സബ്‌സിഡി ഇനങ്ങള്‍ക്ക് 60 ശതമാനം വരെ വിലക്കുറവ്; വില പിടിച്ചുനിര്‍ത്താന്‍ ക്രിസ്മസ് നവവത്സര വിപണിയുമായി സപ്ലൈകോയും കണ്‍സ്യൂമര്‍ ഫെഡും

ക്രിസ്മസ് നവവത്സര സീസണില്‍ പൊതുകമ്പോളത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ലക്ഷ്യമിട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രത്യേക വിപണികള്‍ തുറക്കുന്നു
സബ്‌സിഡി ഇനങ്ങള്‍ക്ക് 60 ശതമാനം വരെ വിലക്കുറവ്; വില പിടിച്ചുനിര്‍ത്താന്‍ ക്രിസ്മസ് നവവത്സര വിപണിയുമായി സപ്ലൈകോയും കണ്‍സ്യൂമര്‍ ഫെഡും

കൊച്ചി: ക്രിസ്മസ് നവവത്സര സീസണില്‍ പൊതുകമ്പോളത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ലക്ഷ്യമിട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രത്യേക വിപണികള്‍ തുറക്കുന്നു. പ്രളയാനന്തര കാലമാണ് എന്നതുകൂടി കണക്കിലെടുത്ത് സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കാനുള്ള സംവിധാനങ്ങളാണ് ഒരുക്കുന്നത്. ക്രിസ്മസ് പ്രമാണിച്ച് സപ്ലൈകോ 1600 വിപണികളും കണ്‍സ്യൂമര്‍ഫെഡ് 600 ക്രിസ്മസ് നവവത്സര വിപണികളും തുറക്കുമെന്ന് സപ്ലൈകോ മാനേജിങ് ഡയറക്ടര്‍ എം എസ് ജയയും കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബും പറഞ്ഞു.

സപ്ലൈകോ ക്രിസ്മസ് വിപണികള്‍ 14 മുതല്‍ 24 വരെയും കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ് നവവത്സര വിപണികള്‍ 21 മുതല്‍ ജനുവരി ഒന്നുവരെയുമാണ് തുറക്കുക. 13 ഇനം സബ്‌സിഡി ഇനങ്ങളും രണ്ടു ഡസനോളം നോണ്‍ സബ്‌സിഡി ഇനങ്ങളും വിപണികളിലുണ്ടാവും. സബ്‌സിഡി ഇനങ്ങള്‍ക്ക് 30 മുതല്‍ 60 ശതമാനം വരെയും നോണ്‍ സബ്‌സിഡി ഇനങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെയും പൊതുകമ്പോളത്തേക്കാള്‍ വിലക്കുറവ് സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് വിപണികളില്‍ ഉണ്ടാവുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

സപ്ലൈകോ ക്രിസ്മസ് സ്‌പെഷ്യലായി ഇക്കുറി ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഏഴു കിലോ വീതം അരി സൗജന്യമായി നല്‍കും. കണ്‍സ്യൂമര്‍ഫെഡിന്റെയും സപ്ലൈകോയുടെയും ക്രിസ്മസ് വിപണിയില്‍ സ്‌പെഷ്യല്‍ ഇനങ്ങളായി കേക്കും  ഉണ്ടാകും. 750 ഗ്രാമിന്റെയും 350 ഗ്രാമിന്റെയും പ്ലം കേക്കുകള്‍ക്ക് പൊതു കമ്പോളത്തേക്കാള്‍ 30 ശതമാനം വിലക്കുറവുണ്ടാകും.

ആറ് കോര്‍പറേഷന്‍ ആസ്ഥാനങ്ങളില്‍ സപ്ലൈകോ മെഗാമേളകളും ഉണ്ടാകും. കണ്‍സ്യൂമര്‍ഫെഡിന്റെ കീഴില്‍ 260 ത്രിവേണി ഷോപ്പുകളും ഓരോ നിയോജക മണ്ഡങ്ങളിലും ജില്ലാ ആസ്ഥാനത്തും സ്‌പെഷ്യല്‍ വിപണികളും തുറക്കും. കാര്‍ഡൊന്നിന് അഞ്ചു കിലോ അരി, രണ്ടു കിലോ പച്ചരി, ഒരു കിലോ പഞ്ചസാര, ഒരു ലിറ്റര്‍ വെളിച്ചെണ്ണ, അര കിലോ വീതം പല വ്യഞ്ജനങ്ങള്‍ എന്നിങ്ങനെയാണ് സബ്‌സിഡി ഇനങ്ങളായി നല്‍കുക.

മട്ട , കുറുവ, ജയ അരികള്‍,  പച്ചരി, പഞ്ചസാര, വെളിച്ചെണ്ണ,  ചെറുപയര്‍, വന്‍പയര്‍, തുവരപ്പരിപ്പ്,  കടല,  ഉഴുന്ന്, മുളക്, മല്ലി എന്നിയവാണ്  സബ്‌സിഡി ഇനങ്ങള്‍. വില അന്തിമമായി നിശ്ചയിക്കുന്നതേയുള്ളൂ. എങ്കിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടില്ലെന്ന് അധികൃതര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com