ദീപ നിശാന്തിന്റെ വിധി നിര്‍ണയം റദ്ദാക്കി ; ഉപന്യാസ മല്‍സരത്തില്‍ പുനര്‍ മൂല്യനിര്‍ണയം നടത്തി

ഹയര്‍ അപ്പീല്‍ ജൂറി സന്തോഷ് എച്ചിക്കാനത്തിന്റെ നേതൃത്വത്തിലാണ് പുനര്‍ മൂല്യനിര്‍ണ്ണയം നടത്തിയത്
ദീപ നിശാന്തിന്റെ വിധി നിര്‍ണയം റദ്ദാക്കി ; ഉപന്യാസ മല്‍സരത്തില്‍ പുനര്‍ മൂല്യനിര്‍ണയം നടത്തി

ആലപ്പുഴ : സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ദീപനിശാന്ത് വിധികര്‍ത്താവായിരുന്ന ഉപന്യാസ മല്‍സരത്തിലെ വിധി നിര്‍ണ്ണയം റദ്ദാക്കി. ഈ മല്‍സരങ്ങളില്‍ വീണ്ടും പുനര്‍മൂല്യ നിര്‍ണ്ണയം നടത്തി. ഹയര്‍ അപ്പീല്‍ ജൂറി സന്തോഷ് എച്ചിക്കാനത്തിന്റെ നേതൃത്വത്തിലാണ് പുനര്‍ മൂല്യനിര്‍ണ്ണയം നടത്തിയത്. 

ദീപനിശാന്ത് മൂല്യ നിര്‍ണയം നടത്തി വിധി കല്‍പ്പിച്ചതിനെതിരെ കെഎസ് യു വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിനു ചുള്ളിയില്‍ ഡിപിഐക്ക് രേഖമൂലം നല്‍കിയ പരാതി ഹയര്‍ അപ്പീല്‍ സമിതിക്ക് കൈമാറുകയും ചെയ്തിരുന്നു. കവിതാ മേഷണത്തില്‍ ആരോപണ വിധേയയായ ദീപ നിശാന്തിനെ ജൂറിയില്‍ ഉള്‍പ്പെടുത്തിയത് നേരത്തെ തന്നെ വിവാദമായിരുന്നു. 

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ദീപ നിശാന്ത് ഉള്‍പ്പെടെയുള്ള മൂന്നംഗ സമിതിയുടെ വിധി നിര്‍ണയം വീണ്ടും പരിശോധിക്കാന്‍ ഹയര്‍ അപ്പീല്‍ ജൂറി തീരുമാനിക്കുകയായിരുന്നു. സമിതിയുടെ വിധി നിര്‍ണയം റദ്ദാക്കിയ അപ്പീല്‍ ജൂറി പുനര്‍ മൂല്യനിര്‍ണയം നടത്തുകയും ചെയ്തു. ഉപന്യാസ മല്‍സരത്തില്‍ അന്തിമ വിലയിരുത്തല്‍ കൂടി നടത്തിയശേഷം ഇന്ന് മാത്രമേ ഫലം പ്രഖ്യാപിക്കൂ. 

അതേസമയം കലോല്‍സവ മാനുവൽ പ്രകാരം യോഗ്യത ഉളളതുകൊണ്ടാണ് വിധികര്‍ത്താവായതെന്നായിരുന്നു ദീപ നിശാന്തിന്റെ പ്രതികരണം. തനിക്കെതിരെ നിന്ന ആളുകള്‍ ഇപ്പോഴത്തെ സാഹചര്യം ഉപയോഗിക്കുകയാണ്.  കവിതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഖേദം പ്രകടിപ്പിച്ചതാണെന്നും ഇനിയും അത് വലിച്ചിഴയ്ക്കേണ്ടതില്ലെന്നും ദീപ നിശാന്ത് പ്രതികരിച്ചു. എസ്എഫ്ഐയും ദീപ നിശാന്തിനെ ജൂറിയാക്കിയതിനെ വിമർശിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com