ഈ രാജി ഒരു അപായസൂചനയെന്ന് തോമസ് ഐസക്ക് 

നോട്ടുനിരോധനമെന്ന സാമ്പത്തികദുരന്തത്തിന്റെ ഏറ്റവും ഒടുവിലത്തെ ആഘാതമാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ രാജിയെന്ന് ധനമന്ത്രി തോമസ് ഐസക്ക്
ഈ രാജി ഒരു അപായസൂചനയെന്ന് തോമസ് ഐസക്ക് 

കൊച്ചി: നോട്ടുനിരോധനമെന്ന സാമ്പത്തികദുരന്തത്തിന്റെ ഏറ്റവും ഒടുവിലത്തെ ആഘാതമാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ രാജിയെന്ന് ധനമന്ത്രി തോമസ് ഐസക്ക്. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തെ പുകച്ചു പുറത്തു ചാടിച്ചതാണ്. രാജ്യത്തെ ഭരണഘടനാസ്ഥാപനങ്ങളെ ഒന്നൊന്നായി തകര്‍ക്കാന്‍ മോദി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ അവസാന ഉദാഹരണമാണ് ഈ സംഭവമെന്നും ഐസക്ക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

നിരോധനം മൂലം മടങ്ങി വന്ന നോട്ടുകള്‍ എണ്ണീത്തീര്‍ക്കാനുള്ള സമയം മാത്രമാണ്, രഘുറാം രാജന്റെ പിന്‍ഗാമിയ്ക്കു ലഭിച്ചത്. എന്നാല്‍ നിരോധനത്തിനു ചരടുവലിച്ചവര്‍ പ്രതീക്ഷിച്ചതായിരുന്നില്ല ഫലം. നോട്ടുകള്‍ മടങ്ങിയെത്തുമ്പോള്‍, നാലഞ്ചു ലക്ഷം കോടിയുടെ കുറവുണ്ടാകും എന്നായിരുന്നു കേന്ദ്രസര്‍ക്കാരും സംഘപരിവാര്‍ നേതൃത്വവും സ്വപ്നം കണ്ടത്. എന്നാല്‍ ആ പ്രതീക്ഷ പാടേ പാളി. അങ്ങനെയാണ് റിസര്‍വ് ബാങ്കിന്റെ കരുതല്‍ നിക്ഷേപത്തില്‍ മോദി സര്‍ക്കാര്‍ കണ്ണുവെച്ചത്. അതു നടക്കില്ല എന്ന നിലപാട് റിസര്‍വ് ബാങ്ക് മേധാവികള്‍ പരസ്യമായി സ്വീകരിച്ചു. അതുവഴി കേന്ദ്രസര്‍ക്കാരും ആര്‍ബിഐയും തമ്മിലുള്ള ഏറ്റുമുട്ടല്‍ പരസ്യമായി.

റിസര്‍വ് ബാങ്കിന്റെ സമ്മതമില്ലാതെയാണ് നോട്ടു നിരോധിച്ചത് എന്ന് അക്കാലത്ത് ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ പരസ്യമായി വെളിപ്പെടുത്തിയിരുന്നു. നോട്ടുനിരോധനം നല്ല ആശയമല്ലെന്നും വേണ്ടത്ര ആസൂത്രണമില്ലാതെയാണ് നടപ്പാക്കിയതെന്നുമായിരുന്നു രഘുറാം രാജന്റെ വെളിപ്പെടുത്തല്‍. അനുഭവത്തിലൂടെ ആ അഭിപ്രായം ശരിയെന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്കു ബോധ്യമായി.

റിസര്‍വ് ഫണ്ടു കൈയടക്കാനുള്ള നീക്കത്തിലും ആര്‍ബിഐയുടെ നിലപാട് പരിഗണിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നത്. ചരിത്രത്തിലാദ്യമായി ബാങ്കിന്റെ ബോര്‍ഡിലേയ്ക്ക് രാഷ്ട്രീയ നിയമനം നടത്താനും മോദി സര്‍ക്കാര്‍ തയ്യാറായി. ആര്‍ബിഐയെ ചൊല്‍പ്പടിയ്ക്കു നിര്‍ത്താന്‍ ആര്‍എസ്എസ് നേതാവ് ഗുരുമൂര്‍ത്തിയാണ് നിയോഗിക്കപ്പെട്ടത്.

അതുമാത്രമല്ല, ബാങ്കുകള്‍ തമ്മിലുള്ള പേമെന്റുകള്‍ നിയന്ത്രിക്കാനുള്ള റിസര്‍വ് ബാങ്കിന്റെ അധികാരം എടുത്തു കളഞ്ഞ്, അതൊരു സ്വതന്ത്ര റെഗുലേറ്ററിയെ ഏല്‍പ്പിക്കാനും കേന്ദ്രസര്‍ക്കാരിന് ഉദ്ദേശമുണ്ട്. ഇതൊക്കെ റിസര്‍ബ് ബാങ്ക് എന്ന ഭരണഘടനാ സ്ഥാപനത്തിന്റെ വ്യക്തിത്വം നശിപ്പിച്ച്, കേന്ദ്രസര്‍ക്കാരിന്റെ ചൊല്‍പ്പടിക്കു നിര്‍ത്താനുളള ഗൂഢശ്രമത്തിന്റെ ഭാഗമാണ്.

വലിയ സാമ്പത്തികക്കുഴപ്പത്തിലേയ്ക്കാണ് നാം പോകുന്നത്. ആര്‍ബിഐയുടെ സ്വയംഭരണാധികാരം കവര്‍ന്നെടുക്കാനുള്ള നീക്കം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. നോട്ടുനിരോധനം വഴി നട്ടെല്ലൊടിഞ്ഞ ഇന്ത്യയുടെ സമ്പദ്ഘടനയെ കൂടുതല്‍ കെടുതികള്‍ കാത്തിരിക്കുകയാണ് എന്ന അപായസൂചനയാണ് ഈ രാജി നല്‍കുന്നതെന്ന് തോമസ് ഐസക്ക് കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com