എ എന്‍ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തു നീക്കി, സി കെ പത്മനാഭന്‍ നിരാഹാരത്തിന്
By സമകാലികമലയാളം ഡെസ്‌ക് | Published: 10th December 2018 04:50 PM |
Last Updated: 10th December 2018 04:50 PM | A+A A- |
തിരുവനന്തപുരം: ശബരിമലയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത് നീക്കി. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് രാധാകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബരിമല വിഷയത്തില്‍ ബിജെപി ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായി എ എന്‍ രാധാകൃഷ്ണന് പകരം മുതിര്‍ന്ന നേതാവ് സി കെ പത്മനാഭന്‍ നിരാഹാരമിരിക്കും.
ശബരിമല വിഷയത്തില്‍ എട്ട് ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമിരിക്കുന്ന എ എന്‍ രാധാകൃഷ്ണന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്. രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞതിനാല്‍ സമരം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഇന്നലെ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.
പ്രശനത്തില്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി ഇന്ന് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. കെ സുരേന്ദ്രനെതിരായ കേസുകള്‍ പിന്‍വലിക്കുക, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എഎന്‍ രാധാകൃഷ്ണന്‍ സമരം തുടങ്ങിയത്.