വൈദ്യുതി നിരക്ക് വര്‍ധന ഈ മാസം?; ബോര്‍ഡിനോട് കമ്മീഷന്‍ വിശദീകരണം തേടി 

വൈദ്യുതി നിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെട്ട് ബോര്‍ഡ് നല്‍കിയ അപേക്ഷയില്‍ പൊരുത്തക്കേടുകള്‍ ഉളളതായി ആക്ഷേപം
വൈദ്യുതി നിരക്ക് വര്‍ധന ഈ മാസം?; ബോര്‍ഡിനോട് കമ്മീഷന്‍ വിശദീകരണം തേടി 

തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെട്ട് ബോര്‍ഡ് നല്‍കിയ അപേക്ഷയില്‍ പൊരുത്തക്കേടുകള്‍ ഉളളതായി ആക്ഷേപം. ഉപയോക്താക്കളുടെ വാദത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ റെഗുലേറ്ററി കമ്മീഷന്‍ വൈദ്യൂതി ബോര്‍ഡിനോട് കൂടുതല്‍ വിശദീകരണം തേടി.  ഇതു ലഭിക്കുന്ന മുറയ്ക്ക് ഈ മാസം അവസാനമോ അടുത്ത മാസമോ നിരക്കു വര്‍ധിപ്പിച്ച് ഉത്തരവിറക്കും. അടുത്ത മാസം നിരക്കു വര്‍ധന പ്രാബല്യത്തില്‍ വരും.

വൈദ്യുതി നിരക്കു കാര്യമായ തോതില്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു ബോര്‍ഡ് സമര്‍പ്പിച്ച അപേക്ഷയിലെ കണക്കുകളില്‍ പല പൊരുത്തക്കേടുമുണ്ടെന്നാണ് ഉപയോക്താക്കളുടെ പ്രതിനിധികള്‍ കമ്മിഷന്‍ മുമ്പാകെ വാദിച്ചത്. പല കാര്യങ്ങളും ബോര്‍ഡ് മറച്ചുവച്ചെന്നും ആക്ഷേപമുയര്‍ന്നു.  റഗുലേറ്ററി കമ്മിഷന്‍ നടത്തിയ ഹിയറിങ് ഇന്നലെയാണു പൂര്‍ത്തിയായത്.

ഉപയോക്താക്കളുടെ വാദത്തില്‍ കഴമ്പുള്ളതിനാലാണു ബോര്‍ഡിനോടു കമ്മിഷന്‍ കൂടുതല്‍ വിശദാംശം തേടിയത്. അതു പഠിച്ച ശേഷം ന്യായമായ നിരക്കുവര്‍ധന അനുവദിക്കാനേ സാധ്യതയുള്ളൂ. നാലു വര്‍ഷത്തെ വൈദ്യുതി നിരക്കുകള്‍ ഒന്നിച്ചു പ്രഖ്യാപിക്കാനാണു കമ്മിഷന്‍ ആലോചിക്കുന്നത്. കോഴിക്കോട്, കൊച്ചി, കട്ടപ്പന, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കമ്മിഷന്‍ നടത്തിയ ഹിയറിങ്ങില്‍ ബോര്‍ഡിന്റെ നിലപാടിനെതിരെ ഉപയോക്താക്കള്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. നിരക്കു വര്‍ധനയില്‍ അപാകത സംഭവിച്ചാല്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെടാമെന്നതിനാല്‍  സൂക്ഷ്മമായി കണക്കുകള്‍ പരിശോധിച്ചിട്ടേ  ഉത്തരവ് ഇറക്കാന്‍ സാധ്യതയുള്ളൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com