ബാര്‍ ജീവനക്കാരന്റെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചു; രക്തത്തില്‍ കുളിച്ച് മൃതദേഹം റോഡരികില്‍

സ്ഥലത്തെത്തിയ  പൊലീസ് താമരശേരി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബാര്‍ ജീവനക്കാരന്റെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചു; രക്തത്തില്‍ കുളിച്ച് മൃതദേഹം റോഡരികില്‍

കോഴിക്കോട്: കോഴിക്കോട് താമരശേരിയില്‍ ബാര്‍ ജീവനക്കാരുടെ മര്‍ദനമേറ്റ് യുവാവ് മരിച്ചു.  ചമല്‍ പൂവന്‍മല  സ്വദേശി റിബാഷിന്റെ മൃതദേഹമാണ് രക്തം വാര്‍ന്ന നിലയില്‍ ഇന്ന് പുലര്‍ച്ചെ  റോഡരികില്‍ കണ്ടത്. ബാറിലെ സെക്യൂരിറ്റി ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു അന്വേഷണം തുടങ്ങി. 

താമരശ്ശേരി ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന ഹസ്തിനപുരി ബാറിന്റെ സമീപത്ത് നിന്ന് ശനിയാഴ്ച രാവിലെയാണ് രക്തം വാര്‍ന്ന് കിടക്കുന്ന നിലയില്‍ റിബാഷിനെ കണ്ടെത്തിയത്. തുടര്‍ന്ന് സ്ഥലത്തെത്തിയ  പൊലീസ് താമരശേരി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞെത്തിയ ബന്ധുക്കള്‍ ആശുപത്രിയിലെത്തി ആളെ തിരിച്ചറിഞ്ഞു.

തുടര്‍ന്ന് നടത്തിയ പരിശേധനയില്‍ ബാറിന്റെ മുന്‍ഭാഗത്ത് റോഡില്‍ രക്തക്കറകള്‍ കണ്ടെത്തിയിരുന്നു. ഇതോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. ബാറിലെ ജീവനക്കാരുമായുണ്ടായ വാക്കുത്തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ബാറിലെ സുരക്ഷാ ജീവനക്കാരനായ ബിജു എന്നയാളാണ് മര്‍ദനത്തിന് നേതൃത്വം നല്‍കുന്നത്.

മര്‍ദിച്ച് അവശനാക്കിയ റിബാഷിനെ ആളൊഴിഞ്ഞ ഒരു സ്ഥലത്ത് ആദ്യം കൊണ്ടിട്ടു. തുടര്‍ന്ന് ബാര്‍ അടച്ച ശേഷം ജീവനക്കാര്‍ ചേര്‍ന്ന് വഴിയരികില്‍ തള്ളുകയായിരുന്നുവെന്നും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. വാക്കുത്തര്‍ക്കത്തിനൊടുവില്‍ റിബാഷിനെ പിടിച്ച് തള്ളിയെന്നും പിന്നീട് വഴിയരികില്‍ കിടത്തിയെന്നുമാണ് ബാര്‍ ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞിരുന്നത്.

എന്നാല്‍, സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ സംഭവങ്ങളില്‍ വ്യക്തത വരികയായിരുന്നു. കസ്റ്റഡിയിലുള്ള അഞ്ച് പേരില്‍ സുരക്ഷാ ജീവനക്കാരന്‍ ബിജുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com