവും താന്‍ മുന്നോട്ടുവച്ചെന്ന് കോണ്‍ഗ്രസ് സഹയാത്രികനായ യുകെ കുമാരന്‍ പറഞ്ഞു. ഇക്കാര്യം പ്രസ്താവനയില്‍ ചേര്‍ത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ നിയന്ത്രണങ്ങള്‍ മൂലം സംസ്ഥാനത്ത് ഇന്ന് നിലവിലുള്ള പ്രത്യേക സ്ഥിതി വിശേഷത്തിലും അയ്യപ്പ ഭക്തര്‍ക്കെതിരെ വ്യാപകമായി നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും സാംസ്‌കാരിക നായകരും ബുദ്ധിജീവികളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നാണ് യുകെ കുമാരന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ വന്ന പ്രസ്താവന. ഇതില്‍ ഒപ്പിട്ടിട്ടില്ലെന്നാണ് വിആര്‍ സുധീഷും ഷാജി കൈലാസും വ്യക്തമാക്കിയത്. പ്രസ്താവന പുറത്തിറക്കിയവര്‍ സുരേന്ദ്രന്റെ കാര്യം മാത്രമാണ് തന്നോടു സംസാരിച്ചതെന്നും ശബരിമലയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ തന്റെ അറിവോടെയല്ല ചേര്‍ത്തതെന്നും യുകെ കുമാരന്‍ പറഞ്ഞു. ശബരിമല വിഷയം വേറെ ചര്‍ച്ച ചെയ്യേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. 

തന്റെ അറിവില്ലാതെയാണ് ഇത്തരമൊരു പ്രസ്താവന ഇറങ്ങിയത് എന്നായിരുന്നു ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വിആര്‍ സുധീഷിന്റെ പ്രതികരണം. ഷാജി കൈലാസും ഫെയ്‌സ്ബുക്കിലൂടെയാണ് നിലപാടു വ്യക്തമാക്കിയത്. ശബരിമലയുമായി ബന്ധപ്പെട്ട് ബിജെപി മീഡിയാ സെല്ലിന്റെ പേരില്‍ പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവനയില്‍ തന്റെയും ഭാര്യ ചിത്രാ ഷാജികൈലാസിന്റെയും പേര് ഉള്‍പ്പെടുത്തിയത് ശ്രദ്ധയില്‍ പെട്ടു. ഈ പ്രസ്താവനയില്‍ ഞങ്ങള്‍ ഒപ്പ് വെക്കുകയോ ഇതേ കുറിച്ച് അറിയുകയോ ചെയ്തിട്ടില്ല. അനുവാദം കൂടാതെ ഞങ്ങളുടെ പേര് ദുരുപയോഗിച്ചവര്‍ അത് തിരുത്തേണ്ടതാണ്. ആ പ്രസ്താവനയില്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളോടോ അഭിപ്രായങ്ങളോടോ ഞങ്ങള്‍ യോജിക്കുന്നുമില്ലെന്നായിരുന്നു ഷാജി കൈലാസിന്റെ പോസ്റ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com