വ്യാഴാഴ്ച മുതൽ ശബരിമലയിൽ കൂടുതൽ പൊലീസ് ; 230 വനിതാ പൊലീസ്; സന്നിധാനത്തും പമ്പയിലും മേല്‍നോട്ട ചുമതല ഐജി ശ്രീജിത്തിന്
By സമകാലികമലയാളം ഡെസ്‌ക് | Published: 11th December 2018 08:38 PM |
Last Updated: 11th December 2018 11:11 PM | A+A A- |

തിരുവനന്തപുരം∙ ശബരിമലയിലെ മൂന്നാംഘട്ട പൊലീസ് വിന്യാസത്തില്‍, സന്നിധാനത്തെയും പമ്പയിലെയും സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല ഐജി എസ്.ശ്രീജിത്തിന്. നിലയ്ക്കല്‍, വടശേരിക്കര, എരുമേലി എന്നിവിടങ്ങളിലെ സുരക്ഷാ മേല്‍നോട്ടം ഇന്റലിജന്‍സ് ഡിഐജി എസ്.സുരേന്ദ്രനാണ്.
സന്നിധാനത്ത് കോഴിക്കോട് റൂറല്‍ ഡിസിപി ജി.ജയ്ദേവ് ഐപിഎസും, ക്രൈംബ്രാഞ്ച് എസ്പി പി.ബി.രാജീവുമാണ് പൊലീസ് കണ്‍ട്രോളേഴ്സ്. പമ്പയില്‍ കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍ ഐപിഎസ്, ക്രൈംബ്രാഞ്ച് എസ്പി ഷാജി സുഗതന്‍. നിലയ്ക്കലില്‍ എറണാകുളം റൂറല്‍ പൊലീസ് മേധാവി രാഹുല്‍ ആര്‍.നായര്‍, ക്രൈംബ്രാഞ്ച് എസ്പി ആര്‍. മഹേഷ്. എരുമേലിയില്‍ എസ്പി റജി ജേക്കബ്, എസ്പി ജയനാഥ് ഐപിഎസ്.
ആകെ നാലുഘട്ടങ്ങളിലായാണ് ശബരിമലയില്‍ സുരക്ഷ ഒരുക്കിയിരിക്കുന്നത്. നവംബര്‍ 15 മുതല്‍ 30 വരെയുളള ഒന്നാം ഘട്ടത്തില്‍ 3,450 പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെയുളള രണ്ടാം ഘട്ടത്തില്‍ 3,400 പോലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷയ്ക്കുണ്ട്.
ഡിസംബര്‍ 14 മുതല്‍ 29 വരെയുളള മൂന്നാം ഘട്ടത്തില്‍ 4,026 പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടാകും. ഇവരില്‍ 230 പേര്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്. 389 എസ്ഐമാരും 90 സിഐമാരും 29 ഡിവൈഎസ്പിമാരും ഡ്യൂട്ടിയിലുണ്ടാകും. ഡിസംബര്‍ 29 മുതല്‍ ജനുവരി 16 വരെയുളള നാലാം ഘട്ടത്തില്‍ 4,383 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.ഇവരില്‍ 230 പേര്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്. കൂടാതെ 400 എസ്ഐമാരും 95സിഐമാരും 34 ഡിവൈഎസ്പിമാരും ഡ്യൂട്ടിയിലുണ്ടാകും. ആകെ 15,259 പോലീസ് ഉദ്യോഗസ്ഥരെയാണ് തീര്‍ത്ഥാടനകാലത്ത് ശബരിമലയിലും പരിസരത്തുമായി നിയോഗിച്ചിട്ടുളളത്.