യാത്രക്കാരിയുടെ കഴുത്തില്‍ കയറിട്ട് മുറുക്കി ഓട്ടോഡ്രൈവര്‍ ബാഗും പണവും തട്ടിയെടുത്തു; സംഭവം കോഴിക്കോട്

പുറകില്‍ നിന്ന് യുവതിയുടെ കഴുത്തില്‍ കയറിട്ട് മുറുക്കി മാല പൊട്ടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു
യാത്രക്കാരിയുടെ കഴുത്തില്‍ കയറിട്ട് മുറുക്കി ഓട്ടോഡ്രൈവര്‍ ബാഗും പണവും തട്ടിയെടുത്തു; സംഭവം കോഴിക്കോട്

കോഴിക്കോട്; യാത്രക്കാരിയുടെ കഴുത്തില്‍ കയറിട്ട് കുരുക്കി ഓട്ടോഡ്രൈവര്‍ പണവും ബാഗും തട്ടിയെടുത്തു. കോഴിക്കോടാണ് സംഭവമുണ്ടായത്. മാലപൊട്ടിക്കാനുള്ള ശ്രമത്തിനിടെ പുറത്തേക്ക് തെറിച്ചുവീണ യുവതിയെ രക്ഷിച്ചത് എതിരേ എത്തിയ തീര്‍ത്ഥാടകരാണ്. ജോലിയ്ക്ക് പോകാനായി ഓട്ടോയില്‍ കയറിയ യുവതിക്കാണ് പണവും ഫോണും നഷ്ടപ്പെട്ടത്. 

കോഴിക്കോട് സ്റ്റാര്‍കെയര്‍ ആശുപത്രിയില്‍ ജീവനക്കാരിയായ ദിവ്യയാണ്(28) അക്രമണത്തിന് ഇരയായത്. ജോലിക്ക് പോകാനായിട്ടാണ് ഞായറാഴ്ച രാവിലെ 7.30ന് ദിവ്യ പള്ളിക്കല്‍ബസാര്‍ കൂനൂള്‍മാടുനിന്ന് ഓട്ടോയില്‍ കയറിയത്. സ്ഥിരമായി സഞ്ചരിക്കുന്ന ബസ് വരുന്നില്ലെന്നറിഞ്ഞതോടെ രാമനാട്ടുകര ഭാഗത്തേക്ക് പോവുന്ന ഓട്ടോയ്ക്ക് കൈകാണിച്ച് നിര്‍ത്തുകയായിരുന്നു. രാമനാട്ടുകര ബൈപ്പാസ് മേല്‍പ്പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള നീലിത്തോട് പാലത്തിന് സമീപത്തെത്തിയപ്പോള്‍ ഓട്ടോ നിര്‍ത്തി. എന്‍ജിന്‍ തകരാറാണെന്ന് ദിവ്യയോട് പറഞ്ഞ് ഡ്രൈവര്‍ പിന്നിലേക്ക് പോയി. 

അതിനുശേഷം പുറകില്‍ നിന്ന് യുവതിയുടെ കഴുത്തില്‍ കയറിട്ട് മുറുക്കി മാല പൊട്ടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പിടിവലിക്കിടെ യുവതി പുറത്തേക്ക് തെറിച്ചു വീണു. തീര്‍ത്ഥാടകരുടെ വാഹനത്തിന് മുന്നിലേക്കാണ് ദിവ്യ വീണത്. ഇതോടെ മാലപൊട്ടിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് ഡ്രൈവര്‍ ബാഗും മൊബൈലുമായി കടന്നു. യുവതിയെ ഉടന്‍ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. പിടിവലിക്കിടെ യുവതിയുടെ കഴുത്ത് ഞെരിഞ്ഞ് മുറിയുകയും കൈകാലുകളില്‍ പരിക്കുപറ്റുകയും ചെയ്തു. നഷ്ടപ്പെട്ട ബാഗില്‍ 3000 രൂപയും വിലപ്പെട്ട രേഖകളും ഉണ്ടായിരുന്നു. ഫറോക്ക് പോലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com